Tue Dec 12, 2023 10:56 PM 1ST

Location  

Sign In

‘സ്വന്തം ജനങ്ങളെ സഹായിക്കാതെ വയനാടിനെ സഹായിക്കുന്നു’; സിദ്ധരാമയ്യക്കെതിരെ ബി.ജെ.പി

05 Aug 2024 10:50 IST

Shafeek cn

Share News :

ബംഗളൂരു: ഉരുൾപൊട്ടൽ ദുരന്തമുണ്ടായ വയനാടിനെ സഹായിക്കാൻ 100 വീടുകൾ നിർമിച്ചുനൽകുമെന്ന കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പ്രഖ്യാപനത്തിനെതിരെ ആരോപണവുമായി ബി.ജെ.പി എം.പിയും യുവമോർച്ച ദേശീയ അധ്യക്ഷനുമായ തേജസ്വി സൂര്യ. ‘രാഹുൽ ഗാന്ധിയുടെ താൽപര്യപ്രകാരമാണ് സിദ്ധരാമയ്യുടെ പ്രഖ്യാപനം. കർണാടകയെ കോൺഗ്രസ് അതിന്‍റെ എ.ടി.എം ആയി ഉപയോഗിക്കുകയാണ്. കർണാടകയിൽ പ്രളയദുരിതബാധിതർക്ക് സഹായം നൽകാൻ പരാജയപ്പെട്ട സർക്കാറാണ് വയനാട്ടിൽ സഹായം നൽകുന്നത്’ -തേജസ്വി സൂര്യ ആരോപിച്ചു.


‘കർണാടകയെ തങ്ങളുടെ എ.ടി.എമ്മാക്കി നാണംകെട്ട മുതലെടുപ്പ് തുടരുകയാണ് കോൺഗ്രസ്. രാഹുൽ ഗാന്ധി വയനാടിന് 100 വീടുകൾ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ്, തന്‍റെ നേതാവിന്‍റെ ആഗ്രഹം സഫലീകരിക്കാൻ സർക്കാർ ചെലവിൽ വീടുകൾ നിർമിച്ചുനൽകുമെന്ന് സിദ്ധരാമയ്യ പ്രഖ്യാപിച്ചത്.


കർണാടകയിലെ മൽനാട് മേഖലയിലെ ജനങ്ങൾ കടുത്ത പ്രളയവും ഉരുൾപൊട്ടലും നേരിട്ടിട്ട് അവർക്ക് സഹായം നൽകാൻ പരാജയപ്പെട്ട സർക്കാറാണിത്. കർണാടകയിൽ ദുരിതമനുഭവിക്കുന്നവർക്ക് എത്രയും വേഗം സഹായം നൽകാൻ സിദ്ധരാമയ്യ തയ്യാറാകുമോ? കന്നഡക്കാരുടെ ആവശ്യങ്ങൾക്ക് മുൻഗണന നൽകുമോ? ഉത്തരാഖണ്ഡ് പോലെയുള്ള മറ്റ് സംസ്ഥാനങ്ങൾക്ക് സഹായം നൽകുമോ? പറ്റില്ല എന്നാണെങ്കിൽ, തന്‍റെ നേതാവിന്‍റെ പ്രതിച്ഛായ സംരക്ഷിക്കാൻ സർക്കാർ ഫണ്ട് ചെലവഴിക്കുന്നതിൽ സിദ്ധരാമയ്യ മറുപടി പറയേണ്ടിവരും’ -തേജസ്വി സൂര്യ എക്സ് പോസ്റ്റിൽ പറഞ്ഞു.

Follow us on :

More in Related News