Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗാന്ധിജയന്തി ദിനത്തില്‍ ഗാന്ധി പ്രതിമയോട് അനാദരവ്; തൊടുപുഴ നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ബഹളം

04 Oct 2024 18:07 IST

- ജേർണലിസ്റ്റ്

Share News :



തൊടുപുഴ: ഗാന്ധി ജയന്തി ദിനത്തില്‍ ഗാന്ധി പ്രതിമയോട് അനാദരവ് കാട്ടിയെന്നാരോപിച്ചും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി അനധികൃത വഴിയോരക്കച്ചവടങ്ങള്‍ വ്യാപകമാകുന്നതിനെതിരെയും നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ വാക്കേറ്റവും പ്രതിഷേധവും. ഗാന്ധി ജയന്തിയോടനുബന്ധിച്ച് തൊടുപുഴ നഗരമധ്യത്തില്‍ സ്ഥാപിച്ചിരിക്കുന്ന പ്രതിമ നഗരസഭാ ജീവനക്കാര്‍ വൃത്തിയാക്കുകയോ ഭരണ സമിതിയുടെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചന നടത്തുകയോ ചെയ്യാത്തത് വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു. യു.ഡി.എഫ് അംഗങ്ങളായ കെ.ദീപക്, ജോസഫ് ജോണ്‍ എന്നിവരാണ് കൗണ്‍സില്‍ യോഗം തുടങ്ങിയ ഉടന്‍ തന്നെ വിഷയം ഉന്നയിച്ച് പ്രതിഷേധവുമായി ആദ്യം രംഗത്തെത്തിയത്. കുറ്റം ഏറ്റെടുത്ത് നഗരസഭ ചെയര്‍പേഴ്സണും വൈസ് ചെയര്‍പേഴ്സണും മാപ്പു പറയണമെന്നും ഇരുവരും ആവശ്യപ്പെട്ടു. എന്നാല്‍ സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം എന്നി ദിവസങ്ങളിലാണ് ഗാന്ധി പ്രതിമ വൃത്തിയാക്കി പുഷ്പാര്‍ച്ചന നടത്തുന്നതെന്നും നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരാണ് ഇത് ചെയ്യേണ്ടതെന്നും വൈസ് ചെയര്‍പേഴ്സണ്‍ പ്രൊഫ.ജെസി ആന്റണി മറുപടി പറഞ്ഞത് യു.ഡി.എഫ് അംഗങ്ങളെ പ്രകോപിതരാക്കി. തുടര്‍ന്ന് വൈസ് ചെയര്‍പേഴ്സണും അംഗങ്ങളും തമ്മില്‍ വലിയ വാഗ്വാദം നടന്നു. ഒടുവില്‍ നഗരസഭയ്ക്ക് തെറ്റു സംഭവിച്ചതായും ഇനി ഉണ്ടാവില്ലെന്നും ചെയര്‍പേഴ്സണ്‍ സബീന ബിഞ്ചു അറിയിച്ചതോടെയാണ് ഇതെച്ചൊല്ലിയുള്ള ബഹളം ശമിച്ചത്.


വഴിയോരക്കച്ചവടം തകൃതി; നടപടിയെടുക്കാത്തതും ബഹളത്തിനിടയാക്കി

പൊതുജനങ്ങള്‍ക്ക് ബുദ്ധിമിട്ടുണ്ടാക്കും വിധം യാതൊരു നിയന്ത്രണവുമില്ലാതെ നഗരത്തിന്റെ പ്രധാന ഭാഗങ്ങളിലെല്ലാം അനധികൃത വഴിയോരക്കച്ചവടം വ്യാപകമായിട്ടും അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി യു.ഡി.എഫ് - ബി.ജെ.പി കൗണ്‍സിലര്‍മാര്‍ പ്രതിഷേധിച്ചു. കാഞ്ഞിരമറ്റം ജംഗ്ഷനില്‍ നടത്തുന്ന തട്ടുകടയെ സംബന്ധിച്ച് ബി.ജെ.പി അംഗം പി.ജി.രാജശേഖരനാണ് ആദ്യം വിഷയം അവതരിപ്പിച്ചത്. ഇവിടെ തട്ടുകട നടത്താന്‍ അനുമതിയുള്ള വ്യക്തി മറ്റൊരാള്‍ക്ക് മറിച്ച് നല്‍കിയെന്നും ഇവര്‍ അനധികൃത വ്യാപാരം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ഇതിന് നടപടിയെടുക്കാതെ നഗരസഭ ആരോഗ്യ വിഭാഗം സമീപത്തെ കടകളില്‍ പരിശോധന നടത്തി അവരെ ദ്രോഹിക്കുകയാണെന്നും ചൂണ്ടിക്കാട്ടി കൗണ്‍സില്‍ ഹാളിലെ നടുത്തളത്തില്‍ കുത്തിയിരുന്നു പ്രതിഷേധിക്കുകയും ചെയ്തു. ഇതിനു പുറമെ മുന്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജും യു.ഡി.എഫ് കൗണ്‍സിലര്‍മാരും വിഷയം ചൂണ്ടിക്കാട്ടി രംഗത്തെത്തിയതോടെ കൗണ്‍സിലില്‍ ബഹളമായി. നഗരത്തില്‍ വ്യാപകമായി സ്ഥലം കൈയേറി വഴിയോരക്കടകള്‍ വ്യാപകമാകുകയാണെന്ന് കൗണ്‍സിലര്‍ ജോസഫ് ജോണ്‍ പറഞ്ഞു. യാതൊരു നിയന്ത്രണവും ഇതിലില്ല. നടപടിയെടുക്കേണ്ട അധികൃതര്‍ മൗനം പാലിക്കുന്നുവെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടി. 200 പേരാണ് നഗരത്തില്‍ വഴിയോരക്കച്ചവടം നടത്തുന്നതെന്ന് സനീഷ് ജോര്‍ജ് പറഞ്ഞു. ഇവരുടെ കാര്യത്തില്‍ കൗണ്‍സില്‍ അംഗീകാരം നല്‍കിയെങ്കിലും തുടര്‍ നടപടികളുണ്ടായില്ല. ഇപ്പോള്‍ മുമ്പുണ്ടായിരുന്നതിനെക്കാള്‍ കൂടുതല്‍ പേര്‍ വീണ്ടും വിവിധ ഭാഗങ്ങളില്‍ കച്ചവടം തുടങ്ങി. അധധികൃത കടകള്‍ കണ്ടെത്തി ശക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പട്ടു. കച്ചവട നിരോധിത മേഖലയില്‍ പോലും വഴിയോരക്കച്ചവടക്കാര്‍ കൂടുന്നതായി ബി.ജെ.പി കൗണ്‍സിലര്‍മാരായ ശ്രീലക്ഷ്മി സുദീപും ജയലക്ഷ്മി ഗോപനും പറഞ്ഞു. പലപ്പോഴും കച്ചവടക്കാര്‍ തമ്മില്‍ വഴക്കും കൈയാങ്കളിയുമാണ്. ഇത്തരം സ്ഥലങ്ങളിലെെേ െകയറ്റങ്ങള്‍ അടിയന്തരമായി ഒഴിപ്പിക്കണം. പലയിടത്തും കടകള്‍ കൈയേറി മറിച്ചുകൊടുക്കുന്നുണ്ടെങ്കില്‍ നടപടി എടുക്കണമെന്നും കൗണ്‍സിലര്‍ നടുത്തളത്തില്‍ പ്രതിഷേധിക്കുന്നത് ഖേദകരമാണെന്നും എല്‍.ഡി.എഫ് കൗണ്‍സിലര്‍ മുഹമ്മദ് അഫ്സലും ചൂണ്ടിക്കാട്ടി. വിഷയത്തില്‍ നടപടി സ്വീകരിക്കുമെന്നും കച്ചവട നിരോധിത മേഖലയിലെ എല്ലാ അനധികൃത കൈയേറ്റങ്ങള്‍ക്കെതിരെയും നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയതായി ചെയര്‍പേഴ്സണ്‍ സബീന ബിഞ്ചു അറിയിച്ചു.

ഒരാഴ്ചയ്ക്കുള്ളില്‍ നോണ്‍ വെന്‍ഡിംഗ് സോണിലിരിക്കുന്ന വഴിയോരക്കച്ചവടക്കാരെ ഒഴിവാക്കുന്നതിനും നഗരസഭ ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന കച്ചവടക്കാരെ നീക്കാനും നിര്‍ദേശം നല്‍കിയതായി ചെയര്‍മാന്‍ അറിയിച്ചു. ഇതിന് ശേഷമാണ് നഗരസഭ കൗണ്‍സില്‍ അജണ്ടയിലേയ്ക്ക് കടന്നത്.





Follow us on :

More in Related News