Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Jan 2025 11:52 IST
Share News :
തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ ഗോപൻ സ്വാമിയുടെ വിവാദ സമാധി പൊളിച്ചു. കല്ലറയിൽ മൃതദേഹം കണ്ടെത്തി. ഇരിക്കുന്ന രീതിയിലാണ് മൃതദേഹം ഉള്ളത്. വായ തുറന്ന നിലയിലാണ്. വായില്‍ ഭസ്മവും മൃതദേഹത്തിന്റെ നെഞ്ചു വരെ പൂജാദ്രവ്യങ്ങള്‍ നിറച്ചിട്ടുമുണ്ട്. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റും. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മാത്രമേ മരണകാരണം അടക്കമുള്ള കാര്യങ്ങള്‍ വെളിപ്പെടൂ.
അതേസമയം, മൃതദേഹം ഗോപൻ സ്വാമിയുടേതാണോ എന്നത് ശാസ്ത്രീയമായ പരിശോധനയിൽ മാത്രമേ കണ്ടെത്താനാവൂ. ഭസ്മവും പൂജാദ്രവ്യങ്ങളും വസ്ത്രങ്ങളും കല്ലറയിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ കുടുംബത്തിൻ്റെ മൊഴി ശരിവെക്കുന്ന രീതിയിലാണ് മൃതദേഹം ഉള്ളതെന്നാണ് വിവരം. കല്ലറയുടെ മുകളിലത്തെ സ്ലാബ് മാത്രമാണ് നീക്കിയത്. നെഞ്ചു വരെ പൂജാസാധനങ്ങൾ നിറച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
കല്ലറ പൊളിക്കാൻ പൊലീസും സംഘവും സ്ഥലത്തെത്തിയപ്പോൾ കുടുംബാംഗങ്ങൾ പ്രതിഷേധിക്കുകയോ സംസാരിക്കുകയോ ചെയ്തില്ല. സബ് കളക്ടർ സ്ഥലത്തെത്തി കുടുംബാംഗങ്ങളോട് സംസാരിച്ച ശേഷമാണ് കല്ലറ പൊളിച്ചത്. കഴിഞ്ഞ ദിവസം പ്രതിഷേധം ഉയർന്നതിനെ തുടർന്ന് വൻ പൊലീസ് സന്നാഹമാണ് സ്ഥലത്ത് ഉണ്ടായിരുന്നത്.
കളക്ടറുടെ ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ രണ്ടു ദിവസം മുമ്പ് കല്ലറ പൊളിക്കാൻ ശ്രമിച്ചെങ്കിലും പ്രതിഷേധത്തെ തുടർന്ന് പിൻമാറിയിരുന്നു. ഗോപൻ സ്വാമിയെ കാണാനില്ലെന്ന കേസിൽ അന്വേഷണം നടത്തുന്ന പൊലീസിന് കല്ലറ തുറന്ന് പരിശോധിക്കുന്നതിൽ തടസമില്ലെന്നായിരുന്നു കോടതി നിരീക്ഷണം. തുടർന്നാണ് പൊലീസ് അന്വേഷണവുമായി മുന്നോട്ട് പോവാൻ തീരുമാനിച്ചത്.
ഗോപൻ സ്വാമിയുടെ സമാധി വിവാദത്തിൽ ഇന്നലെ നിർണായക ചോദ്യങ്ങളാണ് ഹൈക്കോടതി ഉയർത്തിയത്. മരണ സർട്ടിഫിക്കറ്റ് എവിടെയെന്ന് കോടതി ചോദിച്ചു. മരണ സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ അസ്വഭാവിക മരണമാണെന്ന നിഗമനത്തിലേക്ക് കോടതിക്ക് എത്തേണ്ടിവരുമെന്നും മരണ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ നിങ്ങളുടെ വാദം പരിഗണിക്കാമെന്നും കോടതി പറഞ്ഞിരുന്നു. കുടുംബത്തിൻ്റെ ഹർജി പരിഗണിക്കുന്നതിനിടയിലാണ് കോടതിയുടെ ചോദ്യം.
കോടതിയെ മാനിക്കുന്നു. പക്ഷേ, ഈ ഘട്ടത്തിൽ കോടതി നിലപാട് അംഗീകരിക്കാനാകില്ല. സമാധിയായതിന്റെ പടങ്ങൾ എടുത്ത് വെച്ചിട്ടില്ല. സമാധിയാകുന്ന ദിവസം മക്കൾ തന്നെ ചടങ്ങുകൾ പൂർത്തിയാക്കണമെന്ന് അച്ഛൻ പറഞ്ഞിരുന്നു. ഹിന്ദു ആചാരമനുസരിച്ച് അച്ഛന്റെ വാക്കുകൾ മക്കൾ നിറവേറ്റിയതാണെന്നും സനന്ദൻ പറഞ്ഞു. കല്ലറയ്ക്ക് സമീപം മകൻ രാജസേനൻ പൂജ നടത്തുന്നതും ദിവസങ്ങളായി മുടക്കിയിരുന്നില്ല.
Follow us on :
Tags:
More in Related News
Please select your location.