Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ അവകാശമല്ല, സഹായം മാത്രം : സര്‍ക്കാര്‍ ഹൈക്കോടതിയില്‍

09 Apr 2024 14:29 IST

sajilraj

Share News :

കൊച്ചി : സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ അവകാശമാണെന്നു പറയാനാവില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. പെന്‍ഷന്‍ എന്നാണു പേരെങ്കിലും അത് സര്‍ക്കാര്‍ നല്‍കുന്ന സഹായം മാത്രമാണ്. പെന്‍ഷന്‍ നല്‍കുന്നതിനായി സെസ് പിരിക്കുന്നുണ്ട് എന്നതുകൊണ്ട് അതു നിയമപരമായ അവകാശമായി മാറില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സെസ് പിരിച്ചിട്ടും പെന്‍ഷന്‍ നല്‍കുന്നില്ലെന്നു ചൂണ്ടിക്കാട്ടി, അഡ്വ. എഎ ഷിബി നല്‍കിയ പൊതുതാത്പര്യ ഹര്‍ജിയിലാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നിലപാട് അറിയിച്ചത്.മദ്യത്തിനും ഇന്ധനത്തിനും സെസ് പിരിച്ചിട്ടും സര്‍ക്കാര്‍ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വിതരണം ചെയ്യുന്നില്ലെന്നു ചൂണ്ടിക്കാട്ടിയാണ് പൊതുതാത്പര്യ ഹര്‍ജി. പെട്രോള്‍ ലിറ്ററിന് രണ്ടു രൂപ വച്ചാണ് സെസ് പിരിക്കുന്നത്. മദ്യത്തിന് ആയിരം രൂപ വരെ 20ഉം ആയിരത്തിനു മുകളില്‍ 40ഉം സെസ് ആയി പിരിക്കുന്നുണ്ട്. സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ സര്‍ക്കാര്‍ പദ്ധതിയാണ്. ഫണ്ടിന്റെ ലഭ്യത അനുസരിച്ചാണ് അതു വിതരണം ചെയ്യുന്നത്. ഇന്ദിര ഗാന്ധി ദേശീയ വാര്‍ധക്യ പെന്‍ഷന്‍, വിധവാ പെന്‍ഷന്‍, ഭിന്നശേഷി പെന്‍ഷന്‍ എന്നിവയ്ക്കു കേന്ദ്ര സഹായമുണ്ട്. ഇതിനു പുറമേ മൂന്നു ലക്ഷത്തിലേറെ കര്‍ഷകര്‍ക്കും 76,000ത്തോളം അവിവാഹിതകള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ പെന്‍ഷന്‍ നല്‍കുന്നു.അഞ്ചു പെന്‍ഷന്‍ പദ്ധതിക്കും കൂടി വേണ്ടത് പ്രതിമാസം 900 കോടിയിലേറെ രൂപയാണ്. ഇതിനു പുറമേ ക്ഷേമനിധി പെന്‍ഷന്‍ നല്‍കാന്‍ പ്രതിമാസം 90 കോടി രൂപ സര്‍ക്കാര്‍ കണ്ടെത്തേണ്ടതുണ്ട്. അന്‍പതു ലക്ഷത്തിലേറെ ഗുണഭോക്താക്കളാണ് പെന്‍ഷന്‍ പദ്ധതികള്‍ക്കായി സംസ്ഥാനത്തുള്ളതെന്ന് സര്‍ക്കാര്‍ അറിയിച്ചു. പെന്‍ഷന്‍ എപ്പോള്‍ നല്‍കണമെന്നും എത്ര നല്‍കണമെന്നും തീരുമാനിക്കാനുള്ള അധികാരം സര്‍ക്കാരിനാണ്. തീവ്രശ്രമം നടത്തുന്നുണ്ടെങ്കിലും കടുത്ത സാമ്പത്തിക പ്രതിസന്ധിയുള്ളതിനാല്‍ സമയത്തു പെന്‍ഷന്‍ വിതരണം നടക്കുന്നില്ലെന്നു സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

Follow us on :

More in Related News