03 Aug 2024 21:25 IST
- MUKUNDAN
Share News :
ഗുരുവായൂർ:സംസ്ഥാനത്തിലെ നിരവധി പോലീസ് സ്റ്റേഷൻ പരിധികളിൽ അമ്പല മോഷണ കേസുകളിൽ പ്രതിയായ "ഭണ്ഡാരം സജീഷ് " എന്ന് വിളിക്കുന്ന സജീഷ്(43)നെ ഗുരുവായൂർ എസ്എച്ച്ഒ സി.പ്രേമാനന്ദകൃഷ്ണൻ അറസ്റ്റ് ചെയ്തു.കഴിഞ്ഞ മാസം 24-ആം തിയ്യതി തമ്പുരാൻപടി ആലിക്കൽ ബ്രഹ്മ രക്ഷസ്സ് ക്ഷേത്രത്തിൽ നടന്ന മോഷണത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.സംഭവത്തിന് ശേഷം കർണാടകയിലും,സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിലുമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി വയനാട് സുൽത്താൻ ബത്തേരിയിൽ ഒളിവിൽ കഴിയുന്നുണ്ടെന്ന് തൃശൂർ സിറ്റി ജില്ലാ പോലീസ് മേധാവി ആർ.ഇളങ്കോവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഗുരുവായൂർ എസിപി ടി.എസ്.സിനോജിന്റെ നിർദേശാനുസരണം തൃശൂർ സിറ്റി സ്‌ക്വാഡും,ഗുരുവായൂർ പോലീസും ചേർന്ന് സുൽത്താൻ ബത്തേരി പോലീസിന്റെ സഹായത്താൽ അറസ്റ്റ് ചെയ്തത്.സ്വകാര്യ ലോഡ്ജിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ അറസ്റ്റ് ചെയ്യാൻ ശ്രമിക്കുമ്പോൾ ലോഡ്ജിന്റെ രണ്ടാം നിലയിലുള്ള റൂമിന്റെ ജനൽ ചില്ല് തകർത്ത് ചാടി രക്ഷപെടാൻ ശ്രമിക്കുകയും,തുടർന്ന് പോലീസ് പിന്തുടർന്ന് വളരെ സാഹസിയമായി കീഴ്പ്പെടുത്തിയത്.കഴിഞ്ഞ ജൂൺ മാസം അവസാനം തവനൂർ ജയിലിൽ നിന്നും ഒരു മോഷണ കേസിൽ ശിക്ഷ കഴിഞ്ഞുപുറത്തിറങ്ങിയ പ്രതി മലപ്പുറം തേഞ്ഞിപ്പാലത്ത് നിന്നും ഒരു സ്കൂട്ടർ മോഷ്ടിക്കുകയും,പിന്നീട് സ്കൂട്ടറിൽ സഞ്ചരിച്ചാണ് മോഷണം നടത്തിയിരുന്നത്.ജയിലിൽ നിന്നും പുറത്തിറങ്ങിയ ഈ ചുരുങ്ങിയ ദിവസം കൊണ്ട് തൃശൂർ ജില്ലയിലെ വടക്കേകാട്,ഗുരുവായുർ,കുന്നംകുളം സ്റ്റേഷൻ പരിധികളിലും കോഴിക്കോട്,മലപ്പുറം എന്നീ ജില്ലയിലെ വിവിധ സ്റ്റേഷൻ പരിധിയിലെ അമ്പലങ്ങളിലും മോഷണം നടത്തിയതായി ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചു.മോഷണം നടത്തി കിട്ടുന്ന പണം ഊട്ടി,മൈസൂർ എന്നിവിടങ്ങളിൽ ആഡംബര ജീവിതം നയിക്കുന്നതിനാണ് പ്രതി ഉപയോഗിച്ചിരുന്നത്.40-ൽ അധികം മോഷണ കേസുകളിൽ പ്രതിയായ സജീഷ് നിരവധി തവണ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.എസ്ഐമാരായ വിജിത്,നന്ദൻ,സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഷുക്കൂർ,കൃഷ്ണപ്രസാദ്,സുമേഷ്,സിപിഒമാരായ സന്ദീഷ്,രാകേഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
Follow us on :
Tags:
More in Related News
Please select your location.