Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 May 2024 20:53 IST
Share News :
കടുത്തുരുത്തി: കുറവിലങ്ങാടിനെയാകെ ദുഃഖത്തിലാഴ്ത്തി 18 പേരുടെ ജീവനെടുത്ത കൊടൈക്കനാല്‍ ദുരന്തത്തിന് (2024 മെയ് 8 ബുധൻ) 48 വർഷം തികയും. കുറവിലങ്ങാടിന്റെ പ്രിയപ്പെട്ടവരായിരുന്ന 18 പേരെ ബസപകടത്തിന്റെ രൂപത്തിലെത്തി മരണം തട്ടിയെടുത്തത് 1976 മെയ് 8 ന് ആയിരുന്നു. ഇവർക്കുവേണ്ടിയുള്ള പ്രത്യേക അനുസ്മരണ ശുശ്രൂഷകൾ നാളെ കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർത്ഥാടന ദേവാലയത്തിൽ നടക്കും. രാവിലെ 7.30ന് വിശുദ്ധ കുർബാനയും തുടർന്ന് പുന:രുത്ഥാനപൂന്തോട്ടത്തിൽ പ്രത്യേക പ്രാർത്ഥനകളും നടത്തും.
തുടർന്ന് സെഹിയോൻ ഹാളിൽ അനുസ്മരണ സമ്മേളനം. ആർച്ച്പ്രീസ്റ്റ് റവ.ഡോ. അഗസ്റ്റിൻ കൂട്ടിയാനിയിൽ അനുസ്മരണ പ്രഭാഷണം നടത്തും.
പാലാ രൂപതയിലെ മികച്ച വിശ്വാസപരിശീലകനുള്ള അവാർഡും ഫൊറോനയിലെ വിശ്വാസപരിശീലകരുടെ മക്കൾക്കുള്ള എസ്എസ്എൽസി കാഷ് അവാർഡുകളൂം സമ്മാനിക്കും.
1976 മേയ് 7 ന് കുറവിലങ്ങാട് ഇടവകയിലെ വിശ്വാസ പരിശീലകരായ 43 അദ്ധ്യാപകരും 3 വൈദികരും ഒരു വൈദികവിദ്യാർത്ഥിയും രണ്ട് ബസ് ജീവനക്കാരും ഉൾപ്പെട്ട 49 അംഗ സംഘം ആണ് അപകടത്തിൽപെട്ടത്. സംഘം യാത്ര പുറപ്പെട്ട് തേക്കടി, മധുര മുതലായ സ്ഥലങ്ങൾ സന്ദർശിച്ച് പിറ്റേന്ന് ഉച്ചകഴിഞ്ഞ് കൊടൈക്കനാലെത്തി, അവിടുത്തെ കാഴ്ചകൾ കണ്ട് നാട്ടിലേക്ക് തിരിച്ചു വരുംവഴി ഡംഡം പാറ എന്ന സ്ഥലത്തുവച്ച് ബസ് 600 അടിയോളം താഴ്ചയിലേക്ക് മറിഞ്ഞ് അപകടത്തിൽപ്പെടുകയായിരുന്നു.
റോഡരികിലെ മതില്‍ ഇടിച്ചുതകര്‍ത്ത ബസ് തലകുത്തനെ കൊക്കയിലേക്ക് മറിയുകയായിരുന്നു. വൈകുന്നേരം അഞ്ചരയോടെ അപകടത്തില്‍പ്പെട്ടവരെ റോഡിലെത്തിച്ചപ്പോള്‍ രാത്രി 11 കഴിഞ്ഞിരുന്നു. കിഴുക്കാംതൂക്കായ പാറക്കെട്ടുകള്‍ക്കിടയില്‍ വീണ് എല്ലാവർക്കും ദേഹമാസകലം ഗുരുതരമായി പരിക്കേറ്റിരുന്നു.
രണ്ട് വൈദികരും, 16 സൺഡേ സ്‌കൂൾ അദ്ധ്യാപകരും അപകടത്തിൽ മരിച്ചു.
റവ.ഫാ. പോള്‍ ആലപ്പാട്ട്, റവ.ഫാ. മാത്യു പട്ടരുമഠം, വി.കെ.ഐസക് വാക്കയില്‍, കെ.എം.ജേക്കബ് കാരാംവേലില്‍, എം.എം.ജോണ്‍ കൂഴാമ്പാല, എം.എം. ജോസഫ് കൂഴാമ്പാല, കെ.എം.ജോസഫ് കൊച്ചുപുരയ്ക്കല്‍, ടി.എം.ലൂക്കോസ് താന്നിക്കപ്പുഴ, കെ.ഡി. ജോര്‍ജ് കൂനംമാക്കീല്‍, കെ.ഡി. വര്‍ക്കി കൊള്ളിമാക്കിയില്‍, സി.കെ.വര്‍ക്കി ചിറ്റംവേലില്‍, പി.എം.ജോസഫ് പുന്നത്താനത്ത്, ടി.ഒ. മാത്യു തേക്കുങ്കല്‍, സെബാസ്റ്റ്യന്‍ ചിങ്ങംതോട്ട്, കെ.എം. കുര്യന്‍ കരോട്ടെകുന്നേല്‍, വര്‍ക്കി മുതുകുളത്തേല്‍, ദേവസ്യ പൊറ്റമ്മേല്‍, ജോസഫ് പുല്ലംകുന്നേല്‍ എന്നിവരാണ് അപകടത്തില്‍ മരണപ്പെട്ടത്.
അന്ന് ടെലിഫോണുകൾ വളരെ അപൂർവ്വമായിരുന്ന കാലം, മരുന്നിന്റെ സ്റ്റോക്ക്എടുപ്പിനായി അസാധാരണമായി അന്ന് രാത്രി മുഴുവൻ തുറന്നുവെച്ചിരുന്ന പന്തനാപ്പള്ളി കൊച്ചേട്ടന്റെ മരുന്നുകടയിലേക്ക് വെളുപ്പിന് മൂന്നുമണിക്ക് ദീപിക പത്രത്തിൽനിന്നെത്തിയ ഫോൺകോൾവഴിയാണ് കുറവിലങ്ങാട്ട് ആദ്യം ദുരന്തവാർത്ത എത്തുന്നത്. മരുന്നുകട കൊച്ചേട്ടൻ അപ്പോൾതന്നെ വെള്ളായിപ്പറമ്പിൽ കുഞ്ഞേട്ടനെ (വി യു ഉതുപ്പ്) വിവരം അറിയിച്ചു. വിവരം അറിഞ്ഞയുടനെ, കുഞ്ഞേട്ടൻ തിരക്കിട്ടു പാലായിലെത്തി, അന്ന് പാലാ രൂപതയുടെ സഹായമെത്രാനായിരുന്ന മാർ ജോസഫ് പള്ളിക്കാപ്പറമ്പിലിനെ ഒപ്പംകൂട്ടി ദുരന്തഭൂമിയിലെത്തി, രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഇവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തകർ ബത്തൽഗുണ്ട ആശുപത്രിയിൽ എത്തി മൃതദേഹങ്ങൾ ഏറ്റുവാങ്ങി നാട്ടിലെത്തിക്കാനുള്ള ക്രമീകരണങ്ങൾ ചെയ്തു. ഒരു കെഎസ്ആർടിസി ബസ് അത്യവശ്യം ആൾക്കാരുമായി രാവിലെ അപകടസ്ഥലത്തേക്ക് പുറപ്പെട്ട് അതിൽ മരിച്ചവരുടെ മൃതദേഹങ്ങളുമായി അടുത്തദിവസം ഉച്ചകഴിഞ്ഞപ്പോഴേക്കും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു. കുറവിലങ്ങാട് പള്ളിയിലെ പുനരുത്ഥാനപൂന്തോട്ടത്തിൽ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്താണ് കൊടൈക്കനാലിൽ പൊലിഞ്ഞവരുടെ മൃതദേഹങ്ങൾ സംസ്കരിച്ചിട്ടുള്ളത്
അപകടത്തിൽപെട്ട വിനോദയാത്ര സംഘത്തിലെ തലനാരിഴയ്ക്ക് ജീവൻ നഷ്ടപ്പെടാതെ തിരിച്ചത്തിയ ഫാ. തോമസ് ഓലിക്കൽ, ഡോ. കുര്യാസ് കുമ്പളക്കുഴി, എം.ഡി. ദേവസ്യ മാപ്പിളപറമ്പില്‍, വി.കെ. ലൂക്കാ വാഴപ്പള്ളില്‍, എം.എസ്. മാത്യു ചാമക്കാലാ, ടി.ജെ. സെബാസ്റ്റ്യന്‍ തേക്കുങ്കല്‍, ടി.എം. ജേക്കബ് കൊല്ലിത്തോട്ടത്തില് തുടങ്ങിയവരുടെ ഓര്‍മ്മകളില്‍ അപകടത്തിന്റെ പേടിപ്പെടുത്തുന്ന ഓര്‍മ്മകളും പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടതിന്റെ വേദനയും ഈ ദിവസങ്ങളിൽ കൂടുതലാണ്
Follow us on :
Tags:
More in Related News
Please select your location.