Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ലോക പാലിയേറ്റീവ് ദിനം ശനിയാഴ്ച

11 Oct 2024 11:36 IST

Koya kunnamangalam

Share News :

എല്ലാ വർഷവും ഒക്ടോബർ മാസത്തിലെ രണ്ടാം ശനിയാഴ്ച  ലോക പാലിയേറ്റീവ് ദിനമായി ആചരിച്ചു വരുന്നു. വേൾഡ്  വൈഡ് ഹോസ്പൈസ്  പാലിയേറ്റീവ് കെയർ അലയന്സിന്റെ  ആഭിമുഖ്യത്തിലാണ് ഈ ദിനം ആചരിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ നിർവ്വഹകസമിതി സ്വാന്തനപരിചരണത്തെക്കുറിച്ച് പ്രമേയം പാസ്സാക്കിയതിന്റെ 10 വർഷം പൂർത്തിയാക്കിയ അവസരം കൂടിയാണിത്.സാന്ത്വന പരിചരണത്തെക്കുറിച്ച് അവബോധം സൃഷ്ടിച്ചുകൊണ്ട് ആവശ്യമുള്ളവർക്ക്  സാന്ത്വന പരിചരണത്തിന്റെ  ലഭ്യത വർദ്ധിപ്പിക്കുക, കിടപ്പുരോഗികളുടെ ശാരീരിക സാമൂഹിക മാനസിക ആവശ്യങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുക, കിടപ്പുരോഗികളുടെ ഉന്നമനത്തിനായുള്ള പ്രവർത്തനങ്ങൾക്കായി ധനസമാഹരണം നടത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് ലോക പാലിയേറ്റീവ് ദിനം ആചരിക്കുന്നത്.' ജീവിതകാലം മുഴുവൻ സമഗ്രമായ പരിചരണത്തിന്റെ ഒരു ഘടകമായി സ്വാന്തന പരിചരണം ശക്തിപ്പെടുത്താൻ എല്ലാ രാജ്യങ്ങളെയും ആഹ്വാനം ചെയ്യുകയാണ് ഈ വർഷത്തെ ലോക പാലിയേറ്റീവ് ദിനപ്രമേയം.

 കൂടി. 


 1990 ൽ ലോകാരോഗ്യ സംഘടന പാലിയേറ്റീവ് കെയറിന് ഒരു നിർവചനം നൽകുകയുണ്ടായി. ആധുനിക വൈദ്യശാസ്ത്രം ശീലിച്ചു പോന്ന ഒരു പരിചരണ രീതിയിൽ നിന്നും വ്യത്യസ്തമായിരുന്നു ഇത്. രോഗിയെ മാത്രമല്ല അവരുടെ കുടുംബവും ഇവിടെ ചികിത്സയുടെ ഗുണഭോക്താവായി മാറുകയാണ്. മാറാരോഗിയായ ഒരാൾ വീട്ടിലുണ്ടാകുമ്പോൾ രോഗം ഉണ്ടാക്കുന്ന ആഘാതം രോഗിക്കൊപ്പം വീട്ടുകാരും അനുഭവിക്കുന്നുണ്ട്. അതുകൊണ്ട് താങ്ങും തണലും രോഗിക്കൊപ്പം വീട്ടുകാർക്കും ആവശ്യമാണ് എന്ന തിരിച്ചറിവിൽ നിന്നാണ് ഈ പ്രവിശാലമായ നിർവചനം രൂപപ്പെടുത്തിയത്.

ഒരാൾ മാറാരോഗിയായി മാറുമ്പോൾ പലപ്പോഴും അയാൾ സർവ തലത്തിലും ആശയറ്റവനായി ഭവിക്കാനിടയുണ്ട്. അത്തരം സന്ദർഭങ്ങളിലാണ് സമ്പൂർണ പരിചരണം ആവശ്യമായി വരുന്നത്. അതായത് ഒരു രോഗം, പ്രത്യേകിച്ച് മാറാരോഗം ഒരു വ്യക്തിയുടെ ശരീരത്തെ മാത്രമല്ല ബാധിക്കുന്നത്. മാനസികമായി ഒരുപാട് വേവലാതികൾ രോഗഫലമായി അയാൾക്കുണ്ടാകും. ഭയം, ആശങ്ക, സങ്കടം എന്നിങ്ങനെ പലതരം വൈകാരിക വിക്ഷുബ്ധതകളിലൂടെ അയാൾ കടന്നു പോവുന്നു. കൂടാതെ, സാമൂഹ്യമായ ഒറ്റപ്പെടൽ, പദവിയിൽ വരുന്ന താഴ്ച, സാമ്പത്തിക പ്രശ്നങ്ങൾ എന്നിങ്ങനെ മറ്റു വിഷയങ്ങളും അദ്ദേഹത്തെ അലട്ടുന്നു.

ഇതിനെല്ലാം പുറമെ വിശ്വാസത്തകർച്ച, നിരർത്ഥകതാബോധം, ഉത്തരമില്ലാത്ത ആത്യന്തികമായ ചോദ്യങ്ങൾ എന്നിങ്ങനെ പലതും അവരെ വേട്ടയാടുന്നുവെന്നും ഈ രംഗത്ത് പ്രവർത്തിക്കുന്ന വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ചിലപ്പോൾ മതപരമോ, ദൈവ വിശ്വാസവുമായി ബന്ധപ്പെട്ടോ ഉള്ള ആകുലതകളാവാം. മാറാരോഗം കൊണ്ട് കഷ്ടപ്പെടുന്ന ഒരാൾക്ക് ആശ്വാസം നൽകണമെങ്കിൽ ശാരീരിക പ്രശ്നങ്ങളെ കൈകാര്യം ചെയ്യുന്നതിനൊപ്പം അയാളുടെ മാനസികവും സാമൂഹ്യവും ആധ്യാത്മികവുമായ പ്രശ്നങ്ങളെക്കൂടി അഭിസംബോധന ചെയ്‌തേ മതിയാകൂ.അതാണ് സമ്പൂർണ പരിചരണം എന്നതുകൊണ്ടുദ്ദേശിക്കുന്നത്.


ലോകാരോഗ്യ സംഘടന നൽകിയ നിർവചനത്തിൽ പരിചരണത്തിന് ക്രിയാത്മകം എന്നൊരു വിശേഷണമുണ്ട്. ഒരു രോഗിയെ നല്ല വാക്കു പറഞ്ഞ് പുറംതട്ടി ആശ്വസിപ്പിക്കുന്നതാണ് സാന്ത്വന പരിചരണം എന്നാണ് പലരും പൊതുവെ കരുതുന്നത്. എന്നാൽ അത് മാത്രമല്ലല്ലോ സാന്ത്വന പരിചരണം. ഇംഗ്ളീഷിൽ പാലിയേറ്റീവ് കെയർ എന്നു പറയുമ്പോൾ കിട്ടുന്ന അർത്ഥവ്യാപ്തി എന്തുകൊണ്ടോ സാന്ത്വന ചികിത്സ എന്നു പറയുമ്പോൾ കിട്ടുന്നില്ല എന്നാണ് ഡോ. ഇ ദിവാകരൻ ചൂണ്ടിക്കാണിക്കുന്നത്. പാലിയേറ്റീവ് കെയർ പാലിയം എന്ന ലാറ്റിൻ വാക്കിൽ നിന്നാണുണ്ടായത്. പാലിയം എന്നാൽ ആവരണം, പുതപ്പ് എന്നൊക്കെയാണ് അർത്ഥം. രോഗം മാറ്റിയെടുക്കാൻ പറ്റാത്ത സാഹചര്യത്തിൽ രോഗിയെ രോഗപീഡകളിൽ നിന്ന് പൊതിഞ്ഞു സംരക്ഷിക്കുക എന്ന അർത്ഥത്തിലാണ് പാലിയേറ്റീവ് കെയർ എന്ന വാക്ക് ഉപയോഗിക്കുന്നത്. അതായത് മരുന്നുകൾ, ശാസ്ത്രക്രിയകൾ, റേഡിയേഷൻ എന്നിങ്ങനെ ആധുനിക വൈദ്യശാസ്ത്രത്തിന്റെ എല്ലാ സാധ്യതകളെയും ഇതിനായി ഉപയോഗിക്കുന്നുണ്ട്. ഇതിനായി ഓരോ രോഗലക്ഷണങ്ങളും കൃത്യമായി വിശകലനം ചെയ്ത് വിലയിരുത്തി ചികിത്സ നൽകേണ്ടതുണ്ട്. വളരെ സക്രിയമായ ഒന്നാണത്.

പാലിയേറ്റീവ് കെയറിലെ അതികായനായ ഡോ. റോബർട്ട് ട്വയ്ക്രോസ് പാലിയേറ്റീവ് മെഡിസിൻ ഒരു എമർജൻസി മെഡിസിനാണെന്നാണ് ഒരു അന്താരാഷ്ട്ര സമ്മേളനത്തിൽ പ്രസ്താവിച്ചത്. 1990 ൽ ലോകാരോഗ്യ സംഘടന നിർദേശിച്ച നിർവചനം സംഘടന തന്നെ 2006 ൽ പരിഷ്‌കരിക്കുകയുണ്ടായി. എപ്പോഴാണ് ഒരു രോഗിക്ക് പാലിയേറ്റീവ് കെയർ ആവശ്യമായി വരുന്നത് എന്നതിനെക്കുറിച്ച് ഒരു തെറ്റായ സൂചന ആദ്യ നിർവചനം നൽകുന്ന പശ്ചാത്തലത്തിലാണത്. മാറ്റിയെടുക്കുവാൻ പറ്റാത്ത അവസ്ഥയിലെത്തിയ രോഗികൾക്കാണ് സാന്ത്വന ചികിത്സയേ വേണ്ടൂ എന്നു പറഞ്ഞാൽ, മാറ്റിയെടുക്കാൻ പറ്റാത്തത് എന്ന് ഡോക്ടർമാർ വിധിയെഴുതുന്നതുവരെ ആ രോഗി അനുഭവിക്കുന്ന കഷ്ടപ്പാടുകൾ അഭിസംബോധന ചെയ്യപ്പെടാതെ പോകുന്ന അവസ്ഥ വരുന്നു. വാസ്തവത്തിൽ സാന്ത്വന പരിചരണ തത്വങ്ങളെല്ലാം തന്നെ രോഗ നിർണയ സമയം മുതൽ തന്നെ പ്രസക്തമാണ് എന്ന് കാണാവുന്നതാണ്.


രോഗനിർണയം നടത്തപ്പെട്ട സമയത്ത് രോഗാരിഷ്ടതകൾ താരതമേന്യ കുറവായിരിക്കും. രോഗം മാറ്റിയെടുക്കുന്നതിനുള്ള ചികിത്സക്കായിരിക്കും പ്രാധാന്യം. എന്നാലും പാലിയേറ്റീവ് കെയർ വഴി ആശ്വാസം നൽകാവുന്ന ഏതാനും പ്രശ്നങ്ങൾ അപ്പോഴുമുണ്ടാകും. ഈ കാലയളവിൽ നൽകുന്ന പാലിയേറ്റീവ് പരിചരണം രോഗത്തിന്റെ മൊത്തം ഗതിയെ തന്നെ അനുകൂലമായി സ്വാധീനിക്കുമെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. രോഗം കൂടുതൽ മോശമാകുന്ന മുറയ്ക്ക് മാറ്റിയെടുക്കൽ ചികിത്സയുടെ പ്രാധാന്യം കുറഞ്ഞുവരികയും സാന്ത്വന പരിചരണത്തിന്റെ പ്രാധാന്യം കൂടിവരികയും ചെയ്യും.ഈ പറഞ്ഞ കാരണങ്ങൾ കൊണ്ടാണ് 2006 ൽ നിർവചനം പരിഷ്‌കരിച്ചപ്പോൾ കാലേക്കൂട്ടി രോഗപീഡകളെ കണ്ടെത്തുകയും നിഷ്‌കൃഷ്ടമായി വിലയിരുത്തുകയും കണിശമായി ചികിത്സിക്കുകയും ചെയ്യുക വഴി രോഗിയുടെയും കുടുംബത്തിന്റെയും ജീവിതത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്ന ചികിത്സാരീതി എന്ന് ചേർത്തത്.

സാന്ത്വന പരിചരണം ഒരു ദ്വിമുഖ പ്രവർത്തനമാണ്. ഒരു വശത്ത് അത് രോഗിയുടെ ശാരീരികാവസ്ഥയെ എത്ര കണ്ട് മെച്ചപ്പെടുത്താമെന്ന് നോക്കുന്നു. മറുവശത്ത് രോഗിയുടെ ഇപ്പോഴത്തെ ശാരീരികാവസ്ഥയുമായി പൊരുത്തപ്പെടാനും പ്രതീക്ഷകളെ യാഥാർത്ഥ്യ ബോധത്തോടു കൂടിയതാക്കാനും പരിശ്രമിക്കുന്നു. രോഗിയുടെ മരണത്തോടെ പാലിയേറ്റീവ് കെയർ പ്രവർത്തകന്റെ ഉത്തരവാദിത്തം തീരുന്നില്ല. അയാളുടെ പരിചരണ വലയത്തിൽ രോഗിയും കുടുംബവുമടങ്ങിയിട്ടുണ്ട്. അപ്പോൾ രോഗി മരിക്കുന്നതോടെ, കുടുംബത്തിന് വിയോഗ ദുഃഖത്തിൽ ആലംബം നൽകുക എന്നൊരു ഉത്തരവാദിത്തം കൂടി സാന്ത്വന പരിചരണ പ്രവർത്തകനുണ്ട്.

പൊതുവെ സാന്ത്വന പരിചരണം ചില പ്രധാനപ്പെട്ട ഘടകങ്ങൾ ഉൾപ്പെട്ടതാണ്. വേദനയിൽ നിന്നും മറ്റു ദുസ്സഹ രോഗപീഡകളിൽ നിന്നും രോഗിക്ക് മോചനം നൽകുകയും ജീവിതത്തെ മാനിക്കുന്നതിനൊപ്പം മരണത്തെ ഒരു സ്വാഭാവിക പ്രക്രിയയായി കാണാൻ രോഗിയേയും കുടുംബത്തേയും ഈ പ്രവർത്തനം ശാക്തീകരിക്കുകയും ചെയ്യുന്നു.മരണത്തെ നേരത്തെയാക്കാനോ നീട്ടിക്കൊണ്ടുപോകാനോ ശ്രമിക്കുന്നില്ല. മാനസികവും സാമൂഹികവും ആധ്യാത്മികവുമായ തലങ്ങളെ കൂടി പരിചരണത്തിൽ ഉൾപ്പെടുത്തുകയും മരണം വരെ രോഗിയെ സജീവമായി ജീവിക്കാൻ സഹായിക്കുന്ന ഒരു ആശ്രയ സംവിധാനം കൂടി പാലിയേറ്റീവ് കെയർ പ്രദാനം ചെയ്യുന്നു. രോഗിയുടെ കുടുംബത്തിന് രോഗിയുടെ ദുരിതകാലത്തും അവന്റെ മരണ ശേഷമുള്ള വിയോഗ ദുഃഖത്തിലും ആലംബം നൽകുന്ന ഒരു ആശ്രയ സംവിധാനം കൂടിയാണ് സാന്ത്വന പരിചരണം. രോഗിയുടെയും കുടുംബത്തിന്റെയും പ്രശ്നങ്ങൾ വിയോഗ ദുഃഖമടക്കം കൈകാര്യം ചെയ്യാൻ ഒരു കൂട്ടായ്മ പാലിയേറ്റീവ് കെയർ പ്രവർത്തകർ രൂപപ്പെടുത്തിയെടുക്കുന്നു. രോഗിയുടെ ജീവിത ഗുണനിലവാരം മെച്ചപ്പെടുത്തുന്നതോടൊപ്പം ആ പ്രക്രിയയിൽ രോഗ ഗതി തന്നെ നന്നാക്കിയെടുക്കാൻ പാലിയേറ്റീവ് ഇടപെടൽ കൊണ്ട് സാധ്യമാവുന്നു. രോഗാരംഭത്തിൽ തന്നെ ചികിത്സകൾക്കൊപ്പം തന്നെ നടപ്പാക്കേണ്ട ഒന്നാണ് പാലിയേറ്റീവ് കെയർ എന്ന കാര്യം എല്ലാവരും പ്രത്യേകം ശ്രദ്ധിക്കണം.ഈ രംഗത്ത് പ്രവർത്തിക്കുന്ന നിസ്വാർഥ വളണ്ടിയർമാരുടെയും ജീവകാരുണ്യ പ്രവർത്തകരുടെയും ഉദാരമതികളുടെയും നിരുപമ കൂട്ടായ്മകൾ നടത്തുന്ന സേവനത്തിന് കൈയും കണക്കുമില്ല.

കേരളം പാലിയേറ്റീവ് പരിചരണ രംഗത്ത് മാതൃകയായ സംസ്ഥാനമാണ്. കേരള സർക്കാർ അതിൻറെ ആരോഗ്യനയത്തിന്റെ  ഭാഗമായി ത്രിതല പഞ്ചായത്തുകൾ വഴി സാന്ത്വന പരിചരണം നൽകി വരുന്നു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ  ആരോഗ്യ  പ്രവർത്തകരുടേയും സന്നദ്ധ  പ്രവർത്തകരുടേയും ഒരു സംഘം ഇതിനായി  പ്രവർത്തിക്കുന്നു. ഇതോടൊപ്പം പൊതുജനങ്ങളിൽ നിന്നുള്ള അളവില്ലാത്ത പ്രോത്സാഹനവും പങ്കാളിത്തവും ആണ് കേരളത്തെ പാലിയേറ്റീവ് പരിചരണ രംഗത്തെ  മാതൃക സംസ്ഥാനം ആക്കിമാറ്റിയത്.  പാലിയേറ്റീവ് രോഗികളെ പരിചരിക്കുന്നതിനും അവർക്ക് ആവശ്യമായ ഭക്ഷണം മരുന്ന് എന്നിവ ലഭ്യമാക്കുന്നതിനും കേരളത്തിന്  കഴിഞ്ഞിട്ടുണ്ട് .കഴിഞ്ഞ നാലുവർഷം കൊണ്ട് പാലിയേറ്റീവ് പദ്ധതികൾക്കായി 281.22 കോടി രൂപ  കിടപ്പുരോഗിയായ     ഓരോ വ്യക്തിക്കും അവർക്ക് അർഹമായ സേവനം ലഭ്യമാകുന്നുണ്ട്  എന്ന് നമുക്ക് ഉറപ്പുവരുത്താം. അതിനായി ഒത്തൊരുമിച്ചു പ്രവർത്തിക്കാം.

Follow us on :

More in Related News