Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ട്രംപിന്റെ കുടിയേറ്റ വിരുദ്ധ വിമാനം ഇന്ത്യയിലേക്കും, അനധികൃത കുടിയേറ്റക്കാരുമായി സി 17 വിമാനം രാജ്യത്തേക്ക്

04 Feb 2025 10:16 IST

Shafeek cn

Share News :

ദില്ലി: അമേരിക്കയില്‍ നിന്ന് ഇന്ത്യന്‍ അനധികൃത കുടിയേറ്റക്കാരുമായി സൈനിക വിമാനം പുറപ്പെട്ടെന്ന് റിപ്പോര്‍ട്ട്. അമേരിക്കന്‍ സൈന്യത്തിന്റെ സി 17 വിമാനത്തിലാണ് ഇവരെ ഇന്ത്യയിലേക്ക് അയച്ചതെന്നാണ് വിവരം. നേരത്തെ 18000 ഇന്ത്യക്കാരായ അനധികൃത കുടിയേറ്റക്കാരെ അമേരിക്ക നാട് കടത്തും എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. 24 മണിക്കൂറിനുള്ളില്‍ ഈ വിമാനം ഇന്ത്യയിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ അനധികൃത കുടിയേറ്റത്തിന് പരിഹാരം കാണാനായി ട്രംപ് ഭരണകൂടം സൈന്യത്തിന്റെ സഹായം തേടിയിരുന്നു. 


യുഎസ് മെക്‌സിക്കോ അതിര്‍ത്തിയിലേക്ക് അധിക സൈന്യത്തെയാണ് അയച്ചത്. സൈനിക ബേസുകളില്‍ അനധികൃത കുടിയേറ്റക്കാരെ എത്തിച്ച ശേഷം സൈനിക വിമാനങ്ങളില്‍ തിരികെ അയയ്ക്കുന്നതായാണ് റിപ്പോര്‍ട്ട്. ഗ്വാട്ടിമാല, പെറു, ഹോണ്ടുറാസ് എന്നിവിടങ്ങളിലേക്കും ഇത്തരത്തില്‍ അനധികൃത കുടിയേറ്റക്കാരുമായി സൈനിക വിമാനം പുറപ്പെട്ടിട്ടുണ്ട്. ട്രംപ് വൈറ്റ് ഹൌസിലേക്ക് തിരിച്ചെത്തിയതി ശേഷം ആദ്യമായി ഇത്തരത്തില്‍ കുടിയേറ്റക്കാരെ തിരിച്ചയ്ക്കുന്നത് ഇന്ത്യയിലേക്കാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വിശദമാക്കുന്നത്. നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഇന്ത്യയില്‍ നിന്നുള്ള അനധികൃത കുടിയേറ്റത്തേക്കുറിച്ചുള്ള ആശങ്ക ട്രംപും സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും പങ്കുവച്ചിരുന്നു. 


അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപ് വീണ്ടും അധികാരമേറ്റതിന് പിന്നാലെ അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി തുടങ്ങിയിരുന്നു. പുതിയ ഭരണകൂടം സത്യപ്രതിജ്ഞ ചെയ്ത് മൂന്ന് ദിവസമായപ്പോള്‍ 538 അനധികൃത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്തതായും നൂറുകണക്കിന് ആളുകളെ സൈനിക വിമാനം ഉപയോഗിച്ച് നാടുകടത്തിയെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് പ്രതികരിച്ചിരുന്നു. പ്രധാന മന്ത്രി നരേന്ദ്ര മോദി ഈ മാസം അമേരിക്ക സന്ദര്‍ശിക്കാനിരിക്കേയാണ് അനധികൃത കുടിയേറ്റക്കാരുമായി സൈനിക വിമാനങ്ങള്‍ ഇന്ത്യയിലേക്ക് എത്തുന്നത്. 12, 13 തീയതികളിലായിരിക്കും സന്ദര്‍ശനം. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ക്ഷണപ്രകാരമാണ് യാത്ര. അമേരിക്കയില്‍ എത്തുന്ന മോദി ട്രംപുമായി കൂടിക്കാഴ്ച നടത്തും.

Follow us on :

More in Related News