Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നൂതന പ്രമേഹ പരിചരണ പരിഹാരങ്ങളുമായി ആസ്റ്റര്‍ റോയല്‍ അല്‍ റഫ ഹോസ്പിറ്റല്‍

12 Dec 2024 12:42 IST

ENLIGHT MEDIA OMAN

Share News :

മസ്‌കറ്റ്: പുതിയ എന്‍ഡോക്രൈനോളജി, വാസ്‌കുലാര്‍ സെന്റര്‍ ഓഫ് എക്‌സലന്‍സ് (സിഒഇ) ലോഞ്ച് പ്രഖ്യാപിച്ച്, ജി സി സിയിലെ മുന്‍നിര സംയോജിത ആരോഗ്യപരിചരണ ദാതാവായ ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയറിന്റെ ഭാഗമായ മസ്‌കത്തിലെ ആസ്റ്റര്‍ റോയല്‍ അല്‍ റഫ ഹോസ്പിറ്റല്‍. പ്രമേഹ ചികിത്സ, എന്‍ഡോക്രൈനോളജി ചികിത്സ എന്നിവയുടെ ഒമാനിലെ ഭൂമിക തന്നെ പുനര്‍നിര്‍വചിക്കാന്‍ സാധിക്കുന്ന ദേശീയ നിലവാരത്തിലുള്ള കേന്ദ്രമാണിത്. പ്രമേഹത്തിന്റെയും അതിന്റെ അനുബന്ധ സങ്കീര്‍ണതകളുടെയും ബഹുതലങ്ങളിലുള്ള വെല്ലുവിളികളെ അഭിമുഖീകരിക്കാന്‍ രൂപകല്പന ചെയ്ത സേവനങ്ങളുടെ സമഗ്രമായ ശ്രേണി തന്നെ ഈ കേന്ദ്രം വാഗ്ദാനം ചെയ്യുന്നു.

ഉദ്ഘാടന ചടങ്ങില്‍ ആരോഗ്യ മന്ത്രാലയത്തിലെ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളുടെ ഡയറക്ടറേറ്റ് ജനറലിലെ ഡയറക്ടര്‍ ജനറല്‍ ഡോ.മുഹന്ന നാസര്‍ അല്‍ മസ്ലഹി പങ്കെടുത്തു. പ്രമുഖ മെഡിക്കല്‍ പ്രൊഫഷണലുകളായ ഡോ. ഖലീഫ നാസര്‍ (വാസ്‌കുലാര്‍ സര്‍ജറി സീനിയര്‍ കണ്‍സള്‍ട്ടന്റ്), ഡോ. വസീം ഷെയ്ഖ് (സ്‌പെഷ്യലിസ്റ്റ് എന്‍ഡോക്രൈനോളജി), ഡോ. സെബാസിസ് ബെസോയ് (സ്‌പെഷ്യലിസ്റ്റ് ജനറല്‍ സര്‍ജറി), ഡോ. സെയ്ദ യാസ്മീന്‍ (സ്‌പെഷ്യലിസ്റ്റ് ഒപ്താല്‍മോളജിസ്റ്റ്), ശൈലേഷ് ഗുണ്ടു (ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് ആന്‍ഡ് ക്ലിനിക്ക്‌സ് സി ഇ ഒ) എന്നിവരും പങ്കെടുത്തു.

ഒമാനിലെ ആരോഗ്യപരിചരണ ഭൂമികയില്‍ സുപ്രധാന ചുവടുവെപ്പാണ് ആസ്റ്റര്‍ റോയല്‍ അല്‍ റഫ ഹോസ്പിറ്റലിലെ എന്‍ഡോക്രൈനോളജി, വാസ്‌കുലാര്‍ സെന്റര്‍ ഓഫ് എക്‌സലന്‍സിന്റെ സംസ്ഥാപനമെന്ന് ഡോ.മുഹന്ന നാസര്‍ അല്‍ മസ്ലഹി പറഞ്ഞു. മേഖലയില്‍ തന്നെ പ്രമേഹം പ്രധാന ആശങ്കയായി തുടരുമ്പോള്‍, സവിശേഷ പരിചരണത്തോടൊപ്പം നൂതന സാങ്കേതികവിദ്യയും സംയോജിപ്പിച്ച ഇതുപോലുള്ള സംരംഭങ്ങള്‍ രോഗീപരിചരണം മെച്ചപ്പെടുത്താനും നിത്യരോഗത്തിന്റെ ഭാരം കുറക്കാനും പ്രധാനപ്പെട്ടതാണ്. നമ്മുടെ ജനങ്ങളുടെ ഗുണത്തിന് വേണ്ടി മെഡിക്കല്‍ സേവനങ്ങള്‍ ശക്തിപ്പെടുത്താനുള്ള സ്വകാര്യ ആരോഗ്യപരിചരണ മേഖലയുടെ പ്രതിബദ്ധതക്ക് സാക്ഷിയാകുന്നതില്‍ അതീവ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഒമാനിലെ ആരോഗ്യപരിചരണം പുരോഗമിക്കാനുള്ള ആസ്റ്ററിന്റെ പ്രതിബദ്ധതയിലുള്ള സുപ്രധാന നാഴികക്കല്ലുകളും പരിപാടിയില്‍ വെളിവായിരുന്നു. വാസ്‌കുലാര്‍, ഡയബറ്റിക് ഫൂട്ട് ക്ലിനിക്ക്, ഡയബറ്റിക് റെറ്റിനോപതി ക്ലിനിക്ക് എന്നീ സ്‌പെഷ്യലൈസ്ഡ് ക്ലിനിക്കുകളുടെ ഉദ്ഘാടനമാണ് അതില്‍ പ്രധാനം. ഇത്തരം സ്‌പെഷ്യലൈസ്ഡ് പരിചരണം പ്രദാനം ചെയ്യുന്ന ഒമാനിലെ ആദ്യ സ്വകാര്യ ഹോസ്പിറ്റല്‍ ശൃംഖല കൂടിയായി ആസ്റ്റര്‍ റോയല്‍ അല്‍ റഫ ഇതോടെ മാറി. ഇതിനൊപ്പം ഇദംപ്രഥമമായി എഐ കരുത്തുള്ള പ്രമേഹ സ്‌ക്രീനിംഗ് സങ്കേതവും ഒമാനില്‍ ലഭ്യമാകും.

ന്യൂറോപതി, കാഴ്ച നഷ്ടം, വാസ്‌കുലാര്‍ രോഗങ്ങള്‍ തുടങ്ങിയ സങ്കീര്‍ണതകള്‍ തടയാന്‍ നേരത്തേ തന്നെ പ്രമേഹം കണ്ടെത്തേണ്ടത് സുപ്രധാനമാണ്. ഇത്തരം സങ്കീര്‍ണതകള്‍ ദുര്‍ഘടവും ജീവിതത്തെ തന്നെ മാറ്റിമറിക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളിലേക്കും നയിക്കും.

ഒമാനിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ആദ്യമായി അവതരിപ്പിക്കുന്ന വാസ്‌കുലാര്‍, ഡയബറ്റിക് ഫൂട്ട് ക്ലിനിക്ക്, ഡയബറ്റിക് ന്യൂറോപതി, കാലിലെ വ്രണങ്ങള്‍, അണുബാധകള്‍ പോലുള്ള പലപ്പോഴും അവഗണിക്കുന്ന പ്രമേഹത്തിന്റെ സങ്കീര്‍ണതകള്‍ക്ക് വിദഗ്ധ പരിചരണം നല്‍കാന്‍ രൂപകല്പന ചെയ്തിട്ടുള്ളതാണ്. ഇത്തരം പ്രശ്‌നങ്ങള്‍ ചികിത്സിക്കാതിരുന്നാല്‍, കാല്‍ അഴുകാനും ചിലപ്പോള്‍ മുറിച്ചുമാറ്റുന്നതിലേക്കും വരെയെത്തും. ഇവ നേരത്തേ കണ്ടുപിടിച്ച് വിദഗ്ധ ചികിത്സ നല്‍കുന്നതിലൂടെ അത്തരം പ്രശ്‌നങ്ങള്‍ തടയാനാണ് ആസ്റ്ററിന്റെ വാസ്‌കുലാര്‍, ഡയബറ്റിക് ഫൂട്ട് ക്ലിനിക്ക് ലക്ഷ്യമിടുന്നത്. ഇതിലൂടെ രോഗികളുടെ ജീവിത ഗുണമേന്മ മെച്ചപ്പെടുത്തുകയും പ്രമേഹ സങ്കീര്‍ണതകളുടെ ഭാരം കുറയ്ക്കുകയും ചെയ്യുന്നു.

കാഴ്ചാ നഷ്ടമെന്ന പ്രമേഹത്തിന്റെ ഏറ്റവും പൊതുവായ സങ്കീര്‍ണതകള്‍ക്കൊന്നിന് സമഗ്ര സേവനം നല്‍കുന്നതാണ് ഡയബറ്റിക് റെറ്റിനോപതി ക്ലിനിക്ക്. നേരത്തേ കണ്ടുപിടിച്ച് ചികിത്സിച്ചില്ലെങ്കിലാണ് കാഴ്ചാ നഷ്ടമുണ്ടാകുക. ഡൈലേറ്റഡ് ഫണ്ടോസ്‌കോപി, ഒപ്റ്റിക്കല്‍ കോഹിറന്‍സ് ടോമോഗ്രഫി (ഒസിറ്റി) അടക്കമുള്ള വിദഗ്ധ പരിശോധന ക്ലിനിക്ക് നല്‍കും. രോഗത്തിന്റെ ഘട്ടം പരിഗണിച്ച് ലേസര്‍ തെറാപ്പി മുതല്‍ നേത്ര കുത്തിവെപ്പ് വരെയുള്ള ചികിത്സകളും ലഭ്യമാണ്. രോഗികളുടെ കാഴ്ച പരിരക്ഷിച്ച് അവരുടെ മൊത്തം ആരോഗ്യം മെച്ചപ്പെടുത്തുകയെന്ന ആസ്റ്ററിന്റെ പ്രതിബദ്ധതയുടെ അടയാളമാണ് ഈ ക്ലിനിക്ക്.

എഐ പ്രമേഹ പരിശോധന ടൂള്‍ ആയ ആസ്റ്റര്‍ അല്‍ റഫ എഐ ഷുഗര്‍ ബഡ്ഡി ആണ് ആസ്റ്റര്‍ റോയല്‍ അല്‍ റഫയുടെ നൂതന വാഗ്ദാനം. ഇത്തരമൊരു സേവനം ഒമാനില്‍ ഇതാദ്യമായാണ്. 96891391235 എന്ന വാട്ട്‌സ്ആപ്പ് നമ്പറില്‍ ഈ സേവനം ലഭ്യമാണ്. വീട്ടില്‍ വെച്ച് തന്നെ പ്രമേഹത്തിന് മുമ്പുള്ള പ്രശ്‌നം വിശകലനം ചെയ്യാന്‍ ഇതിലൂടെ രോഗികള്‍ക്ക് സാധിക്കും. എളുപ്പത്തിലും ഏറെ സൗകര്യത്തോടെയും പ്രമേഹത്തിന്റെ പ്രശ്‌നങ്ങള്‍ പരിശോധിക്കാന്‍ രോഗികളെ അനുവദിക്കുന്ന നിര്‍മിത ബുദ്ധിയുടെ കരുത്തുള്ള മാര്‍ഗമാണിത്. അങ്ങനെ പ്രമേഹം നേരത്തേ കണ്ടെത്തി പ്രതിരോധ മാര്‍ഗങ്ങളിലേക്ക് കടക്കാന്‍ സാധിക്കുന്നു. പരിശോധനയുടെ കൃത്യത, ചികിത്സാ പദ്ധതികള്‍ ഇഷ്ടാനുസൃതമാക്കുക, രോഗീ നിരീക്ഷണം മെച്ചപ്പെടുത്തുക എന്നിവ പുരോഗമിപ്പിക്കുന്നതിലൂടെ പ്രമേഹ ചികിത്സയെ മാറ്റിമറിക്കുക മാത്രമല്ല, വിശാലമായ ആരോഗ്യ പരിചരണ മേഖലയെ പുനര്‍നിര്‍മിക്കുക കൂടിയാണ് നിര്‍മിത ബുദ്ധി. പ്രമേഹ ചികിത്സ വേഗത്തില്‍ ലഭ്യമാക്കാനും കാര്യക്ഷമമാക്കാനും ഈ സംരംഭം ലക്ഷ്യംവെക്കുന്നു. അങ്ങനെ തങ്ങളുടെ ആരോഗ്യത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ വ്യക്തികളെ ശാക്തീകരിക്കുകയും ചെയ്യുന്നു.

2024ഓടെ ഒമാനില്‍ പ്രമേഹം ബാധിച്ചവരുടെ എണ്ണം മൊത്തം ജനസംഖ്യയുടെ 14.26 ശതമാനമാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. 2050 ആകുമ്പോഴേക്കും മൂന്നര ലക്ഷത്തിലേറെ പേര്‍ ടൈപ് 2 ഡയബറ്റിസ് മെലിറ്റസ് (ടി2ഡിഎം) ബാധിച്ചവരാകും. 2015നെ അപേക്ഷിച്ച് 174 ശതമാനമായിരിക്കും വര്‍ധന. പ്രമേഹത്തിന്റെ നൂതന പരിചരണവും സജീവ നിയന്ത്രണവും ലക്ഷ്യമിടുന്ന എന്‍ഡോക്രൈനോളജി, വാസ്‌കുലാര്‍ സെന്റര്‍ ഓഫ് എക്‌സലന്‍സ് പോലുള്ള സംരംഭങ്ങളുടെ അടിയന്തര ആവശ്യമാണ് ഈ കണക്കുകള്‍ അടിവരയിടുന്നത്.

പ്രമേഹത്തിന്റെ മറ്റൊരു സുപ്രധാന പ്രശ്‌നമായ പൊണ്ണത്തടി അഭിമുഖീകരിക്കാനുള്ള ബാരിയാട്രിക് ശസ്ത്രക്രിയയും ഈ കേന്ദ്രം വാഗ്ദാനം ചെയ്യുന്നു. ഇതിലൂടെ രോഗികളുടെ ആരോഗ്യം കൂടുതല്‍ മെച്ചപ്പെടുത്താം. ഗ്യാസ്ട്രിക് ബൈപാസ്സ്, സ്ലീവ് ഗ്യാസ്‌ട്രെക്ടമി പോലുള്ള നടപടിക്രമങ്ങളിലൂടെയുള്ള ബാരിയാട്രിക് സര്‍ജറി, ബ്ലഡ് ഷുഗര്‍ തോതിനെ വളരെയധികം കുറക്കുമെന്നും ഇന്‍സുലിന്‍ സെന്‍സിറ്റിവിറ്റിയെ ത്വരിതപ്പെടുത്തുമെന്നും ടൈപ് 2 പ്രമേഹത്തിന്റെ തീക്ഷ്ണത ദീര്‍ഘകാലത്തേക്ക് കുറക്കുമെന്നും തെളിയിക്കപ്പെട്ടതാണ്.

ഒമാനില്‍ ലോകോത്തര നിലവാരമുള്ള ആരോഗ്യപരിചരണം നല്‍കാനുള്ള ആസ്റ്ററിന്റെ ദൗത്യത്തിന്റെ സുപ്രധാന ചുവടുവെപ്പാണ് എന്‍ഡോക്രൈനോളജി, വാസ്‌കുലാര്‍ സെന്റര്‍ ഓഫ് എക്‌സലന്‍സിന്റെ ലോഞ്ചിംഗ് എന്ന് ആസ്റ്റര്‍ അല്‍ റഫ ഹോസ്പിറ്റല്‍സ് ആന്‍ഡ് ക്ലിനിക്ക്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ശൈലേഷ് ഗുണ്ടു പറഞ്ഞു. വാസ്‌കുലാര്‍, ഡയബറ്റിക് ഫൂട്ട് ക്ലിനിക്ക്, ഡയബറ്റിക് റെറ്റിനോപതി ക്ലിനിക്ക്, എഐ കരുത്തുള്ള പ്രമേഹ പരിശോധനാ മാര്‍ഗമായ ആസ്റ്റര്‍ അല്‍ റഫ എഐ ഷുഗര്‍ ബഡ്ഡി തുടങ്ങിയവ ആരംഭിക്കുന്ന ഒമാനിലെ ആദ്യത്തെ സ്വകാര്യ ഹോസ്പിറ്റള്‍ എന്ന നിലയ്ക്ക് പ്രമേഹ പരിചരണ നൂതനത്വത്തില്‍ സുപ്രധാന നാഴികക്കല്ലാണ് പിന്നിടുന്നത്. മേഖലയില്‍ സുപ്രധാന ആശങ്കയായി പ്രമേഹം ഉയരുന്ന സാഹചര്യത്തില്‍, ഈ നിത്യരോഗത്തിന്റെ ആഘാതം കുറക്കാനും കൈകാര്യം ചെയ്യാനും സഹായിക്കുന്ന വിദഗ്ധ, പ്രതിരോധ പരിചരണം വാഗ്ദാനം ചെയ്യേണ്ടത് അനിവാര്യമാണ്. സാധ്യമായ മികച്ച പരിചരണം മാത്രമല്ല, രോഗികളുടെ ആരോഗ്യം സജീവമായി നിയന്ത്രിക്കാന്‍ അവരെ പ്രാപ്തരാക്കുക കൂടിയാണ് പുതിയ ക്ലിനിക്കുകളിലൂടെയും എഐ കരുത്തുള്ള പരിശോധനാ സംവിധാനത്തിലൂടെയും ലക്ഷ്യമിടുന്നത്. ഈ ക്ലിനിക്കുകള്‍ക്കൊപ്പം, എന്‍ഡോക്രൈനോളജി ചികിത്സകളുടെ സമഗ്ര കവറേജുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഉയര്‍ന്ന രക്തസമ്മര്‍ദം, ഹൈപര്‍ടെന്‍ഷന്‍, പൊണ്ണത്തടി, ഹൃദ്രോഗങ്ങള്‍, വൃക്കരോഗങ്ങള്‍, നേത്ര പ്രശ്‌നങ്ങള്‍, ഉറക്ക പ്രശ്‌നങ്ങള്‍ പോലുള്ള പ്രമേഹവുമായി ബന്ധപ്പെട്ട സങ്കീര്‍ണ രോഗങ്ങളെ അഭിമുഖീകരിക്കാനുള്ള ആസ്റ്റര്‍ റോയല്‍ അല്‍ റഫയുടെ വിശാലമായ കാഴ്ചപ്പാടിന്റെ ഉപോത്പന്നമാണ് എന്‍ഡോക്രൈനോളജി, വാസ്‌കുലാര്‍ സെന്റര്‍ ഓഫ് എക്‌സലന്‍സ്. വിവിധ എക്‌സലന്‍സ് സെന്ററുകളിലൂടെ സംയോജിത പരിചരണം വാഗ്ദാനം ചെയ്ത്, പ്രമേഹ പരിചരണത്തില്‍ സമഗ്ര സമീപനം പ്രദാനം ചെയ്യാനാണ് ആസ്റ്റര്‍ ലക്ഷ്യമിടുന്നത്. തങ്ങളുടെ സ്ഥിതി കാര്യക്ഷമമായി നിയന്ത്രിക്കാന്‍ രോഗികള്‍ക്ക് ആവശ്യമായ സര്‍വ പരിചരണവും അവര്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ഇതിലൂടെ.

ഉദ്ഘാടനത്തിന്റെ ഭാഗമായി, ആരോഗ്യപരിചരണ പ്രൊഫഷണലുകളുടെ എക്‌സ്‌ക്ലൂസീവ് പരിപാടിയായ ആസ്റ്റര്‍ ഡയബിസിറ്റി കോണ്‍ക്ലേവ് (ചാപ്റ്റര്‍ 2) ആസ്റ്റര്‍ റോയല്‍ അല്‍ റഫ ഹോസ്പിറ്റല്‍ സംഘടിപ്പിക്കും. ഇന്ററാക്ടീവ് പാനല്‍ ചര്‍ച്ചകള്‍, സ്‌പെഷ്യലിസ്റ്റുകള്‍ നയിക്കുന്ന സെഷനുകള്‍, കൊളാബറേറ്റീവ് കേസ് അനാലിസിസ് തുടങ്ങിയവയുണ്ടാകും. ഡയബറ്റിസ്, ഒബീസിറ്റി മാനേജ്‌മെന്റ് മേഖലയിലെ മുന്‍നിര വിദഗ്ധരില്‍ നിന്ന് പഠിക്കാനുള്ള സുവര്‍ണാവസരമാണ് ഡോക്ടര്‍മാര്‍ക്ക് ഇതിലൂടെ ലഭിക്കുക. ഡയബറ്റിക് ഫൂട്ട് ട്രീറ്റ്‌മെന്റ്, ട്രാന്‍സ്‌ഫോര്‍മേറ്റീവ് റോള്‍ ഓഫ് മെറ്റാബോളിക് സര്‍ജറി ഇന്‍ ഡയബറ്റിസ് മാനേജ്‌മെന്റ്, ടൈപ് 2 പ്രമേഹത്തിനുള്ള നൂതന ചികിത്സാ മാര്‍ഗനിര്‍ദേശങ്ങള്‍, ഡയബറ്റിക് റെറ്റിനോപതി മാനേജ്‌മെന്റ് അടക്കമുള്ളയവാണ് വിഷയങ്ങള്‍. നാഷണല്‍ ഡയബറ്റിസ്, എന്‍ഡോക്രൈന്‍ സെന്റര്‍ ഒമാനിലെ ട്രെയിനിംഗ് ആന്‍ഡ് കരിയര്‍ ഡെവലപ്‌മെന്റ് മേധാവി സുലൈമാന്‍ അല്‍ ഷരീഖി കോണ്‍ക്ലേവില്‍ സംബന്ധിച്ച് തന്റെ വൈദഗ്ധ്യം പങ്കുവെക്കും.

ട്രീറ്റ് ഇന്‍ ഒമാന്‍ (ഒമാനില്‍ തന്നെ ചികിത്സിക്കൂ) എന്ന ആസ്റ്ററിന്റെ വിശാലമായ സംരംഭത്തിന്റെ ഭാഗമാണ് ഇത്. പ്രാദേശിക ആരോഗ്യപരിചരണ ലഭ്യത മെച്ചപ്പെടുത്തുകയും ചികിത്സക്ക് വിദേശ യാത്ര നടത്തുന്നത് കുറക്കുകയുമാണ് ലക്ഷ്യം. അതിനൂതന സേവനങ്ങളും പരിഹാരമാര്‍ഗങ്ങളും അവതരിപ്പിച്ച് ലോകോത്തര ആരോഗ്യ പരിചരണത്തിന്റെ ഹബ് ആയി ഒമാനെ അടയാളപ്പെടുത്താനാണ് ആസ്റ്റര്‍ സഹായിക്കുന്നത്. സ്വന്തം രാജ്യത്ത് തന്നെ ഉന്നത നിലവാരത്തിലുള്ള ആരോഗ്യ സേവനങ്ങള്‍ ജനങ്ങള്‍ക്ക് ഉറപ്പാക്കുകയാണ് ഇതിലൂടെ ആസ്റ്റര്‍.

ജിസിസിയിലെ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ എഫ്ഇസഡ്‌സിയെ കുറിച്ച്

1987ല്‍ ഡോ. ആസാദ് മൂപ്പന്‍ സ്ഥാപിച്ച ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍, ജി സി സിയിലെ ആറ് രാജ്യങ്ങളിലും ശക്തമായ സാന്നിധ്യമുള്ള മുന്‍നിര സംയോജിത ആരോഗ്യപരിചരണ ദാതാവ് ആണ്. ഞങ്ങള്‍ തന്നെ നിങ്ങളെ നല്ലതുപോലെ പരിചരിക്കും എന്ന വാഗ്ദാനത്തോടെ, പ്രാഥമിക തലം മുതല്‍ അന്തിമഘട്ടം വരെയുള്ള ഉന്നത നിലവാരത്തിലും പ്രാപ്യവുമായ ആരോഗ്യപരിചരണം നല്‍കുകയെന്ന കാഴ്ചപ്പാടാണ് ആസ്റ്ററിനുള്ളത്. ജി സി സിയില്‍ 16 ഹോസ്പിറ്റലുകളും 121 ക്ലിനിക്കുകളും 306 ഫാര്‍മസികളുമുള്ള നൂതന സംയോജിത ആരോഗ്യപരിചണ മാതൃകയാണ് ഗ്രൂപ്പിനുള്ളത്. ആസ്റ്റര്‍, മെഡ്‌കെയര്‍, ആക്‌സസ്സ് എന്നീ മൂന്ന് ബ്രാന്‍ഡുകളിലൂടെ സമൂഹത്തിലെ നാനാതുറകളിലുള്ളവരെ സേവിക്കുന്നു. രോഗികളുടെ മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങള്‍ നിറവേറ്റാന്‍ ആസ്റ്റര്‍ എപ്പോഴും പ്രതിജ്ഞാബദ്ധമാണ്. ഫിസിക്കല്‍, ഡിജിറ്റല്‍ ചാനലുകളിലൂടെ ഗുണമേന്മയുള്ള ആരോഗ്യപരിചരണം ഉറപ്പാക്കുന്നു. മൈആസ്റ്റര്‍ എന്ന മേഖലയിലെ പ്രഥമ ഹെല്‍ത്ത് കെയര്‍ സൂപ്പര്‍ ആപ്പ് തുടങ്ങിയത് ആസ്റ്ററാണ്.


⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf & https://www.facebook.com/MalayalamVarthakalNews?mibextid=kFxxJD

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി  വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a

⭕⭕⭕⭕⭕⭕⭕⭕⭕

For: News & Advertisements: +968 95210987 / enlightmediaoman@gmail.com

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News