Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗുരുവായൂർ ദേവസ്വം ഭരണസമിതിക്കെതിരെ ഹിന്ദു ഐക്യവേദി ചാവക്കാട് താലൂക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു

18 Sep 2024 19:30 IST

MUKUNDAN

Share News :

ഗുരുവായൂർ:വിശ്വപ്രസിദ്ധമായ ഗുരുവായൂർ ക്ഷേത്രവും,ക്ഷേത്ര സങ്കേതവും ആചാര അനുഷ്ഠാനങ്ങൾ,ഉത്സവാദികൾ എന്നിവ കൊണ്ട് പുണ്യവും പവിത്രവും ഹൈന്ദവ വിശ്വാസികളുടെ ആശ്രയകേന്ദ്രവും ആണ്.ആ ക്ഷേത്ര അന്തരീക്ഷത്തെ കളങ്കപ്പെടുത്തുന്ന വിധത്തിൽ നിരവധി പ്രവൃത്തികൾ നടക്കുമ്പോൾ ക്ഷേത്രസംരക്ഷകരായ ദേവസ്വം ഭരണസമിതി നോക്കുകുത്തിയായി മാറുന്നത് വിശ്വാസികളിൽ വലിയ ആശങ്കയും,ഭയവും ഉളവാക്കുന്നുണ്ട്.ഗുരുവായൂർ ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ള പാഞ്ചജന്യം കെട്ടിടത്തിൽ മാംസം പാകം ചെയ്തത് അന്യസംസ്ഥാന തൊഴിലാളികളാണ് എന്ന് പറഞ്ഞ് ദേവസ്വം ഭരണസമിതി ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞുമാറാൻ ശ്രമിക്കുന്നത് ഉചിതമല്ല.അഷ്ടമിരോഹിണി ദിവസം ക്ഷേത്രാങ്കണത്തിൽ വെച്ച് കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിച്ചതിനെതിരെയും ദേവസ്വം ബോർഡ് നടപടി എടുത്തില്ല.ക്ഷേത്ര സുരക്ഷ ഒരുക്കേണ്ടത് സർക്കാരിന്റെ കടമയാണ്.ഗുരുവായൂർ ക്ഷേത്രം മൂലം ഗുരുവായൂർ നഗരവും, ചുറ്റുപാടുമുള്ള പ്രദേശങ്ങളിൽ നിന്നും നികുതി ഇനത്തിലും മറ്റും സർക്കാരിന് ഓരോ വർഷവും ലഭിക്കുന്ന റവന്യൂ വരുമാനം ശതകോടികളാണ്.ആഭ്യന്തര വകുപ്പിനും,മറ്റ് സർക്കാർ വകുപ്പുകൾക്കും ആവശ്യമായ സ്ഥലവും,കെട്ടിടവും കണ്ടെത്തേണ്ടത് സർക്കാരിന്റെ ചുമതലയാണ് എന്നിരിക്കെ ക്ഷേത്ര ഭൂമിയും,ക്ഷേത്ര സ്വത്തും അത്തരം ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്നത് ക്ഷേത്ര വിരുദ്ധം തന്നെ ആണ്.ഗുരുവായൂർ ദേവസ്വത്തിൽ നിന്നും 10 കോടി രൂപ സർക്കാരിന്റെ ദുരിതാശ്വാസ നിധിയിലക്ക് നൽകിയത് തെറ്റാണെന്നും,തിരിച്ച് നൽകണമെന്നും ഹൈക്കോടതി വിധി ഉണ്ടായിട്ടും കോടതി വിധിക്കെതിരെ സൂപ്രീം കോടതിയിൽ അപ്പീൽ നൽകി ദേവസ്വത്തിന്റെ ദശലക്ഷങ്ങൾ കോടതി കേസ് വകയിൽ ചിലവഴിച്ച ദേവസ്വം നടപടി നിന്ദ്യവും,സത്യപ്രതിജ്ഞാ വിരുദ്ധവും ആണ്.കഴിഞ്ഞ ചില വർഷങ്ങൾക്കകം ക്ഷേത്ര ചുറ്റമ്പലത്തിനകത്ത് ജീവനക്കാർ തമ്മിലും മറ്റും തന്നെ നടന്ന അടിപിടികൾ നിരവധിയാണ്.അവിടെയും അക്രമകാരികൾക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കുന്നതിന് പകരം അവരുടെ രാഷ്ട്രീയം നോക്കി കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് ദേവസ്വം ഭരണസമിതി സ്വീകരിക്കുന്നത്.ക്ഷേത്ര സങ്കേതത്തിൽ ദേവസ്വം മുറികൾ ബിനാമി പേരിൽ വാടകക്കെടുത്ത് അന്യമതത്തിൽപ്പെട്ട ആളുകൾ കച്ചവടം നടത്തുന്നത് ക്ഷേത്രത്തിനും,വിശ്വാസികൾക്കും ഭീഷണിയാണ്.ഇതറിഞ്ഞിട്ടും ക്ഷേത്ര സങ്കേതത്തെ തീവ്രവാദം,മദ്യം,മയക്കുമരുന്ന് എന്നീ സാമൂഹ്യ വിരുദ്ധ പ്രവർത്തനങളുടെ കേന്ദ്രമാക്കി മാറ്റുന്നതിനെതിരെ ദേവസ്വം ഭരണസമിതി കണ്ണടക്കുന്നത് ഹീനവും,കുറ്റകരവുമാണ്.ക്ഷേത്രം,ക്ഷേത്ര ധർമ്മം,ക്ഷേത്ര സംസ്കാരം,ക്ഷേത്ര വിശ്വാസം എന്നിവയുടെ സംരക്ഷണത്തിനും,പ്രചരണത്തിനും ക്ഷേത്രത്തിലേക്ക് വരുന്ന ഭക്ത ജനങ്ങൾക്ക് വേണ്ട സൗകര്യം ഒരുക്കുന്നതിനും ഹിന്ദു വിശ്വാസികൾക്കുള്ള സേവനത്തിനും അല്ലാതെ ക്ഷേത്ര സ്വത്ത് ഉപയോഗിക്കില്ല എന്ന് പ്രതിജ്ഞ എടുത്ത ദേവസ്വം ഭരണസമിതി സത്യപ്രതിജ്ഞാ ലംഘനം നടത്തി.ദേവസ്വം നിയമങ്ങൾക്ക് എതിരെ പ്രവർത്തിക്കുന്നത് ഭക്ത ജനങ്ങൾക്കും,ഹൈന്ദവ സംഘടനകൾക്കും ദേവസ്വം ഭരണസമിതിയിലുള്ള വിശ്വാസം നഷ്ടപ്പെടുത്തിയിരിക്കുന്നു.ക്ഷേത്ര വിരുദ്ധ നിലപാടുകളിൽ നിന്നും ഗുരുവായൂർ ദേവസ്വം ബോർഡ് പിൻമാറാത്ത പക്ഷം ഭക്തജനങ്ങൾ,ഹിന്ദു സംഘടനകൾ,സന്യാസി ശ്രേഷ്ഠർ എന്നിവരെ ഏകോപിപ്പിച്ച് നിയമനടപടികളും,ജനകീയ പ്രക്ഷോഭവുമായി ഹിന്ദുഐക്യവേദി മുന്നോട്ട് പോകുമെന്ന് മുന്നറിയിപ്പ് നൽകി.പ്രതിഷേധ മാർച്ച് തൃപ്രയാർ കപിലാശ്രമം മഠാധിപതി ബ്രഹ്മശ്രീ തേജസ്വരൂപാനന്ദ സ്വാമികൾ ഉദ്ഘാടനം ചെയ്തു.ഹിന്ദു ഐക്യവേദി ചാവക്കാട് താലൂക്ക് പ്രസിഡന്റ് സോമൻ തിരുനെല്ലൂർ അധ്യക്ഷത വഹിച്ചു.താലൂക്ക് ജനറൽ സെക്രട്ടറി കെ.പി.മണികണ്ഠൻ ഏങ്ങണ്ടിയൂർ സ്വാഗതം പറഞ്ഞു.ഹിന്ദുഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി പി.സുധാകരൻ മുഖ്യപ്രഭാഷണം നടത്തി.ക്ഷേത്ര സംരക്ഷണ സമിതി താലൂക്ക് സെക്രട്ടറി വത്സൻ പുന്നയൂർ,ഹിന്ദുഐക്യവേദി ജില്ലാ പ്രസിഡന്റ് വി.മുരളീധരൻ,ജനറൽ സെക്രട്ടറിമാരായ പ്രസാദ് കാക്കശ്ശേരി, സി.ബി.പ്രദീപ് കുമാർ എന്നിവർ സംസാരിച്ചു.തുടർന്ന് നടന്ന പ്രകടനത്തിന് ഹിന്ദുഐക്യവേദി ജില്ലാ ഭാരവാഹികളായ ശശി ആനകോട്ടിൽ,ഹരിമുള്ളൂർ,കെ.കെ.മുരളീധരൻ,പി.എൻ.അശോകൻ,താലൂക്ക് ഭാരവാഹികളായ അനിൽ തളിക്കുളം,സുനിൽ കൗക്കാനപെട്ടി എന്നിവർ നേതൃത്വം നൽകി.

   



Follow us on :

More in Related News