Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Aug 2024 17:01 IST
Share News :
കടുത്തുരുത്തി: ജലജന്യരോഗങ്ങളുമായി ബന്ധപ്പെട്ട പ്രതിരോധം തീർക്കാൻ സ്്കൂളുകളിലെ ജലഗുണനിലവാര പരിശോധന ലാബുകൾക്കു സാധിക്കുമെന്ന് സഹകരണ-തുറമുഖ-ദേവസ്വം വകുപ്പു മന്ത്രി വി.എൻ. വാസവൻ. ഹരിതകേരളം മിഷൻ കേരള പുനർനിർമാണ പദ്ധതിയുടെ സഹായത്തോടെ ജില്ലയിലെ ഹയർ സെക്കൻഡറി സ്‌കൂളുകളിൽ സ്ഥാപിക്കുന്ന ജലഗുണനിലവാര പരിശോധന ലാബിന്റെ ജില്ലാതല ഉദ്ഘാടനം കുമരകം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നിർവഹിച്ചുകൊണ്ടു പ്രസംഗിക്കുകയായിരുന്നു മന്ത്രി. ജില്ലയിലെ സ്‌കൂളുകളിൽ അധികസൗകര്യങ്ങൾ ഏർപ്പെടുത്തിക്കൊണ്ടും കുട്ടികൾക്കും അധ്യാപകർക്കും മതിയായ പരിശീലനം നൽകിക്കൊണ്ടുമാണ് പദ്ധതി നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു. കാഞ്ഞിരപ്പള്ളി മേരി ക്വീൻസ് ഹോസ്പിറ്റലിന് ഹരിതസ്ഥാപനം സർട്ടിഫിക്കറ്റ് വിതരണവും മന്ത്രി ചടങ്ങിൽ നിർവഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു അധ്യക്ഷയായി. നവകേരളം കർമപദ്ധതി-രണ്ട് സംസ്ഥാന കോ-ഓർഡിനേറ്റർ ഡോ. ടി.എൻ. സീമ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ധന്യ സാബു, ജില്ലാ പഞ്ചായത്തംഗം പി.ആർ. അനുപമ, ബ്ലോക്ക് പഞ്ചായത്തംഗം മേഘല ജോസഫ്, കുമരകം ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ പി.ഐ. എബ്രഹാം, വിദ്യാകിരണം കോ-ഓർഡിനേറ്റർ പി. പ്രസാദ്, ജി.വി.എച്ച്.എസ്. പ്രിൻസിപ്പൽ പി.എക്‌സ്. ബിയാട്രീസ് മറിയ, വി.എച്ച്.എസ്.സി. പ്രിൻസിപ്പൽ എം.എസ്. ബിജീഷ്, ഹെഡ്മിസ്ട്രസ് പി.എം. സുനിത, പി.ടി.എ. പ്രസിഡന്റ് വി.എസ്. സുഗേഷ് എന്നിവർ പ്രസംഗിച്ചു.
സംസ്ഥാനത്ത് കുടിവെള്ളത്തിനു പ്രധാനമായും തുറന്നു കിണറുകളെയാണ് ആശ്രയിക്കുന്നത്.ഇത്തരം ജലസ്രോതസ്സുകൾ അനുദിനം മലിനമാകുന്നുണ്ട്. മലിന ജലമാണു ജലജന്യ രോഗങ്ങളുടെ മുഖ്യകാരണവും. നിലവിൽ കുറച്ചു സ്ഥാപനങ്ങൾ മാത്രമാണ് ജലഗുണ നിലവാര പരിശോധന നടത്തുന്നത്. സംസ്ഥാനത്തെ 60 ലക്ഷത്തിലധികം വരുന്ന കിണറുകളിലെ ജലം പരിശോധിച്ചു ഗുണനിലവാരം നിശ്ചയിക്കാൻ ഇതു പര്യാപ്തമല്ല. ഇതിനു പരിഹാരമായാണ് ഹരിതകേരളം മിഷൻ ഹയർ സെക്കൻഡറി സ്‌കൂളുകളിൽ ജല ഗുണനിലവാര പരിശോധന ലാബുകൾ ആരംഭിച്ചത്. ജില്ലയിലെ വിവിധ ഹയർ സെക്കൻഡറി സ്‌കൂളുകളിലായി 70 ജലഗുണനിലവാര പരിശോധന ലാബുകളാണ് സ്ഥാപിക്കുന്നത്. ആദ്യഘട്ടത്തിൽ 30 ലാബുകൾ സ്ഥാപിക്കാനുള്ള നടപടി പൂർത്തീകരിച്ചു.
ഓരോ തദ്ദേശസ്ഥാപനങ്ങളിലും നിലവിലുള്ള ഹയർ സെക്കൻഡറി സ്‌കൂളിലെ കെമിസ്ട്രി ലാബുകളിൽ ആവശ്യമായ അടിസ്ഥാന സൗകര്യമെരുക്കി ജനകീയ ജല ഗുണനിലവാര പരിശോധന സംവിധാനമൊരുക്കും. ഇതിൽ കുട്ടികളെ കൂടി പങ്കാളികളാക്കി അവരെ പദ്ധതിയുടെ സന്ദേശവാഹകരാക്കുകയും ചെയ്യും. തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ വകുപ്പും ഹരിത കേരളം മിഷനും സംയുക്തമായാണു പദ്ധതി നടപ്പാക്കുന്നത്. എം.എൽ.എമാരുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗിച്ചും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്ലാൻ ഫണ്ട് വിനിയോഗിച്ചുമാണ് ആദ്യഘട്ടത്തിൽ ലാബുകൾ സ്ഥാപിച്ചത്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ കേരള പുനർനിർമ്മാണ പദ്ധതിയുടെ സഹായത്തോടെയാണ് ലാബുകൾ സ്ഥാപിക്കുന്ന പ്രവർത്തനം പുരോഗമിക്കുന്നത്. ലാബിന്റെ പ്രവർത്തനത്തിനുള്ള ആവർത്തന ചിലവ് തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതി വിഹിതം വകയിരുത്തി ജനങ്ങൾക്കു സൗജന്യ പരിശോധന ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്.
Follow us on :
Tags:
More in Related News
Please select your location.