Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Jul 2025 16:56 IST
Share News :
വൈക്കം: ശക്തമായ കാറ്റിലും മഴയിലും കൂറ്റൻ പ്ലാവ് മരം കടപുഴകി വീണ് വീട് തകർന്നു. സംഭവ സമയത്ത് വീടിൻ്റെ സിറ്റൗട്ടിൽ ഇരുന്ന് പഠിക്കുകയായിരുന്ന വിദ്യാർഥി ഉടൻ ഓടി മാറിയതിനാൽ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ മറവൻതുരുത്ത് ഇടവട്ടത്താണ് സംഭവം. ഇടവട്ടം കാളിയത്ത് ബിനുവിൻ്റെ ഉടമസ്ഥതയിലുള്ള വാടകയ്ക്ക് നൽകിയ ഓട് മേഞ്ഞ വീടിന് മുകളിലേക്ക് പുരയിടത്തിൽ നിന്ന കൂറ്റൻ പ്ലാവ് മരം കടപുഴി വീഴുകയായിരുന്നു. വാടക വീട്ടിൽ താമസിക്കുന്ന പൊതി കുഴിപ്പിൽ സജിയുടെ മകൻ ബിസിഎ വിദ്യാർഥി ശ്രീജിത്താണ് പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടത്. കെട്ടിട നിർമ്മാണ തൊഴിലാളിയായ സജിയും സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയായ ഭാര്യ ബിജിയും ജോലിക്ക് പോയതിനാൽ വീട്ടിൽ ശ്രീജിത്ത് മാത്രമാണ് ഉണ്ടായിരുന്നത്. കോളേജ് അവധിയായിരുന്നതിനാൽ ഈ സമയത്ത് ശ്രീജിത്ത് വീട്ടിലിരുന്ന് പഠിക്കുകയായിരുന്നു. ശക്തമായ കാറ്റിൽ പ്ലാവ് മരം കടപുഴകി വീഴുന്ന ശബ്ദം കേട്ട് ഉടൻ ഓടി മാറിയതിനാലാണ് ദുരന്തം ഒഴിവായത്. ഓട് മേഞ്ഞ വീടിൻ്റെ മധ്യഭാഗത്താണ് മരം കടപുഴകി വീണത്. ഉത്തരം ഉൾപ്പടെ മേൽക്കുരയും ഓടും പൂർണ്ണമായി തകർന്ന് വീഴുകയായിരുന്നു. വീടിനുള്ളിൽ ഉണ്ടായിരുന്ന ഫാൻ, ഫ്രിഡ്ജ് ഉൾപ്പടെയുള്ള ഇലട്രിക്ക് ഉപകരണങ്ങൾ, മേശ, കട്ടിൽ, ഡസ്ക്ക്, പാത്രങ്ങൾ എന്നിവ പൂർണ്ണമായി നശിച്ചു. മരം വീണതിനെ തുടർന്ന് ഭിത്തികൾക്ക് വിള്ളൽ വീണ് വീട് പൂർണ്ണമായി അപകടാവസ്ഥയിലാണ്. സ്വന്തമായി കിടപ്പാടം ഇല്ലാതെ വാടക വീട്ടിൽ കഴിയുന്ന നിർദ്ധന കുടുംബം ഇനി അന്തിയുറങ്ങാൻ എന്ത് ചെയ്യുമെന്ന് അറിയാതെ പകച്ച് നിൽക്കുകയാണ്.
Follow us on :
Tags:
Please select your location.