Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഒമാനില്‍ ബൈക്ക് റൈഡര്‍മാര്‍ക്ക് ട്രെയിനിംഗ് സ്‌കൂളുകള്‍ വരുന്നു

23 Apr 2024 00:34 IST

ENLIGHT MEDIA OMAN

Share News :

മസ്‌കറ്റ്: ഒമാനില്‍ നാലുചക്ര വാഹനങ്ങള്‍ക്കുള്ള ഡ്രൈവിംഗ് പരിശീലനത്തിന്റെ മാതൃകയില്‍ മോട്ടോര്‍ ബൈക്ക് റൈഡര്‍മാര്‍ക്കും പരിശീലന സ്‌കൂളുകള്‍ വരുന്നു. ഇതുമായി ബന്ധപ്പെട്ട തീരുമാനം ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് ആന്‍ഡ് കസ്റ്റംസ് ലെഫ്റ്റനന്റ് ജനറല്‍ ഹസന്‍ ബിന്‍ മൊഹ്സെന്‍ അല്‍ ശുറൈഖി പ്രഖ്യാപിച്ചു. നിലവിലെ ട്രാഫിക് നിയമത്തിലെ ചട്ടങ്ങളില്‍ ഭേദഗതി വരുത്തിക്കൊണ്ടാണ് പുതിയ തീരുമാനം. ഈ തീരുമാനം ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്നതിന്റെ അടുത്ത ദിവസം മുതല്‍ പ്രാബല്യത്തില്‍ വരും.

വ്യവസ്ഥകള്‍ക്കു വിധേയമായാണ് ഒരു മോട്ടോര്‍ബൈക്ക് റൈഡിംഗ് സ്‌കൂള്‍ സ്ഥാപിക്കുന്നതിന് ലൈസന്‍സ് നല്‍കുക. നിശ്ചിത അപേക്ഷാ ഫോമില്‍ അധികൃതര്‍ക്ക് ലൈസന്‍സിന് അപേക്ഷ നല്‍കണമെന്നതാണ് വ്യവസ്ഥകളിലൊന്ന്. അപേക്ഷകര്‍ ഒമാനി പൗരന്‍മാരും നല്ല ധാര്‍മ്മിക സ്വഭാവം ഉള്ളവരും ഏതെങ്കിലും കേസില്‍ ശിക്ഷിക്കപ്പെടാത്തവരും ആയിരിക്കണം. ഡ്രൈവിംഗ് സ്‌കൂളിന് ചുരുങ്ങിയത് 2,500 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണമുള്ള ഗ്രൗണ്ടും അംഗീകാരമുള്ള സ്‌കൂള്‍ കെട്ടിടവും ഉണ്ടായിരിക്കണം. കെട്ടിടത്തിന്റെ ഡ്രോയിംഗ് അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.

സാങ്കേതിക സവിശേഷതകള്‍ പാലിക്കുന്ന, 150 മുതല്‍ 250 സിസി വരെ എഞ്ചിന്‍ പവര്‍ ഉള്ളതുമായി ബൈക്കുകള്‍ പരിശീലനത്തിനായി ലഭ്യമാക്കണം. ഡ്രൈവിംഗുമായി ബന്ധപ്പെട്ട തിയറി ക്ലാസ്സുകള്‍ നല്‍കുന്നതിന് അനുയോജ്യമായ ഹാളുകള്‍ വേണം. ട്രാഫിക് സേഫ്റ്റി ഇന്‍സ്റ്റിറ്റ്യൂട്ട് അംഗീകാരമുള്ള മോട്ടോര്‍ ബൈക്ക് റൈഡിംഗ് പാഠ്യപദ്ധതി അടിസ്ഥാനമാക്കിയായിരിക്കണം പരിശീലനം. ബൈക്ക് റൈഡിംഗിനുള്ള പരിശീലകരെ നിയമിക്കുമ്പോള്‍ അവരുമായി സ്ഥാപന മേധാവി കരാറില്‍ ഏര്‍പ്പെടുകയും അക്കാര്യം അധികൃതരെ അറിയിക്കുകയും വേണം. പരിശീലനത്തിന് ശേഷം ട്രെയിനി റേഡര്‍മാര്‍ക്ക് കോഴ്‌സ് പൂര്‍ത്തിയാക്കിയതിന്റെ സര്‍ട്ടിഫിക്കറ്റ് നല്‍കണം.

പരിശീലന സമയത്ത് പരിശീലകനും ട്രെയിനിയും തമ്മിലുള്ള ആശയവിനിമയത്തിന് ബ്ലൂടൂത്ത് ഹെഡ്സെറ്റ് ഘടിപ്പിച്ച ഹെല്‍മറ്റുകള്‍ നല്‍കണം. ട്രാഫിക് നിയമ വ്യവസ്ഥകളെക്കുറിച്ചും പ്രഥമ ശുശ്രൂഷാ രീതികളെക്കുറിച്ചും ട്രെയിനികള്‍ക്ക് ക്ലാസ്സുകള്‍ നല്‍കണമെന്നും നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. അഞ്ചു വര്‍ഷത്തേക്കായിരിക്കും മോട്ടോര്‍ ബൈക്ക് റൈഡിംഗ് സ്‌കൂള്‍ ലൈസന്‍സിന്റെ കാലാവധി. അതിനു ശേഷം നിശ്ചിത ഫീസ് അടച്ച് വീണ്ടും അഞ്ചു വര്‍ഷത്തേക്ക് ലൈസന്‍സ് പുതുക്കാം.


ഇന്‍സ്ട്രര്‍മാര്‍ക്കുള്ള നിയമങ്ങള്‍

റൈഡിംഗില്‍ പരിശീലനം നല്‍കുന്ന മോട്ടോര്‍ബൈക്ക് റൈഡിംഗ് ഇന്‍സ്ട്രക്ടര്‍മാരും നിശ്ചിത വ്യവസ്ഥകള്‍ പാലിക്കണമെന്ന് നിയമം അനുശാസിക്കുന്നുണ്ട്. അവര്‍ റൈഡിംഗ് ലൈസന്‍സ് ലഭിച്ച് മൂന്ന് വര്‍ഷം പൂര്‍ത്തീകരിച്ചവരായിരിക്കണം. ട്രാഫിക് സേഫ്റ്റി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള മോട്ടോര്‍ ബൈക്ക് റൈഡിംഗ് വിദ്യാഭ്യാസ കോഴ്സ് പൂര്‍ത്തീകരിച്ചവരായിരിക്കണം. ശാരീരിക ഫിറ്റ്‌നസ്, നല്ല ആരോഗ്യം, കമ്പ്യൂട്ടര്‍ പരിചയം എന്നിവയും വേണം. ഏതെങ്കിലും കേസില്‍ ശിക്ഷിക്കപ്പെട്ടവരോ മദ്യം, മയക്കുമരുന്ന് തുടങ്ങിയവ ഉപയോഗിക്കുന്നവരോ ആയിരിക്കരുത്.


പരീശീലന വേളയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ബൈക്ക് റൈഡിംഗ് പഠിക്കുന്നവര്‍ ഒറ്റയ്ക്കു തന്നെ ഓടിച്ചു പഠിക്കണം. പഠിക്കുന്ന വേളയില്‍ പിറകില്‍ ആളുകള്‍ ഉണ്ടാവരുത്. ഹെല്‍മറ്റ്, കയ്യുറകള്‍, പാന്റ്സ്, സൈക്കിള്‍ ഷൂസ് എന്നിവ ധരിക്കണം. മറ്റുള്ളവര്‍ക്ക് എളുപ്പത്തില്‍ തിരിച്ചറിയുന്നതിനായി ഫ്‌ളൂറസെന്റ് വെസ്റ്റ് ധരിക്കണം. പഠിക്കുന്ന ബൈക്കില്‍ റിഫ്‌ളക്‌സ് സ്റ്റിക്കര്‍ പതിക്കണം. 18 വയസ്സിന് താഴെയുള്ളവരെ റൈഡിംഗ് പഠിപ്പിക്കരുത്. തിരക്കേറിയ റോഡുകളിലോ ജനസാന്ദ്രതയുള്ള സ്ഥലങ്ങളിലോവച്ച് റൈഡിംഗ് പഠിപ്പിക്കരുത്. അഞ്ച് ഒമാന്‍ റിയാലാണ് ഡ്രൈവിംഗ് ലൈസന്‍സിനും പുതുക്കുന്നതിനുമുള്ള ഫീസ്.

Follow us on :

More in Related News