Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അനധികൃതമായി പെന്‍ഷന്‍ വാങ്ങിയവരും നല്‍കിയവരും കുടുങ്ങും; 18 ശതമാനം പിഴ പലിശ ഈടാക്കാന്‍ സര്‍ക്കാര്‍ തീരുമാനം

13 Dec 2024 10:53 IST

Shafeek cn

Share News :

ഗസറ്റഡ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ജീവനക്കാരുടെ സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ തട്ടിപ്പിന് പിന്നാലെ നടപടിയെടുക്കാന്‍ ധനകാര്യവകുപ്പിന്റെ നിര്‍ദേശം. ഉദ്യോഗസ്ഥര്‍ കൈപ്പറ്റിയ പെന്‍ഷന്‍ തുക തിരിച്ചു പിടിക്കാനാണ് നിര്‍ദേശം. 18 ശതമാനം പിഴപലിശ സഹിതം തിരിച്ചു പിടിക്കാനാണ് നിര്‍ദേശം. ഇത് സംബന്ധിച്ച അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് ഉത്തരവ് പുറപ്പെടുവിച്ചു. അനര്‍ഹരായവര്‍ സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ കൈപ്പറ്റുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും ഉത്തരവില്‍ പറയുന്നു. അര്‍ഹമല്ലാത്ത വ്യക്തികള്‍ക്ക് സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍ ലഭിക്കുന്നതിന് സഹായകരമായ രീതിയില്‍ അന്വേഷണവും പരിശോധനയും നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല അച്ചടക്ക നടപടി സ്വീകരിക്കുമെന്നും ഉത്തരവിലുണ്ട്.


കൂടാതെ, സമൂഹത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കും നിരാലംബരായവര്‍ക്കും സര്‍ക്കാര്‍ നല്‍കുന്ന പെന്‍ഷനുകള്‍ അര്‍ഹതപ്പെട്ടവര്‍ക്കെല്ലാം ലഭിക്കുന്നുവെന്ന് ഉറപ്പാക്കുന്നതോടൊപ്പം അനര്‍ഹരായവര്‍ കൈക്കലാക്കുന്നത് തടയേണ്ടതും സര്‍ക്കാരിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് അനിവാര്യമാണെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. വിവിധ വകുപ്പുകളിലെ 1458 ഉദ്യോഗസ്ഥരാണ് അനധികൃതമായി പെന്‍ഷന്‍ വാങ്ങിയത്. അനധികൃതമായി പെന്‍ഷന്‍ കൈപറ്റിയവരില്‍ കോളേജ് അധ്യാപകരും ഉള്‍പ്പെടുന്നു. മൂന്ന് ഹയര്‍ സെക്കന്‍ഡറി അധ്യാപകരും ഇതില്‍ ഉള്‍പ്പെടുന്നു. ഏറ്റവും കൂടുതല്‍ ഉദ്യോഗസ്ഥര്‍ ക്ഷേമപെന്‍ഷന്‍ വാങ്ങുന്നത് ആരോഗ്യവകുപ്പിലാണ്. 373 പേരാണ് ആരോഗ്യവകുപ്പില്‍ ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പില്‍ 224 പേരും മെഡിക്കല്‍ എഡ്യുക്കേഷന്‍ വകുപ്പില്‍ 124 പേരും ആയുര്‍വേദ വകുപ്പില്‍ 114 പേരും മൃഗ സംരക്ഷണ വകുപ്പില്‍ 74 പേരും ക്ഷേമപെന്‍ഷന്‍ വാങ്ങുന്നുണ്ട്.


പെതുമരാമത്ത് വകുപ്പില്‍ 47, സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ 46, ഹോമിയോപ്പതി വകുപ്പില്‍ 41, കൃഷി, റവന്യു വകുപ്പുകളില്‍ 35, ജുഡീഷ്യറി ആന്‍ഡ് സോഷ്യല്‍ ജസ്റ്റിസ് വകുപ്പില്‍ 34, ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസ് വകുപ്പില്‍ 31, കോളേജിയറ്റ് എഡ്യുക്കേഷന്‍ വകുപ്പില്‍ 27, ഹോമിയോപ്പതിയില്‍ 25 എന്നിങ്ങനെ ജീവനക്കാര്‍ ക്ഷേമ പെന്‍ഷന്‍ കൈപ്പറ്റുന്നതായാണ് വിവരം. ധനവകുപ്പ് നിര്‍ദേശ പ്രകാരം ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്.

Follow us on :

More in Related News