Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Jul 2026 07:29 IST
Share News :
കൊച്ചി: മലയാള ചലച്ചിത്ര ചരിത്രത്തിലെ ഏറ്റവും വലിയ ക്ലാസിക്കുകളിൽ ഒന്നായ 'കിരീടം' റീ-റിലീസിനൊരുങ്ങുന്നു. 1989-ൽ തിയേറ്ററുകളിൽ കണ്ണീരും കയ്യടിയും തീർത്ത ചിത്രം കൃത്യം 37 വർഷങ്ങൾക്ക് ശേഷം, അത്യാധുനിക 4K ദൃശ്യഭംഗിയിലും Dolby Atmos ശബ്ദവിന്യാസത്തിലും ഇന്ന് (2026 ജൂലൈ 10) വീണ്ടും ബിഗ് സ്ക്രീനിൽ എത്തുകയാണ്
ഒരു മാസ്റ്റർപീസ് സിനിമയെ അതിന്റെ പൂർണ്ണമായ അർത്ഥത്തിൽ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര വാർത്താവിതരണ മന്ത്രാലയത്തിന്റെ 'നാഷണൽ ഫിലിം ഹെറിറ്റേജ് മിഷന്റെ' ഭാഗമായി ചിത്രം വീണ്ടെടുത്തത്.
സിനിമയുടെ ഒറിജിനൽ ക്യാമറ നെഗറ്റീവുകൾ പൂർണ്ണമായും നശിച്ചുപോയ അവസ്ഥയിലായിരുന്നു. എന്നാൽ പൂനെ ഫിലിം ആർക്കൈവ്സ് (NFDC - NFAI) മൂന്ന് പതിറ്റാണ്ടിലേറെയായി വളരെ സുരക്ഷിതമായി സൂക്ഷിച്ചിരുന്ന ഒരു 35mm റിലീസ് പ്രിന്റ് ഉപയോഗിച്ചാണ് ഈ കഠിനമായ ദൗത്യം പൂർത്തിയാക്കിയത്. സിനിമയുടെ യഥാർത്ഥ ഛായാഗ്രാഹകൻ എസ്. കുമാർ, സംവിധായകൻ സിബി മലയിൽ എന്നിവരുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് ഹൈ-റെസല്യൂഷൻ സ്കാനിംഗും കളർ ഗ്രേഡിംഗും നിർവ്വഹിച്ചത്. പ്രസാദ് കോർപ്പറേഷനും ഹായ് സ്റ്റുഡിയോസും ചേർന്നാണ് തിയേറ്റർ പതിപ്പ് പൂർത്തിയാക്കിയത്. കഴിഞ്ഞ വർഷത്തെ ഐ.എഫ്.എഫ്.ഐ (IFFI 2025) ചലച്ചിത്ര മേളയിൽ ഈ 4K പതിപ്പ് പ്രീമിയർ ചെയ്തപ്പോൾ ചലച്ചിത്ര ലോകത്തുനിന്ന് വൻ പ്രശംസയാണ് ചിത്രത്തിന് ലഭിച്ചത്.
എ.കെ ലോഹിതദാസിന്റെ പേനത്തുമ്പിൽ വിരിഞ്ഞ ആഴമുള്ള തിരക്കഥയും, ജോൺസൺ മാസ്റ്ററുടെ ഹൃദയം നുറുങ്ങുന്ന പശ്ചാത്തല സംഗീതവും ഡോൾബി അറ്റ്‌മോസിന്റെ കരുത്തിൽ തിയേറ്ററുകളിൽ അനുഭവിക്കാൻ കഴിയുക എന്നത് പുതിയ തലമുറയ്ക്കും പഴയ തലമുറയ്ക്കും ഒരുപോലെ ആവേശമാണ്. മോഹൻലാലിന് പ്രത്യേക പരാമർശമടക്കമുള്ള ദേശീയ അവാർഡ് നേടിക്കൊടുത്ത 'സേതുമാധവൻ' എന്ന കഥാപാത്രത്തെയും, മലയാള സിനിമയ്ക്ക് ഒരിക്കലും മറക്കാനാകാത്ത തിലകന്റെ 'അച്ചുതൻ നായരെയും' വീണ്ടും തിയേറ്ററിൽ കാണാം. ഒപ്പം കൊച്ചിൻ ഹനീഫ, കവിയൂർ പൊന്നമ്മ, ഫിലോമിന, സുകുമാരി, ഒടുവിൽ ഉണ്ണികൃഷ്ണൻ, മാമുക്കോയ, മുരളി, കെപിഎസി ലളിത, കീരിക്കാടൻ ജോസ് (മോഹൻ രാജ്) എന്നിങ്ങനെ വിടപറഞ്ഞുപോയ മഹാപ്രതിഭകളുടെ ഓർമ്മ പുതുക്കൽ കൂടിയായി മാറും ഈ റീ-റിലീസ്.
സെവൻ ആർട്സ് ഇന്റർനാഷണലുമായി ചേർന്ന് ഹൈസിൻ ഗ്ലോബൽ വെഞ്ചേഴ്സ് (Hyzin Global Ventures) ആണ് ചിത്രം കേരളത്തിലും വിദേശത്തുമായി വിതരണത്തിന് എത്തിക്കുന്നത്. ബുക്ക് മൈ ഷോ ഉൾപ്പെടെയുള്ള പ്ലാറ്റ്‌ഫോമുകളിൽ പ്രധാന തീയേറ്ററുകളിലേക്കുള്ള അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗിന് വലിയ പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. വിന്റേജ് മോഹൻലാലിന്റെ അഭിനയ വിസ്മയവും തിലകന്റെ 'കത്തി താഴെയിടടാ മകനെ' എന്ന ആത്മനൊമ്പരവും ഒരിക്കൽക്കൂടി തിയേറ്ററുകളിൽ ഇരമ്പിയാർക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി
Follow us on :
More in Related News
Please select your location.