Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Jan 2026 02:44 IST
Share News :
ദോഹ: ഖത്തറിലെ പ്രമുഖ മാൻപവർ സ്ഥാപനമായ ഖത്തര്‍ ടെക്, ദീര്‍ഘദൂരം ഓട്ടമത്സ രങ്ങളിലെ അതുല്യ നേട്ടങ്ങളും ഫിറ്റ്‌നസിനോടുള്ള അചഞ്ചലമായ പ്രതിബദ്ധതയും പരിഗണിച്ച്, അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയനായ മാരത്തണ്‍എന്‍ഡ്യൂറന്‍സ് റണ്ണറും കൊമേഴ്‌സ്യല്‍ പൈലറ്റുമായ ക്യാപ്റ്റന്‍ ദീപക് മഹാജനെ ആദരിച്ചു.
ഖത്തര്‍ ടെക് ഓഫീസില്‍ നടന്ന അനുമോദന ചടങ്ങില്‍, കഠിനമായ വ്യോമയാന തൊഴില്‍ ജീവിതത്തിനിടയിലും കര്‍ശനമായ പരിശീലനത്തിലൂടെ കായികരംഗത്ത് ഉന്നത നേട്ടങ്ങള്‍ കൈവരിക്കുന്നതിലൂടെ യുവതലമുറയ്ക്കും തൊഴില്‍ രംഗത്തുള്ളവര്‍ക്കും മാതൃകയായ വ്യക്തിത്വമാണ് ക്യാപ്റ്റന്‍ മഹാജനെന്ന് ഖത്തര്‍ ടെക് മാനേജ്‌മെന്റ് വിലയിരുത്തി.
വിവിധ രാജ്യങ്ങളിലായി നടന്ന നിരവധി മാരത്തണുകളും അള്‍ട്രാ എന്‍ഡ്യൂറന്‍സ് റേസുകളും വിജയകരമായി പൂര്‍ത്തിയാക്കിയ ക്യാപ്റ്റന്‍ ദീപക് മഹാജന്‍, മാനസിക ശക്തിയുടെയും അചഞ്ചലമായ ദൃഢനിശ്ചയത്തിന്റെയും പ്രതീകമായി മാറിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ യാത്ര സമര്‍പ്പണം, സഹനം, ലക്ഷ്യബോധം എന്നിവയുടെ ഉദാത്ത ഉദാഹരണമാണെന്ന് ഖത്തര്‍ ടെക് നേതൃത്വം വ്യക്തമാക്കി.
ചടങ്ങില്‍ സംസാരിച്ച ഖത്തര്‍ ടെക്കിന്റെ മാനേജിംഗ് ഡയറക്ടര്‍ ജെബി കെ.ജോണ്‍, ഇത്തരത്തിലുള്ള നേട്ടങ്ങള്‍ കൈവരിക്കുന്നവരെ ആദരിക്കുന്നത് ആരോഗ്യകരമായ ജീവിതശൈലി, വ്യക്തിപരമായ മികവ്, സമൂഹ പ്രചോദനം എന്നിവ പ്രോത്സാഹിപ്പിക്കുന്ന സ്ഥാപനത്തിന്റെ ദര്‍ശനത്തിന്റെ ഭാഗമാണെന്ന് പറഞ്ഞു. ''ശാസ്ത്രീയമായ ശിക്ഷണവും ദൃഢനിശ്ചയവും ഉണ്ടെങ്കില്‍ തൊഴിലും വ്യക്തിപരമായ ആസക്തികളും ഒരുപോലെ വിജയകരമായി മുന്നോട്ട് കൊണ്ടുപോകാം എന്നത് ക്യാപ്റ്റന്‍ മഹാജന്‍ തെളിയിച്ചിരിക്കുന്നു. ഇത്തരത്തിലുള്ള മാതൃകകള്‍ സമൂഹം ആഘോഷിക്കേണ്ടതാണ്,'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മൂന്ന് ഭൂഖണ്ഡങ്ങളില്‍ മാരത്തണ്‍ മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ അപൂര്‍വ നേട്ടം കൈവരിച്ച ക്യാപ്റ്റന്‍ മഹാജന്‍, എല്ലാ ഏഴ് ഭൂഖണ്ഡങ്ങളിലും മാരത്തണ്‍ ഓടി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍ ഇടംനേടുക എന്ന ലക്ഷ്യത്തോടെ മുന്നേറുകയാണ്.
മറുപടി പ്രസംഗത്തില്‍, ലഭിച്ച അംഗീകാരത്തിന് ഖത്തര്‍ ടെക്കിന് നന്ദി അറിയിച്ച ക്യാപ്റ്റന്‍ ദീപക് മഹാജന്‍, ഉയര്‍ന്ന ഉത്തരവാദിത്വമുള്ള തൊഴില്‍ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ശരീര-മാനസിക ആരോഗ്യസംരക്ഷണം അത്യന്താപേക്ഷിതമാണെന്നും കായിക പരിശീലനം അതില്‍ നിര്‍ണായക പങ്കുവഹിക്കുന്നുവെന്നും പറഞ്ഞു. യുവാക്കള്‍ കായികവ്യായാമത്തെ താല്‍ക്കാലിക അഭിരുചിയായി കാണാതെ ജീവിതത്തിന്റെ ഭാഗമാക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. നിത്യവും എന്തെങ്കിലും കായിക വ്യായാമത്തിലേര്‍പ്പെടുകയും നല്ല ആരോഗ്യത്തേടെ സന്തോഷകരമായ ജീവിതം ഉറപ്പുവരുത്തുകയും ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു.
മീഡിയപ്ലസ് സിഇഒ ഡോ. അമാനുല്ല വടക്കങ്ങര ചടങ്ങില്‍ അതിഥിയായി പങ്കെടുത്തു. ആരോഗ്യമാണ് ഏറ്റവും വലിയ സമ്പത്ത് എന്ന സന്ദേശം സമൂഹത്തിലേക്ക് എത്തിക്കുന്നതില്‍ ക്യാപ്റ്റന്‍ മഹാജന്‍ വഹിക്കുന്ന പങ്ക് പ്രശംസനീയമാണെന്നും, തിരക്കേറിയ ജോലി ജീവിതത്തിനിടയിലും ഏവര്‍ക്കും ഓടാന്‍ കഴിയുമെന്ന് അദ്ദേഹം പൊതുജനങ്ങളെ ബോധവത്കരിക്കുകയാണെന്നും ഡോ. അമാനുല്ല അഭിപ്രായപ്പെട്ടു. യുവാക്കളും യുവ പ്രൊഫഷണലുകളും തൊഴിലും കായിക അഭിരുചികളും ഒരുപോലെ മുന്നോട്ട് കൊണ്ടുപോകാനുള്ള ശക്തമായ മാതൃകയാണ് ക്യാപ്റ്റന്‍ മഹാജന്‍ എന്നും അദ്ദേഹം പറഞ്ഞു.
ക്യാപ്റ്റന്‍ മഹാജന് സ്മാരകഫലകവും അഭിനന്ദനപത്രവും കൈമാറിയതോടെയാണ് ചടങ്ങ് സമാപിച്ചത്. തുടര്‍ന്ന് നടന്ന സംവാദത്തില്‍, എന്‍ഡ്യൂറന്‍സ് പരിശീലനം, പ്രചോദനം, പരിമിതികളെ മറികടക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ ക്യാപ്റ്റന്‍ മഹാജന്‍ തന്റെ അനുഭവങ്ങള്‍ പങ്കുവച്ചു.
ഓപറേഷന്‍സ് മാനേജര്‍ ബിനു കുര്യാക്കോസ്, സെയില്‍സ് ആന്റ് മാര്‍ക്കറ്റിംഗ് മാനേജര്‍ ജോബി ജോണ്‍, ജീസ് ജെബി എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
Follow us on :
Tags:
More in Related News
Please select your location.