Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വ്യാജ ആര്‍.സി നിര്‍മ്മാണം: മൂന്ന് പേർ റിമാന്റില്‍....

12 Jul 2024 22:27 IST

Jithu Vijay

Share News :

തിരൂരങ്ങാടി : തിരൂരങ്ങാടി സബ് ആര്‍.ടി ഓഫീസിലെ വ്യാജ ആര്‍.സി കേസില്‍ അറസ്റ്റിലായ മൂന്ന് പേരെയും റിമാന്‍ഡ് ചെയ്തു. വ്യാജ ആര്‍.സി നിര്‍മ്മാണത്തിലെ പ്രധാന കണ്ണിയായ പരപ്പനങ്ങാടി ഉള്ളണം മുണ്ടിയാന്‍കാവ് സ്വദേശി കരുവാടത്ത് നിസാര്‍(37), മിനി സിവില്‍ സ്റ്റേഷന് അടുത്തുള്ള ടാര്‍ജറ്റ് ഓണ്‍ലൈന്‍ ഷോപ്പ് ഉടമയും തിരൂരങ്ങാടി സ്വദേശിയും പെരുവള്ളൂര്‍ കരുവാന്‍കല്ല് പാലന്‍തോടു താമസക്കാരനുമായ നഈം(28), പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി കോട്ടുവാലന്റെ പുരക്കല്‍ ഫൈജാസ് (32) എന്നിവരെയാണ് പരപ്പനങ്ങാടി കോടതി പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. 


വ്യാജ ആര്‍.സി നിര്‍മ്മാണത്തിലെ മുഖ്യകണ്ണിയായ നിസാറിന്റെ സഹായികളാണ് മറ്റു രണ്ട് പേരും. നിസാറിനെ ഉള്ളണത്തെ വീട് പരിസരത്ത് നിന്നും ഓടിച്ചിട്ടാണ് പൊലീസ് പിടികൂടുന്നത്. ഇയാളില്‍ നിന്നും വാഹനം പിടിച്ചെടുത്തു. ഇയാളുടെ മൊഴി പ്രകാരമാണ് നഈമിനെയും ഫൈജാസിനെയും അറസ്റ്റ് ചെയ്തത്. വ്യാജ ആര്‍.സി നിര്‍മ്മാണത്തിന് സഹായിച്ച നഈമിന്റെ ചെമ്മാട്ടേയും ഫൈജാസിന്റെ ചെട്ടിപ്പടിയിലേയും കടകള്‍ പൊലീസ് അടച്ചു പൂട്ടി. വ്യാജ ആര്‍.സി നിര്‍മ്മാണത്തിനായി ഉപയോഗിച്ച രണ്ട് കമ്പ്യൂട്ടറുകളുടെ ഹാര്‍ഡ് ഡിസ്‌കുകളും സ്‌കാനറുകളും പ്രിന്ററുകളും മറ്റു രേഖകളും ആര്‍.സി വ്യാജമായി നിര്‍മ്മിക്കാന്‍ ഉപയോഗിച്ച മറ്റു ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

നിസാറിനെ ചോദ്യം ചെയ്തതില്‍ നിന്നും ആര്‍.ടി.ഓഫീസിലെ ഉദ്യോഗസ്ഥരുടെ പങ്ക് പൊലീസിന് വ്യക്തമായിട്ടുണ്ട്. സംഭവത്തില്‍ ഉദ്യോഗസ്ഥരിലേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്നും ഒരുപാട് വാഹനങ്ങള്‍ ഇത്തരത്തില്‍ മാറ്റിയിട്ടുള്ളതായി സംശയിക്കുന്നതിനായി തിരൂരങ്ങാടി എസ്.എച്ച്.ഒ കെ.ടി ശ്രീനിവാസന്‍ പറഞ്ഞു. 


കഴിഞ്ഞ മാസം 24-നാണ് തിരൂരങ്ങാടി ജോയിന്റ് ആര്‍.ടി.ഒ സി.പി സക്കരിയ്യ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. വ്യാജ ആര്‍.സിക്കെതിരെ ഒരു വാഹനത്തിന്റെ ഉടമ പൊലീസില്‍ പരാതി നല്‍കാനൊരുങ്ങുന്നതറിഞ്ഞ് തന്നെ സംശയിക്കാതിരിക്കാന്‍ ഓഫീസര്‍ നേരത്തെ പരാതി നല്‍കുകയായിരുന്നുവെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. പൊലീസ് കേസെടുക്കാതിരിക്കാനും ഓഫീസിലെ ജീവനക്കാരെയും തന്നെയും സംരക്ഷിക്കുന്നതിന് ചര്‍ച്ചയിലൂടെ പരാതിക്കാരെ സ്വാധീനിക്കാനും ശ്രമങ്ങള്‍ നടന്നീരുന്നു. അതിനിടെയാണ് ജൂലൈ-2 ന് തിരൂരങ്ങാടി മണ്ഡലം മുസ്‌ലിം യൂത്ത്‌ലീഗ് കമ്മിറ്റി പ്രതിഷേധ സമരം നടത്തുന്നത്. ഇതോടെ പോലീസ് കേസെടുക്കാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു. ഈ കേസില്‍ നേരത്തെ ആറ് വാഹനങ്ങള്‍ പിടികൂടിയിരുന്നു. കേസിന്റെ ഭാഗമായി പത്തനംതിട്ട, കോട്ടയം, തശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലെ വിവിധ ഭാഗങ്ങളിലുള്ളവരുടെ വാഹനങ്ങള്‍ക്ക് ഇത്തരത്തില്‍ വ്യാജ ആര്‍.സി നിര്‍മ്മിച്ച് കൈമാറ്റം നടത്തിയിട്ടുണ്ടെന്ന് സി.ഐ പറഞ്ഞു. ഈ കേസിന്റെ വ്യാപ്തി വലുതാണെന്നും കൂടുതല്‍ പ്രതികളും വാഹനങ്ങളും പിടികൂടാനുണ്ടെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു.

Follow us on :

More in Related News