Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കം നഗരസഭ സ്റ്റാൻ്റിംഗ് കമ്മറ്റി തിരഞ്ഞെടുപ്പ് ബി.ജെ.പി വിമതയ്ക്ക് അധ്യക്ഷ സ്ഥാനം; ലഭിച്ചത് നറുക്കെടുപ്പിലൂടെ.

09 Jan 2026 22:52 IST

santhosh sharma.v

Share News :

വൈക്കം: നഗരസഭയിൽ നടന്ന സ്റ്റാൻ്റിംഗ് കമ്മറ്റി തിരഞ്ഞെടുപ്പുകളിൽ എൽ ഡി എഫ് അംഗങ്ങൾ പാർട്ടി മാറി വോട്ട് ചെയ്തപ്പോൾ കോൺഗ്രസിനും ബി.ജെ.പി. വിമതയായി ജയിച്ച സ്വതന്ത്രയ്ക്കും അധ്യക്ഷ സ്ഥാനങ്ങൾ ലഭിച്ചു. ക്ഷേമകാര്യം, മരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റികളിലേക്ക് നടന്ന തിരഞ്ഞെടുപ്പുകളിലാണ് ഇടത് അംഗങ്ങൾ കോൺഗ്രസിനും ബി.ജെ.പി വിട്ട് സ്വതന്ത്രയായി മത്സരിച്ച അംഗത്തിനും വോട്ട് ചെയ്ത‌ത്. മരാമത്ത് തിരഞ്ഞെടുപ്പിൽ സ്റ്റാൻ്റിംഗ് കമ്മിറ്റി അധ്യക്ഷയായി ബിജെപി റിബലായി മത്സരിച്ച് വിജയിച്ച കെ.ബി.ഗിരിജകുമാരിയും കോൺഗ്രസിലെ കെ.എൻ.മാധുരിയാണ് എതിരായി മത്സരിച്ചത്. ഇവരെ കൂടാതെ കോൺഗ്രസിലെ ഇടവട്ടം ജയകുമാറിനും, സിപിഎമ്മിലെ എസ്.ഹരിദാസൻ നായർക്കുമാണ് വോട്ടവകാശം ഉണ്ടായിരുന്നത് ഇതിൽ ഇടവട്ടം ജയകുമാർ കെ.എൻ.മാധുരിക്കും, എസ്.ഹരിദാസൻ നായർ, കെ.ബി.ഗിരിജ കുമാരിക്കും വോട്ട് ചെയ്തതോടെ രണ്ട് സ്‌ഥാനാർഥികൾക്കും അവരവരുടെ ഉൾപ്പെടെ രണ്ട് വോട്ട് വീതം ലഭിച്ചു. തുടർന്ന് നടന്ന നറുക്കെടുപ്പിലൂടെ കെ.ബി.ഗിരിജാകുമാരി മരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷയായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. അതെ സമയം ക്ഷേമകാര്യസ്റ്റാൻ്റിംഗ് കമ്മിറ്റിയിലേക്ക് കോൺഗ്രസിലെ ഗീതാ പുരുഷനും ബി.ജെ.പിയിലെ വി. അമ്പിളിയുമാണ് മത്സരിച്ചത്. കോൺഗ്രസിലെ പി.ഡി. പ്രസാദും സ്ഥാനാർത്ഥിയും വോട്ട് ചെയ്തപ്പോൾ സി.പി.എമ്മിലെ പി.ടി.രാജേഷും കോൺഗ്രസിലെ ഗീതപുരുഷന് വോട്ടിട്ടു. ഇതോടെ സ്വന്തം വോട്ട് ഉൾപ്പെടെ ഗീതാ പുരുഷന് മൂന്ന് വോട്ട് ലഭിച്ചതോടെ കോൺഗ്രസിലെ ഗീതാ പുരുഷൻ ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സണായി തിരഞ്ഞെടുക്കപ്പെട്ടു. ബി.ജെ. പിയിലെ അമ്പിളിയ്ക്ക് കിട്ടിയത് സ്വന്തം വോട്ടും.

ധനകാര്യസ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സണായി വൈസ് ചെയർപേഴ്സ‌സൺ സൗദാമിനി അഭിലാഷും ,വികനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനായി കോൺഗ്രസിലെ ബി.രാജശേഖരനും ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനായി കോൺഗ്രസിലെ സോണി സണ്ണിയും, വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനായി സി പി ഐ യിലെ ഡി. രഞ്ജിത്ത് കുമാറും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. നഗരസഭ കാര്യങ്ങളിൽ എൽഡിഎഫിന് ഒപ്പം നിന്ന് പ്രവർത്തിക്കുമെന്ന് മരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി അധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ട ബിജെപി വിമത കെ. ബി ഗിരിജ കുമാരി പറഞ്ഞു.

Follow us on :

More in Related News