Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പദ്ധതി രൂപീകരണത്തിന് ക്രിയാത്മക നിര്‍ദേശങ്ങളുമായി ജില്ലാതല കൂടിയാലോചനായോഗം

30 Jan 2025 20:32 IST

Jithu Vijay

Share News :

മലപ്പുറം : കാര്‍ഷിക മേഖലയിലും ഗതാഗതരംഗത്തുമുള്‍പ്പെടെ സമഗ്രമായ വികസന പദ്ധതികള്‍ക്ക് ജില്ലാ പദ്ധതിയുടെ ഭാഗമായി രൂപം നല്‍കണമെന്ന് കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ പറഞ്ഞു. ജില്ലാ പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട കൂടിയാലോചനാ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രോഗപ്രതിരോധശേഷിയും പോഷകഗുണങ്ങളുമുള്ള പരമ്പരാഗത വിത്തിനങ്ങള്‍ സംരക്ഷിക്കാനുള്ള പദ്ധതികളുണ്ടാവണം. ജലപാതകള്‍ ഉള്‍പ്പെടെ ഗതാഗതമേഖലയ്ക്ക് ഊന്നല്‍ നല്‍കണമെന്നും കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ പറഞ്ഞു.  


ജില്ലാ ആസൂത്രണ സമിതി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ അധ്യക്ഷത വഹിച്ചു. മുന്‍കാലങ്ങളില്‍ നടപ്പാക്കിയതിന്റെ തുടര്‍ച്ച മാത്രമല്ല, വ്യത്യസ്തമായ പദ്ധതികള്‍ കൂടി ജില്ലാവികസനത്തിന്റെ ഭാഗമായുണ്ടാകണമെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് നിര്‍ദേശിച്ചു. ജില്ലയില്‍ ഒരു സഹകരണ സിറ്റി യാഥാര്‍ഥ്യമാക്കാന്‍ ജില്ലാ ആസൂത്രണത്തില്‍ പദ്ധതി വേണമെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായീല്‍ മൂത്തേടം പറഞ്ഞു. ആരോഗ്യം, വിദ്യാഭ്യാസം, കൃഷി, വ്യവസായം തുടങ്ങിയ മേഖലകളില്‍ നിന്നുള്ള വിദഗ്ധര്‍ തങ്ങളുടെ വികസന കാഴ്ചപ്പാട് യോഗത്തില്‍ അവതരിപ്പിച്ചു. ജില്ലാ കലക്ടര്‍ വി.ആര്‍ വിനോദ്, ജില്ലാപ്ലാനിങ് ഓഫീസര്‍ എ.ഡി ജോസഫ്, ഡി.പി.സി അംഗങ്ങള്‍, വിവിധ മേഖലകളില്‍ നിന്നുള്ള വിദഗ്ധര്‍, വിവിധ വകുപ്പുകളിലെ ജില്ലാ തല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Follow us on :

More in Related News