Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഡിജിറ്റല്‍ ക്രിയേറ്റേഴ്‌സിന് സൗജന്യ പരിശീലന പരിപാടിയുമായി യുവജന കമ്മീഷന്‍

10 Oct 2024 15:45 IST

Preyesh kumar

Share News :

തിരുവനന്തപുരം: ഡിജിറ്റല്‍ ക്രിയേറ്റേഴ്‌സ് ആവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സൗജന്യ പരിശീലന പരിപാടിയുമായി സംസ്ഥാന യുവജന കമ്മീഷന്‍. ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, യൂട്യൂബ് തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളില്‍ മികച്ച കണ്ടന്റ് ക്രിയേറ്റേഴ്‌സിനെ വാര്‍ത്തെടുക്കുകയാണ് പരിശീലനത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത്. തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്രിഡ്ജിങ് ഡോട്ട്‌സ് മീഡിയ സൊല്യൂഷന്‍സ് എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയുമായി സഹകരിച്ചാണ് പരിശീലന പരിപാടി ഒരുക്കിയിരിക്കുന്നത്.


 രണ്ടുദിവസം നീണ്ടുനില്‍ക്കുന്ന പരിശീലന പരിപാടിയില്‍ യൂട്യൂബ് , മെറ്റ തുടങ്ങിയ സാമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോമുകളില്‍ നിന്നുള്‍പ്പെടെയുള്ള വിദഗ്ധര്‍ ക്ലാസുകള്‍ കൈകാര്യം ചെയ്യും.

പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് തുടര്‍ന്ന് എട്ടുമാസത്തേക്ക് അനുബന്ധ സഹായങ്ങളും പദ്ധതിയുടെ ഭാഗമായി നല്‍കും. കണ്ടന്റ് ക്രിയേഷന്‍ മേഖലയിലെ അനന്തമായ സാധ്യതകള്‍ യുവാക്കള്‍ക്ക് തുറന്നുകൊടുക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്ന് യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എം ഷാജര്‍ പറഞ്ഞു.


സാമൂഹ്യ മാധ്യമങ്ങളിലെ കണ്ടന്റുകളില്‍ നിലവാരവും ഉത്തരവാദിത്വവും ഉറപ്പുവരുത്താനും പരിശീലന പരിപാടിയിലൂടെ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.18 മുതല്‍ 40 വയസ്സുവരെയുള്ളവര്‍

ക്കാണ് തിരുവനന്തപുരത്ത് വച്ച് നടക്കുന്ന പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ അവസരം. ലഭിക്കുന്ന അപേക്ഷകളില്‍ നിന്ന് തിരഞ്ഞെടുക്കുന്ന 100 പേര്‍ക്ക് ആയിരിക്കും

ആദ്യ ഘട്ടത്തില്‍ പരിശീലനം നല്‍കുക.

 തിരുവനന്തപുരത്തെ താമസ സൗകര്യം ഉള്‍പ്പെടെ സംഘാടകര്‍ ഒരുക്കുന്നുണ്ട്.മേഖലയിലെ വിദഗ്ധര്‍ തയ്യാറാക്കിയ സിലബസിന്റെ അടിസ്ഥാനത്തിലാണ് പരിശീലന പരിപാടി ഒരുക്കിയിരിക്കുന്നത്.


പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും ലഭിക്കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഒക്ടോബര്‍ പതിനഞ്ചാം തീയതിക്ക് മുന്‍പ് creatorbootcamp2024@gmail.com എന്ന മെയില്‍ ഐഡിയില്‍ ബയോഡേറ്റയും നിലവിലെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ ലിങ്കും അയക്കേണ്ടതാണ്.

Follow us on :

Tags:

More in Related News