Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Sep 2024 18:30 IST
Share News :
കോഴിക്കോട് : നടൻ വിജിലേഷിന് വീടിന്റെ ഒക്യൂപൻസിയുമായി ബന്ധപ്പെട്ട പ്രശ്നത്തിന് തദ്ദേശ അദാലത്തിൽ സൂപ്പർ ക്ലൈമാക്സ്. ഒക്യൂപൻസിയുമായി ബന്ധപ്പെട്ട പ്രശ്നം തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി വിശദമായി കേൾക്കുകയും, പരിഹാരം കാണുകയുമായിരുന്നു. വിജിലേഷിന് ഒക്യുപൻസി സർട്ടിഫിക്കറ്റ് നൽകാൻ മന്ത്രി ഉത്തരവിട്ടു. ഓൺലൈനായി നടപടികൾ നിർവഹിച്ച് അര മണിക്കൂറിനുള്ളിൽ അദാലത്ത് വേദിയിൽ വെച്ച് മന്ത്രി നേരിട്ട് വിജിലേഷിന് ഒക്യുപെൻസി സർട്ടിഫിക്കറ്റ് കൈമാറുകയും ചെയ്തു.
അരിക്കുളം പഞ്ചായത്തിലെ രണ്ടാം വാർഡിൽ വിജിലേഷ് പുതുതായി നിർമ്മിച്ച 188.51 ച. മീറ്ററുള്ള വീടുമായി ബന്ധപ്പെട്ടായിരുന്നു പരാതി. വീടിന്റെ സമീപത്തെ ഇടവഴിയുമായുള്ള അകലം സംബന്ധിച്ച സാങ്കേതിക പ്രശ്നങ്ങൾ കാരണമാണ് വിജിലേഷിന്റെ അപേക്ഷ പഞ്ചായത്ത് നിരസിച്ചത്.
ഇതോടെയാണ് വിജിലേഷ് അപേക്ഷയുമായി അദാലത്തിൽ മന്ത്രിക്ക് മുന്നിലെത്തിയത്.
അപേക്ഷ പരിശോധിച്ച മന്ത്രി, കെട്ടിട നിർമാണ ചട്ടത്തിലെ കെപി ബിആർ 23 (2)ൽ ചട്ടഭേദഗതി കൊണ്ടുവരാൻ തീരുമാനിച്ച വിവരം അറിയിച്ചു. ഒരു വശം അടഞ്ഞതും 75 മീറ്ററിൽ കുറഞ്ഞ നീളമുള്ളതുമായ തെരുവുകളുടെ അതിരിലുള്ള പ്ലോട്ടുകളിൽ നിർമ്മിക്കുന്ന കെട്ടിടങ്ങൾ, ആ തെരുവുമായി ഒന്നര മീറ്റർ അകലം പാലിക്കണമെന്ന വ്യവസ്ഥയിൽ ഇളവ് വരുത്താനാണ് തീരുമാനിച്ചത്. അപ്രകാരമുള്ള തെരുവ് അഞ്ചിൽ അധികരിക്കാത്ത എണ്ണം പ്ലോട്ടുകളിലേക്കോ കെട്ടിടങ്ങളിലേക്കോ നയിക്കുന്ന വഴിയാണെങ്കിൽ ആ വഴി പ്രയോജനപ്പെടുത്തുന്ന മുഴുവൻ ഭൂവുടമകളും കെട്ടിട ഉടമകളും പരസ്പരം എഴുതി നൽകുന്ന സമ്മത പത്രത്തിന്റെ അടിസ്ഥാനത്തിൽ തെരുവിനോട് ചേർന്നുള്ള പ്ലോട്ട് അതിരിൽ നിന്നും കെട്ടിടത്തിലേക്കുള്ള ദൂരം ഒരു മീറ്റർ വരെയാക്കി കുറയ്ക്കാവുന്നതാണ് എന്ന ഭേദഗതിയാണ് വരുത്തുക. ഇതിന് ആവശ്യമായ ഭേദഗതി കെട്ടിടനിർമ്മാണവുമായി ബന്ധപ്പെട്ട 23ആം ചട്ടത്തിന്റെ രണ്ടാം ഉപചട്ടത്തിൽ വരുത്തും. ഈ ഭേദഗതി പരിഗണിക്കുമ്പോൾ വിജിലേഷിന്റെ വീടിന് മുന്നിലുള്ള വഴിയിൽ നിന്ന് ആവശ്യമായ അകലമുണ്ട്. അതിനാൽ തന്നെ ഈ തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ വിജിലേഷിന്റെ വീടുമായി ബന്ധപ്പെട്ട സാങ്കേതിക തടസങ്ങൾ നീക്കാനാകും.
ചട്ടഭേദഗതി തീരുമാന പ്രകാരം ഇളവ് അനുവദിച്ചാണ് ഒക്യുപെൻസി സർട്ടിഫിക്കറ്റ് അനുവദിക്കാൻ സെക്രട്ടറിക്ക് നിർദ്ദേശം നൽകിയത്. മന്ത്രിയുടെ ഉത്തരവിനെ തുടർന്ന് ഒക്യുപൻസി സർട്ടിഫിക്കറ്റ് അനുവദിക്കുകയും അത് വേദിയിൽ വെച്ച് തന്നെ വിജിലേഷിന് മന്ത്രി കൈമാറുകയുമായിരുന്നു. ഏറെക്കാലമായി തന്നെ അലട്ടിയ പ്രശ്നം പരിഹരിച്ചു കിട്ടിയതിന്റെ സന്തോഷവുമായാണ് വിജിലേഷ് അദാലത്തിന്റെ വേദി വിട്ടത്. തന്റെ ആവശ്യം അനുഭാവപൂർവ്വം പരിഹരിച്ചതിന് സംസ്ഥാന സർക്കാരിനും തദ്ദേശസ്വയംഭരണ മന്ത്രിക്കും നന്ദി പറയാനും അദ്ദേഹം മറന്നില്ല.
Follow us on :
Tags:
More in Related News
Please select your location.