Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊരട്ടി പള്ളി മുൻ വികാരി ഫാ.ജോസ് ഇടശ്ശേരിയുടെ പരാതി - ഡിസംബർ 28 ന് മുമ്പ് പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കണം :കോടതി

14 Oct 2024 21:47 IST

- WILSON MECHERY

Share News :


കൊരട്ടി:

കൊരട്ടി സെന്റ് മേരീസ് ഫൊറോന പള്ളി മുൻ വികാരി ഫാ.ജോസ് ഇടശ്ശേരി കബളിപ്പിക്കപ്പെട്ട സാമ്പത്തിക വഞ്ചനാ കേസിൽ ഡിസംബർ 28 ന് മുമ്പ് കൊരട്ടി പോലീസിനോട് പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ചാലക്കുടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്റ്റേറ്റ് ഉത്തരവിട്ടു. ഫാ ജോസ് ഇടശ്ശേരി അഡ്വ.സജി റാഫേൽ ടി മുഖേന സമർപ്പിച്ച സ്വകാര്യ അന്യായത്തിന്മേലാണ് കോടതി ഉത്തരവ്. അഗ്രിക്കൾച്ചറൽ സൊസൈറ്റി ചീഫ് മാനേജർ എന്ന വ്യാജേന തെറ്റായ വാഗ്ദാനങ്ങൾ നൽകി ഷാജി തോമസ് ( സൗത്ത് പെലെ പി.ഒ, തട്ടാര മ്പലം, മാവേലിക്കര, ആലപ്പുഴ ജില്ല) എന്ന വ്യക്തി തന്നെ കബളിപ്പിച്ചുവെന്നതാണ് ഫാ.ജോസ് ഇടശ്ശേരിയുടെ പരാതി.

 പ്രതി സൊസൈറ്റിയുടെ ചിഫ് മാനേജർ ആണെന്നും തൻ്റെ സ്ഥാപനത്തിന് കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ അംഗീകാരം ഉണ്ടെന്നും സ്ഥാപനത്തിന്റെ നാഷണൽ ഓഫീസ് ഡൽഹിയിലും, റീജണൽ ഓഫീസ് തിരുവനന്തപുരത്തും ഇൻഫർമേഷൻ ഓഫീസ് ഗുരുവായൂരും, റീട്ടെയിൽ ഓഫീസ് കടവന്ത്രയിലും ആണെന്ന് പറയുകയും ഉണ്ടായതായി പരാതിയിൽ പറയുന്നു.  കൂടാതെ കൃഷി സംബന്ധമായ കാര്യങ്ങളെ പ്രോത്സാഹിപ്പിക്കുകയും, ആയതിനുവേണ്ട പ്രൊജക്‌ടുകൾ തയ്യാറാക്കുകയും, കൃഷിക്ക് ആവശ്യമായ തൈകളും വളങ്ങളും വിതരണം ചെയ്യലും, കാർഷിക പരിപാലനത്തിന് വരുന്ന ലേബർ ചാർജ്ജുകൾ ,മറ്റ് കീടനാശിനികൾ, വളം,കൃഷി അനുബന്ധ ഉപകരണങ്ങൾ, കാർഷിക സബ്സിഡി മുതലായ കാര്യങ്ങൾക്ക് പ്രോജക്ട് തയ്യാറാക്കുകയും ഇതിനുവേണ്ടി വരുന്ന ചിലവുകൾ കേന്ദ്രസർക്കാരിൽ നിന്നും അഞ്ചുവർഷത്തെ പ്രോജക്ട് റിപ്പോർട്ട് വഴി തിരിച്ചു ലഭ്യമാക്കും വിധം ക്രമീകരണങ്ങൾ ചെയ്തു തരാം എന്നും പറഞ്ഞ് തന്നെ ചതിക്കുകയായിരുന്നു. തനിക്ക്ഇക്കാര്യങ്ങൾ പള്ളി കമ്മിറ്റിയിൽ ചർച്ചചെയ്തതിനുശേഷം തീരുമാനിക്കാൻ കഴിയുകയുള്ളൂ എന്ന് പറഞ്ഞുവെങ്കിലും ഈ കാർഷിക സ്കീം പരിമിത കാലത്തേക്ക് മാത്രമാണുള്ളതെന്നും എത്രയും വേഗം പദ്ധതി തുടങ്ങണമെ ന്നും സമ്മർദ്ദം ചെലുത്തി തന്നെ പ്രലോഭിപ്പിക്കുകയായിരുന്നു. തന്റെ നിഷ്കളങ്കത പരമാവധി മുതലെടുക്കുകയും പലതവണകളിലായി വ്യാജ ബില്ലുകൾ നൽകി 19,12,025 ( പത്തൊമ്പത് ലക്ഷത്തി പന്ത്രണ്ടായിരത്തി ഇരുപത്തഞ്ച് ) രൂപ തട്ടിയെടുത്തതായും പരാതിയിൽ പറയുന്നു. തുടർന്ന് കൊരട്ടി പള്ളി കൈകാരനായിരുന്ന നിജു ജോയ് പ്രതി നൽകിയ മേൽവിലാസത്തിൽ അന്വേഷണം നടത്തിയപ്പോൾ പ്രതിയുടെ പേര് ഷാജി തോമസ് എന്നല്ല എന്നും റോബിൻ എന്നാണെന്നും ഇയാൾ പലതരത്തിലുള്ള വഞ്ചനകൾ നടത്തി ആറുമാസക്കാലം ജയിലിൽ കിടന്ന ആളാണെന്നും ബാങ്ക് അക്കൗണ്ടിലെ പേര് റാം വിൽസൺ എന്നാണെന്നും അറിയാൻ കഴിഞ്ഞുവത്രേ. ഈ തട്ടിപ്പിനെ പറ്റി ഫാദർ ജോസ് ഇടശ്ശേരി പോലീസിൽ പരാതിപ്പെട്ടെങ്കിലും നടപടികളൊന്നും ഉണ്ടാകാത്തതിനെ തുടർന്ന് 28.08.2024 ൽ തൃശ്ശൂർ റൂറൽ എസ്പിക്ക് പരാതി നൽകിയെങ്കിലും നടപടികൾ ഒന്നും തന്നെ ഉണ്ടായില്ല എന്നുംപരാതിയിൽ പറയുന്നു.

 ഈ ഇടപാടിൽ കൊരട്ടി പള്ളിക്ക് സാമ്പത്തിക നഷ്ടം ഒന്നും തന്നെ ഉണ്ടായിട്ടില്ല എന്നും ഫാ.ജോസ് ഇടശ്ശേരി പരാതിയിൽ പറഞ്ഞു.

Follow us on :

More in Related News