Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Feb 2025 18:59 IST
Share News :
കൊണ്ടോട്ടി : മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിള കലാഅക്കാദമിയുടെ ജനകീയ സാംസ്കാരിക ഉത്സവമായ വൈദ്യർ മഹോത്സവം 2025 വ്യാഴാഴ്ച അഞ്ചാം ദിവസത്തിലേക്ക് പ്രവേശിക്കും. ഫാറൂഖ് ട്രെയിനിങ് കോളജിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ദേശീയ സെമിനാർ ആണ് നാളത്തെ ആദ്യ പരിപാടി. ഫാറൂഖ് ട്രെയിനിങ് കോളേജിൽ നടക്കുന്ന സെമിനാർ പ്രൊഫ. എം എം നാരായണൻ ഉദ്ഘാടനം ചെയ്യും. അന്താരാഷ്ട്ര പ്രശസ്തനായ സാംസ്കാരിക ഗവേഷകൻ ഡോ: മഹമൂദ് കൂരിയ മുഖ്യപ്രഭാഷണം നടത്തും. അക്കാദമി ചെയർമാൻ ഡോ: ഹുസൈൻ രണ്ടത്താണി അധ്യക്ഷത വഹിക്കും. " മാപ്പിള കലകൾ ചരിത്രവും വർത്തമാനവും" എന്ന വിഷയത്തിലുള്ള സെമിനാറിൽ കേരളത്തിനകത്തും പുറത്തുമുള്ള വിവിധ സർവകലാശാലകളിലെ യുവ ഗവേഷകർ അവരുടെ ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിക്കും. ഡോ: സലിം എടരിക്കോട്, ഡോ: പി പി മുഹമ്മദ് അബ്ദുൽ സത്താർ, ഡോ: കെ എം ഷെരീഫ്, മാപ്പിള കലാ അക്കാദമി സെക്രട്ടറി ബഷീർ ചുങ്കത്തറ എന്നിവർ വിവിധ സെഷനുകളിൽ മോഡറേറ്റർമാരായി പങ്കെടുക്കും.
വൈകിട്ട് മൂന്ന് മണിക്ക് കൊണ്ടോട്ടി അക്കാദമിയിൽ മാപ്പിളപ്പാട്ട് കവിയരങ്ങ്, സാംസ്കാരിക സമ്മേളനം, "അന്തിപ്പൊൻവെട്ടം" ഗാനമേള എന്നിവ അരങ്ങേറും. സാംസ്കാരിക സമ്മേളനത്തിൽ " കലയും മതനിരപേക്ഷതയും" എന്ന വിഷയത്തിൽ ജി.പി രാമചന്ദ്രൻ വൈദ്യർ സ്മാരക പ്രഭാഷണം നടത്തും.
വെള്ളിയാഴ്ച കൊണ്ടോട്ടി തൗദാരം, ഖവാലി, 'മാപ്പിളപ്പാട്ടിന്റെ സംഗീത വഴികൾ' എന്ന വിഷയത്തിലുള്ള ഫിറോസ് ബാബുവിന്റെ "പാട്ടും പറച്ചിലും" എന്നീ പരിപാടികൾ അവതരിപ്പിക്കപ്പെടും.
ഫെബ്രുവരി 8 ശനിയാഴ്ച പകൽ മുഴുവൻ നീണ്ടുനിൽക്കുന്ന സാക്ഷരതാ മിഷൻ കലാമേളയിൽ മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിച്ചേരുന്ന പഠിതാക്കളും പ്രവർത്തകരുമായ 500 ലേറെ പേർ പങ്കെടുക്കും. തുടർന്ന് മാപ്പിളപ്പാട്ട് ക്വിസ് റിയാലിറ്റി ഷോ, മാപ്പിള കല നാടൻകല ഉത്സവം എന്നീ പരിപാടികളും അരങ്ങേറും.
സമാപന ദിവസമായ ഫെബ്രുവരി 9 ഞായറാഴ്ച കിസ്സപ്പാട്ട് സംഗമം, മുട്ടിപ്പാട്ട്, സമാപന സമ്മേളനം, ഗാനമേള മത്സരം എന്നീ പരിപാടികൾ നടക്കും. സമാപന സമ്മേളനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. അക്കാദമി അവതരിപ്പിക്കുന്ന "പാട്ടും ചുവടും" എന്ന ഡോക്യുമെന്ററിയുടെ പ്രകാശനവും നടക്കും. ഇടി മുഹമ്മദ് ബഷീർ എംപി, പി പി സുനീർ എംപി, ടിവി ഇബ്രാഹിം എംഎൽഎ, വി ടി മുരളി തുടങ്ങിയവർ പങ്കെടുക്കും. മാപ്പിള കല സാംസ്കാരിക രംഗങ്ങളിലെ മൺമറഞ്ഞ പ്രതിഭകളുടെ ഫോട്ടോകളും സമാപന സമ്മേളനത്തിൽ അനാച്ഛാദനം ചെയ്യപ്പെടും.
പത്ര സമ്മേളനത്തിൽ അക്കാദമി ചെയർമാൻ ഡോ: ഹുസൈൻ രണ്ടത്താണി, വൈസ് ചെയർമാൻ പുലിക്കോട്ടിൽ ഹൈദരാലി, സെക്രട്ടറി ബഷീർ ചുങ്കത്തറ, അക്കാദമി അംഗം ഫിറോസ് ബാബു എന്നിവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.