Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ജനകീയ ബജറ്റ് കോട്ടയത്തിന് കൈനിറയെ: കുമരകത്ത് ഹെലിപാഡ്

29 Jan 2026 19:40 IST

CN Remya

Share News :

കോട്ടയം: കോട്ടയത്തിന് കൈനിറയെ നൽകിയ ബജറ്റാണ്. ഏറ്റുമാനൂര്‍ നിയോജക മണ്ഡലത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനും, വിനോദസഞ്ചാര, കാര്‍ഷിക മേഖലയുടെയും സമഗ്ര പുരോഗതി ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ക്ക് അനുമതി നല്‍കിയ ബജറ്റാണിതെന്ന് തുറമുഖ- സഹകരണ- ദേവസ്വം വകുപ്പ് മന്ത്രി വി. എന്‍ വാസവൻ. കുമരകത്തിന്റെ ടൂറിസം മേഖലയ്ക്ക് ആകെ ഉണര്‍വ്വ് പകരുന്ന പദ്ധതിയാണ് ബജറ്റ് പ്രസംഗത്തില്‍ ഉള്‍പ്പെടുത്തി ധനമന്ത്രി പ്രഖ്യാപിച്ച ഹെലിപ്പാട് നിര്‍മാണം. വിവിഐപി ഹെലികോപ്റ്ററുകളക്കടക്കം ഇറങ്ങാൻ പറ്റുന്ന രീതിയിലുള്ള ഹെലിപ്പാഡ് കുമരകത്ത് നിർമിക്കാൻ 500 ലക്ഷം രൂപയാണ് ബജറ്റിൽ അനുവദിച്ചത്. പ്രധാനവ്യക്തികൾക്ക് കുമരകത്ത് ഇറങ്ങാൻ പറ്റുന്ന വലിയ ഹെലിപ്പാഡ് നിർമ്മിക്കുന്നതോടെ കൂടുതൽ പ്രധാനവ്യക്തിത്വങ്ങൾ കുമരകത്തേക്ക് എത്തും. രാഷ്ട്രതലവൻമാരടക്കം സന്ദർശനം നടത്തുന്ന കുമരകത്തിന്റെ ഹോട്ടൽ വ്യവസായ മേഖലയ്ക്കും ടൂറിസം രംഗത്തിനും ഏറ്റവും ഗുണകരമാവുന്ന ഒന്നാണിത്. ടൂറിസം മേഖല പ്രതീക്ഷയോടെ കാണന്ന മെയിസ് ടൂറിസം കേന്ദ്രമായി വളരാനും ഇത് ഉപകരിക്കും. ജി.20 ഉച്ചകോടിക്ക് ശേഷം കോണ്‍ഫറന്‍സുകള്‍, ട്രേഡ് ഫെയറുകള്‍, കോര്‍പ്പേറ്റ് ഇവന്റുകള്‍, എന്നുവയ്ക്കുള്ള കേന്ദ്രമായി കുമരകം ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍ ഹെലിപാഡ് സൗകര്യം ഇല്ലാതിരുന്നത് ഇതിന് ചെറിയ വിഘാതം സൃഷ്ടിച്ചിരുന്നു. അതിനെ മറികടന്ന് കുമരകവും, അയ്മനവും ഉള്‍പ്പെടുന്ന ടൂറിസം മേഖലയില്‍ വന്‍ മുന്നേറ്റത്തിന് ഈ പദ്ധതി വഴിയൊരുക്കും. 

ഹെലി ടൂറിസത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തി വിനോദസഞ്ചാരികളെ ആകർഷിക്കുന്ന പദ്ധതികൾക്കും ഇത് കരുത്താവും. മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സഞ്ചാരികളെ ഹെലികോപ്റ്ററുകളിൽ എത്തിക്കുന്നത് ഉൾപ്പെടെ മേഖലയ്ക്ക് പുത്തൻ ഉണർവ് നൽകുന്ന ഒന്നായി ഇത് മാറും. 

ഏറ്റുമാനൂര്‍ ഉള്‍പ്പെടുന്ന അപ്പര്‍ കുട്ടനാടന്‍ മേഖലയിലെ നെല്‍ കര്‍ഷകരുടെ സ്വപ്ന പദ്ധതിയായ കാപ്കോസ് റൈസ് മില്ലിന് 1000 ലക്ഷം രൂപയാണ് ഈ ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. ഏറ്റുമാനൂരിന് സമീപം കൂടല്ലൂരില്‍ നിര്‍മാണം ആരംഭിച്ചിരിക്കുന്ന റൈസ് മില്‍ പദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ ഈ തുക അനുവദിച്ചതിലൂടെ സാധ്യമാവും. 

കോട്ടയം മെഡിക്കല്‍ കോളേജിലെ എപ്പിഡമിക്ക് വാര്‍ഡ് നിര്‍മ്മാണത്തിന് 86.37 ലക്ഷം രൂപയും, പാരാമെഡിക്കല്‍ ഹോസ്റ്റല്‍ നിര്‍മ്മാണത്തിന് 274.08 ലക്ഷം രൂപയും ബജറ്റില്‍ അനുവദിച്ചിട്ടുണ്ട്. മെഡിക്കല്‍ കോളേജിലെ മെന്‍സ് ഹോസ്റ്റല്‍ നിര്‍മ്മാണത്തിനുള്ള അനുമതിയും ബജറ്റില്‍ ലഭ്യമായിട്ടുണ്ട്.

കോട്ടയം മെഡിക്കല്‍ കോളേജിലെ വിവിധ വിഭാഗങ്ങളിലേയ്ക്ക് അത്യാധുനിക ഉപകരണങ്ങള്‍ വാങ്ങുന്നതിനായി ബജറ്റില്‍ തുക നീക്കിവെച്ചിട്ടുണ്ട്. റെറ്റിനല്‍ ഗ്രീന്‍ ലേസല്‍ മിഷ്യന് 55 ലക്ഷം രൂപ, എക്കോ മിഷ്യന് 42 ലക്ഷം രൂപ, പോര്‍ട്ടബിള്‍ എക്കോ കാര്‍ഡിയോഗ്രാഫി മിഷ്യന് 40 ലക്ഷം രൂപ, ത്രോംബോസ്കോപ്പ് 40 ലക്ഷം രൂപ, റഫ്രിജറേറ്റഡ് സെന്‍ട്രി ഫ്യൂജ് 45 ലക്ഷം രൂപ, ഹീമോ ഡയാലിസിസ് മിഷ്യന്‍ (5എണ്ണം) 35 ലക്ഷം രൂപ എന്നിങ്ങനെയാണ് തുക അനുവദിച്ചിരിക്കന്നത്. ഏറ്റുമാനൂര്‍ നിയോജകമണ്ഡലത്തിലെ എല്ലാ പഞ്ചായത്തിലും സോളാര്‍ വൈദ്യുതി നിലയം സ്റ്റോറേജ് സെന്ററടക്കം നിര്‍മിക്കുന്നതിന് 100 ലക്ഷം രൂപ വീതവും മണ്ഡലത്തിന്റെ സമഗ്ര വികസന പദ്ധതിയ്ക്കായി നവകേരള പദ്ധതി പ്രകാരം 700 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. ഓള്‍ഡ് കുമരകം റോഡ് സംരക്ഷണഭിത്തി നിര്‍മ്മിച്ച് ബി.എം & ബി.സി നിലവാരത്തില്‍ റോഡ് നവീകരണം പൂര്‍ത്തിയാക്കുന്നതിന് 500 ലക്ഷം രൂപയും, കരിപ്പൂത്തട്ട്-മാടശ്ശേരി-മൂന്നുമൂല റോഡ് പുനരുദ്ധാരണത്തിന് 500 ലക്ഷം രൂപയും, ഓണംതുരുത്ത്-കുറുമുള്ളൂര്‍ റോഡ് ബി.എം. & ബി.സി നിലവാരത്തില്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിന് 280 ലക്ഷം രൂപയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. 

തിരുവാര്‍പ്പ്-കുമരകം-പാണ്ടംബസാര്‍ റോഡിന്, ചീപ്പുങ്കല്‍-മണിയാമ്പറമ്പ്-മെഡിക്കല്‍ കോളേജ് റോഡ് പുനരുദ്ധാരണത്തിനും, ഗവണ്‍മെന്റ് ദന്തല്‍ മെഡിക്കല്‍ കോളേജിലെ ഒ.പി ബ്ലോക്ക്, സില്‍വര്‍ ജൂബിലി ഓഡിറ്റോറിയം, അക്കാദമിക് ബ്ലോക്ക് എന്നിവയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കും തുക ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്. ഏറ്റൂമാനൂര്‍ മണ്ഡലത്തിന്റെ സമഗ്ര വികസനത്തിനായി ബജറ്റില്‍ നീക്കിവെച്ചിരിക്കുന്നത് 4630.45 ലക്ഷം രൂപയാണ്. 

കോട്ടയം ജില്ലയിലെ വ്യവസായ മേഖലയ്ക്കും, വിദ്യാഭ്യാസ-സാംസ്കാരിക മേഖലയ്ക്കം ഒരുപോലെ പരിഗണന നല്‍കിയ ബജറ്റുകൂടിയാണിത്. കോട്ടയത്തിന്റെ പ്രമൂഖ പദ്ധതികളായ വെള്ളൂരിലെ കേരള പേപ്പര്‍ പ്രോഡക്ട് ലിമിറ്റഡിന് 190000 ലക്ഷം രൂപയാണ് നീക്കിവച്ചിരിക്കുന്നത്. കെ.ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് 11500 ലക്ഷം രൂപയും, ട്രാവന്‍കൂര്‍ സിമന്റ്സിന് 480 ലക്ഷം രൂപയും നീക്കിവെച്ചിട്ടുണ്ട്. കോട്ടയം ചെറിയപള്ളി പൗരാണിക സംരക്ഷിത കേന്ദ്രമെന്ന നിലയില്‍ 200 ലക്ഷം രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. മഹാത്മാഗാന്ധി സര്‍വ്വകലാശാലയ്ക്കും, കോട്ടയം മെഡിക്കല്‍ കോളേജിനും വിവിധ സര്‍ക്കാര്‍ സ്കൂളുകളുടെ വികസന പദ്ധതികള്‍ക്കായുള്ള തുകയില്‍ വര്‍ദ്ധനവും വരുത്തിയിട്ടുണ്ട്.

Follow us on :

More in Related News