Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുഴിക്കാട്ടുശ്ശേരിയിൽ വിശുദ്ധ മറിയം ത്രേസ്യയുടെ തിരുനാൾ കൊടിയേറ്റം 30ന്

27 May 2024 19:11 IST

WILSON MECHERY

Share News :



മാള: കുഴിക്കാട്ടുശ്ശേരി വിശുദ്ധ മറിയം ത്രേസ്യ- ധന്യൻ ഫാ. ജോസഫ് വിതയത്തിൽ തീർത്ഥാടന കേന്ദ്രത്തിൽ വിശുദ്ധ യുടെ തിരുനാൾ 30ന് കൊടിയേറും. പ്രധാന തിരുനാൾ ജൂൺ എട്ടിനും എട്ടാമിടം ജൂൺ 15 നും നടക്കും. 30 മുതലുള്ള നവനാൾ ദിനങ്ങളിൽ ദിവസവും രാവിലെ 10. 30 ന് ദിവ്യബലി, സന്ദേശം, നൊവേന, നേർച്ച ഭക്ഷണം എന്നിവയും വൈകിട്ട് ആറിന് ദിവ്യബലി, സന്ദേശം, ലദീഞ്ഞ്, നൊവേന, പ്രദക്ഷിണം, നേർച്ച ഭക്ഷണം എന്നിവയും നടക്കും. തിരുനാൾ കൊടിയേറ്റ ദിനത്തിൽ വിശുദ്ധയുടെ മാതൃ ഇടവകയായ അങ്കമാലി തുറവൂർ സെൻ്റ് അഗസ്റ്റിൻ പള്ളിയിൽ നിന്നും ഉച്ചതിരിഞ്ഞ് മൂന്നിനുള്ള ആരാധനയെ തുടർന്ന് പുറപ്പെടുന്ന ദീപശിഖ പ്രയാണം വൈകീട്ട് 5. 45 ന് തീർത്ഥാടന കേന്ദ്രത്തിൽ എത്തിച്ചേരും. മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ ദീപശിഖ സ്വീകരിച്ച് കബറടത്തിലെ വിളക്ക് തെളിയിക്കും. തുടർന്ന് തിരുനാൾ കൊടിയേറ്റം ആർച്ച് ബിഷപ്പ് നിർവഹിക്കുകയും വിശുദ്ധ കുർബാന, സന്ദേശം, നൊവേന, പ്രദക്ഷിണം എന്നിവയിൽ മുഖ്യ കാർമികനാകുകയും ചെയ്യും. ഓരോ ദിവസത്തെയും തിരുകർമ്മങ്ങളിൽ രാവിലെ വിവിധ രൂപതകളിലെ വികാരി ജനറാൾ അച്ഛന്മാരും വൈകീട്ട് സീറോ മലബാർ, സീറോ മലങ്കര, ലത്തീൻ രൂപതകളിലെ മെത്രാന്മാരും മുഖ്യകാർമികരാകും. ജൂൺ ഒന്നു മുതൽ അഞ്ചു വരെയുള്ള ദിവസങ്ങളിൽ പഞ്ചക്ഷത ധാരിയായ വിശുദ്ധ മറിയം ത്രേസ്യയെ അനുസ്മരിച്ചു പഞ്ചദിന സംഗമം നടക്കും. ഒന്നിന് ഗായക സംഗമവും സംഘഗാനം മത്സരവും, രണ്ടിന് യുവജന സംഗമം, മൂന്നിന് കുടുംബസംഗമം, നാലിന് മാതൃസംഗമം ,അഞ്ചിന് വിദ്യാർഥി സംഗമം എന്നിവയാണ് ക്രമീകരിച്ചിട്ടുള്ളത്. പ്രധാന തിരുനാൾ ദിനമായ ജൂൺ എട്ടിന് രാവിലെ ആറ് മുതൽ രാത്രി ഏഴ് വരെ ദിവ്യബലികൾ അർപ്പിക്കപ്പെടും. 9. 30ന് തിരുനാൾ കുർബാനയിൽ ഇരിങ്ങാലക്കുട രൂപതാ ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ മുഖ്യകാർമികനാകും. ഉച്ചതിരിഞ്ഞ് മൂന്നിനുള്ള ദിവ്യബലിയെ തുടർന്ന് തിരുനാൾ പ്രദക്ഷിണവും തിരുശേഷിപ്പ് വണക്കവും നടക്കും. പ്രധാന തിരുനാൾ ദിനത്തിൽ രാവിലെ എട്ട് മുതൽ രാത്രി എട്ട് വരെ നേർച്ച ഭക്ഷണ വിതരണത്തിന് ക്രമീകരണം ഒരുക്കിയിട്ടുണ്ട്. തിരുനാളിനുള്ള വിപുലമായ ഒരുക്കങ്ങൾ ഇതിനകം പൂർത്തിയായതായി പരിപാടികൾ വിശദീകരിച്ച പത്രസമ്മേളനത്തിൽ തീർത്ഥാടന കേന്ദ്രം റെക്ടർ ഫാ. ജോൺ കവലക്കാട്ട്, ഹോളി ഫാമിലി സന്യാസിനി സമൂഹത്തിന്റെ സുപീരിയർ ജനറൽ മദർ ആനി കുര്യാക്കോസ്, അഡ്മിനിസ്ട്രേറ്ററും ജനറൽ കൺവീനറുമായ സിസ്റ്റർ എൽസി സേവ്യർ, ജനറൽ കൺവീനർ ജോജോ അമ്പൂക്കൻ, പബ്ലിസിറ്റി കമ്മിറ്റി കൺവീനർമാരായ സിസ്റ്റർ ജെസിൻ തെരേസ്, അഭിലാഷ് പുല്ലുപറമ്പിൽ, വൈസ് പോസ്റ്റുലേറ്റർ സിസ്റ്റർ വിനയ എന്നിവർ പറഞ്ഞു.

Follow us on :

More in Related News