Tue Dec 12, 2023 10:56 PM 1ST

Location  

Sign In

താരസംഘടന അമ്മയെ നയിക്കാൻ വനിതകൾ; ശ്വേത മേനോൻ പ്രസിഡന്റ്, കുക്കു പരമേശ്വരൻ ജനറൽ സെക്രട്ടറി

15 Aug 2025 21:25 IST

Jithu Vijay

Share News :

എറണാകുളം : താര സംഘടനയായ അമ്മയെ നയിക്കാൻ വനിതകൾ. വാശിയേറിയ പോരാട്ടത്തിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേത മേനോനും ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് കുക്കു പരമേശ്വരനും തിരഞ്ഞെടുത്തു. ചരിത്രത്തിലാദ്യമായാണ് അമ്മയുടെ തലപ്പത്തേക്ക് വനിതകൾ എത്തുന്നത്. ട്രഷറർ സ്ഥാനത്തേക്കുള്ള മത്സരത്തിൽ ഉണ്ണി ശിവപാലും ജയിച്ചു.


വൈസ് പ്രസിഡന്റ്‌ സ്ഥാനത്തേക്ക് ജയൻ ചേർത്തലയെയും ലക്ഷ്മി പ്രിയയെയും തിരഞ്ഞെടുത്തു. ജോയിൻ സെക്രട്ടറി സ്ഥാനത്തേക്ക് അൻസിബ ഹസൻ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ശ്വേത മേനോനും ദേവനുമാണ് ഇത്തവണ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിച്ചത്. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് രവീന്ദ്രനും കുക്കു പരമേശ്വരനും മത്സരിച്ചു. വൈസ് പ്രസിഡന്റ്‌ സ്ഥാനത്തേക്ക് ജയൻ ചേർത്തല, നാസർ ലത്തീഫ്, ലക്ഷ്മി പ്രിയ എന്നിവരാണ് മത്സരിച്ചു. ഉണ്ണി ശിവപാൽ, അനൂപ് ചന്ദ്രൻ എന്നിവര്‍ ട്രഷറര്‍ സ്ഥാനത്തേക്കും മത്സരിച്ചു.


എക്സിക്യൂട്ടിവ് കമ്മിറ്റിയിലേക്ക് സിജോയ് വർഗീസ്, റോണി ഡേവിഡ്, ടിനി ടോം, സന്തോഷ് കീഴാറ്റൂർ, വിനുമോഹൻ, ജോയ് മാത്യു, കൈലാഷ് എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. വനിതാ സംവരണ സീറ്റുകളിലേക്ക് നീനാ കുറുപ്പ്, സരയൂ മോഹൻ, ആശാ അരവിന്ദ്, അഞ്ജലി നായർ എന്നിവരാണ് വിജയിച്ചത്. പുതിയ ഭരണസമിതിയിൽ എട്ട് വനിതാ അംഗങ്ങളുണ്ട്.


ആകെ 504 അംഗങ്ങള്‍ ഉള്ളതില്‍ 298 പേരാണ് വോട്ട് ചെയ്തത്. പോളിംഗ് ശതമാനത്തില്‍ വലിയ ഇടിവ് ഇത്തവണ സംഭവിച്ചിട്ടുണ്ട്. മമ്മൂട്ടി, ഫഹദ് ഫാസിൽ, നിവിൻ പോളി, പൃഥ്വിരാജ്, ഇന്ദ്രജിത്ത്‌, ആസിഫ് അലി തുടങ്ങിയ താരങ്ങൾ തിരഞ്ഞെടുപ്പിൽ പങ്കെടുത്തില്ല.

Follow us on :

More in Related News