Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മലപ്പുറം വളാഞ്ചേരിയിൽ ആള്‍ത്താമസമില്ലാത്ത വീടിന്റെ വാട്ടര്‍ ടാങ്കില്‍ യുവതിയുടെ മൃതദേഹം

13 Apr 2025 18:56 IST

Jithu Vijay

Share News :

മലപ്പുറം : വളാഞ്ചേരി അത്തിപ്പറ്റയില്‍ ആള്‍ത്താമസമില്ലാത്ത വീട്ടിലെ

വാട്ടർടാങ്കിൽ കണ്ടെത്തിയ മൃതദേഹം

തിരിച്ചറിഞ്ഞു. മരിച്ചത് അത്തിപ്പറ്റ സ്വദേശിനിയായ ഫാത്തിമയാണെന്ന്

പോലീസ് സ്ഥിരീകരിച്ചു. മൃതദേഹം കണ്ടെത്തിയ വീടിന് സമീപത്തെ മറ്റൊരു വീട്ടിലെ ജോലിക്കാരിയാണ് ഇവർ. അതേസമയം, മരണകാരണം സംബന്ധിച്ച്‌ വ്യക്തതയില്ല.


ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് ആള്‍ത്താമസമില്ലാത്ത വീട്ടിലെ വാട്ടർടാങ്കില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. രാവിലെ ടാങ്ക് വൃത്തിയാക്കാനെത്തിയ തൊഴിലാളിയാണ് മൃതദേഹം കണ്ടത്. തുടർന്ന് പോലീസിനെ

വിവരമറിയിക്കുകയായിരുന്നു.

മൃതദേഹം കണ്ടെത്തിയ വാട്ടർടാങ്കിലെ വെള്ളം കൃഷി ആവശ്യത്തിനാണ് ഉപയോഗിച്ചിരുന്നത്. ടാങ്കില്‍ ആമകളെയും വളർത്തിയിരുന്നു. ഈ വീടിന്റെ ഉടമസ്ഥനും കുടുംബവും വർഷങ്ങളായി വിദേശത്താണ്. ഒരു സെക്യൂരിറ്റി ജീവനക്കാരൻ മാത്രമാണ് ഇവിടെയുണ്ടായിരുന്നത്. 


യുവതിയുടെ മൃതദേഹം കണ്ടെത്തിയെങ്കിലും മരിച്ചത് ആരാണെന്ന് ആദ്യം വ്യക്തമായിരുന്നില്ല. തുടർന്ന്

പോലീസ് നടത്തിയ അന്വേഷണത്തിലാണ് സമീപത്തെ വീട്ടുജോലിക്കാരിയായ ഫാത്തിമയാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചത്. യുവതിയുടെ ദേഹത്ത് ഇവർ ധരിച്ചിരുന്ന സ്വർണാഭരണങ്ങളുണ്ട്. രാവിലെ പത്തുമണിയോടെയാണ് ഫാത്തിമ വീട്ടില്‍നിന്ന് ഇറങ്ങിയതെന്നാണ് വിവരം. സംഭവം ആത്മഹത്യയാകാമെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം.

അതേസമയം, പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ മരണകാരണം ഉള്‍പ്പെടെ വ്യക്തമാവുകയുള്ളൂവെന്നും പോലീസ് പറഞ്ഞു. ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കിയശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Follow us on :

More in Related News