Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Aug 2025 21:31 IST
Share News :
കടുത്തുരുത്തി : പൊതുവിദ്യാഭ്യാസവകുപ്പ് സമഗ്ര ശിക്ഷ കേരള സ്റ്റാര്‍സ് പദ്ധതിയില്‍ 10 ലക്ഷം രൂപ ചെലവഴിച്ചു നടപ്പാക്കുന്ന വര്‍ണ്ണക്കൂടാരം മാതൃകാ പ്രീ-പ്രൈമറി തൃക്കൊടിത്താനം ഗവണ്‍മെന്റ് എല്‍.പി. സ്‌കൂളില്‍ ആരംഭിച്ചു. അഡ്വ. ജോബ് മൈക്കിള്‍ എം.എല്‍.എ. വര്‍ണ്ണക്കൂടാരം ഉദ്ഘാടനം ചെയ്തു. തൃക്കൊടിത്താനം ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 42 ലക്ഷം രൂപ വിനിയോഗിച്ച് നിര്‍മിച്ച എല്‍.പി. വിഭാഗം ഒന്നാംനില കെട്ടിടത്തിന്റെ ഉദ്ഘാടനം മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍. രാജു നിര്‍വഹിച്ചു. തൃക്കൊടിത്താനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മോളി ജോസഫ് അധ്യക്ഷത വഹിച്ചു. സര്‍ക്കാര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജു നാരായണസ്വാമി മുഖ്യപ്രഭാഷണം നടത്തി.
എല്‍.പി. വിഭാഗം ഒന്നാം നിലയില്‍ രണ്ട് ക്ലാസ്സ് മുറികളും ആധുനിക സംവിധാനങ്ങളോടു കൂടിയ മൂന്ന് ടോയ്ലറ്റ് സമുച്ചയവും ഒരുക്കിയിട്ടുണ്ട്.
അനുഭവാധിഷ്ഠിത പഠനം പ്രായോഗികമാക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ വര്‍ണ്ണക്കൂടാരം പദ്ധതിയില്‍ 'കളിത്തോണി' എന്ന പാഠപുസ്തകത്തിലൂടെ 30 വിഷയങ്ങള്‍ കുട്ടികള്‍ മനസ്സിലാക്കി അതിലൂടെ അവരുടെ സമഗ്രവികസനം ഉറപ്പാക്കുന്നു. കുഞ്ഞരങ്ങ്, ശാസ്ത്രയിടം,ഭാഷാ വികസനയിടം,ഗണിതയിടം,ആട്ടവും പാട്ടും, സംഗീതയിടം, കരകൗശലം, അകം കളിയിടം, പുറം കളിയിടം, പഞ്ചേന്ദ്രിയ അനുഭവയിടം, ഹരിതയിടം, വരയിടം, ഇ-ഇടം എന്നീ 13 പ്രവര്‍ത്തന ഇടങ്ങളാണ് വര്‍ണ്ണകൂടാരത്തില്‍ ഒരുക്കിയിരിക്കുന്നത്. ശിശു സൗഹൃദ ഫര്‍ണ്ണിച്ചറും വര്‍ണ്ണാഭമായ ചുവര്‍ ചിത്രങ്ങളും സാധാരണ ക്ലാസ് മുറികളില്‍നിന്നും വര്‍ണ്ണക്കൂടാരത്തെ വ്യത്യസ്തമാക്കുന്നു.
ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ മഞ്ജു സുജിത്ത്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിത സുരേഷ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ ടി. രഞ്ജിത്, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ മറിയാമ്മ മാത്യു, പി.എസ്. സാനില, അനിത ഓമനക്കുട്ടന്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ പ്രിന്‍സി രാജേഷ്, ഉഷ രവീന്ദ്രന്‍, ജാന്‍സി മാര്‍ട്ടിന്‍, മേഴ്‌സി റോയ്, കെ.എന്‍. സുവര്‍ണ്ണകുമാരി, പ്രസാദ് കുമരംപറമ്പില്‍, ചങ്ങനാശ്ശേരി എ.ഇ.ഒ. കെ.എ. സുനിത, ചങ്ങനാശ്ശേരി ബ്ലോക്ക് പ്രോജക്ട് കോര്‍ഡിനേറ്റര്‍ പ്രീത ടി.കുറുപ്പ്, ബി.ആര്‍.സി. ട്രെയിനര്‍ പി.സി. രാധാകൃഷ്ണന്‍, എല്‍.പി.എസ്. ഹെഡ്മിസ്ട്രസ് എ.എം. അജിതമ്മ, ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ എ. സജീന, ഹെഡ്മിസ്ട്രസ് ആര്‍.എസ്. രാജി,പി.ടി.എ. പ്രസിഡന്റ് പ്രിയങ്ക സോക്രട്ടീസ്, പ്രീ -പ്രൈമറി അധ്യാപിക പി.ജി. ശ്രീകല എന്നിവര്‍ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.