Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പുളിക്കൽ മദീനത്തുൽ ഉലൂം അറബിക് കോളേജ് "സമർപ്പണം - 25" മെഗാ കോൺഫറൻസ് ആഗസ്റ്റ് രണ്ടിന്

25 Jul 2025 18:45 IST

Saifuddin Rocky

Share News :


പുളിക്കൽ : "സമർപ്പണം '25" മദീനത്തുൽ ഉലൂം അറബിക് കോളേജ് മെഗാ കോൺഫറൻസിന് ആഗസ്റ്റ് രണ്ടിന് തുടക്കമാവും. പുതിയ അക്കാഡമിക് ബ്ലോക്ക് ഒന്നാം ഘട്ടം ഉദ്ഘാടനം, ഗ്ലോബൽ അലുംനി മീറ്റ്, എക്സലൻസ് അവാർഡ് സമർപ്പണം, കോൺവെക്കേഷൻ എന്നീ വിപുലമായ പരിപാടികളാണ് സമർപ്പണം '25 കോൺഫറൻസിന്റെ ഭാഗമായി എംസിസി നഗറിൽ പ്രത്യേകം സജ്ജമാക്കിയ പന്തലിൽ നടക്കുന്നത്. ആഗസ്റ്റ് രണ്ടിന് രാവിലെ 9.30ന് പുതിയ അക്കാഡമിക് ബ്ലോക്കിന്റെ ഉദ്ഘാടനം കോളേജ് കറസ്പോണ്ടന്റ് ടി പി അബ്ദുല്ലക്കോയ മദനി നിർവഹിക്കും. അഡ്വ. ഹാരിസ് ബീരാൻ എം.പി. സമർപ്പണം '25 കോൺഫറൻസ് ഉദ്ഘാടനം ചെയ്യും. പ്രിൻസിപ്പൽ പ്രൊഫ. ഡോ. ബഷീർ മാഞ്ചേരി ആമുഖ ഭാഷണം നിർവഹിക്കും. സ്വാഗതസംഘം ചെയർമാൻ പ്രൊഫ. കെ പി അബ്ദുൾ റഷീദ് അധ്യക്ഷത വഹിക്കും. മുൻ പ്രിൻസിപ്പൽ ഡോ. സയ്യിദ് മുഹമ്മദ് ശാക്കിർ ഉപഹാര സമർപ്പണം നടത്തും. തുടർന്ന് നടക്കുന്ന ഗ്ലോബൽ അലുംനി മീറ്റ് കോളേജിലെ ജീവിച്ചിരിക്കുന്ന ഏറ്റവും മുതിർന്ന പൂർവ വിദ്യാർഥി പി കെ അബ്ദുൽ മജീദ് മദനി വലിയോറ ഉദ്ഘാടനം ചെയ്യും. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുന്നതിനു കൃത്യം ഒരു മാസം മുമ്പ് 1947 ജൂലൈയിൽ സ്ഥാപിക്കപ്പെട്ട കോളേജിൽ നിന്ന് ഇതപര്യന്തം പുറത്തിറങ്ങിയ പൂർവ വിദ്യാർഥികൾ പങ്കെടുക്കുന്ന സംഗമത്തിൽ ഡോ. മുനീർ മദനി പ്രൊജക്റ്റ് അവതരണം നിർവഹിക്കും. കോളേജ് മാനേജിംഗ് കമ്മിറ്റി പ്രസിഡന്റ് പി മുഹിയുദ്ദീൻ മദനി ഫണ്ട് ഉദ്ഘാടനം നിർവഹിക്കും. കേരള ജംഇയ്യത്തുൽ ഉലമ ട്രഷറർ ഈസാ മദനി ഏറ്റുവാങ്ങും. കെ ജെ യു സെക്രട്ടറി ഹനീഫ് കായക്കൊടി, ഡോ. എൻ മുഹമ്മദലി അൻസാരി, അബ്ദുൽ അസീസ് തേങ്ങാട്ട്, എം സ്വലാഹുദ്ദീൻ മദനി, ഡോ. സാബിർ നവാസ് സി എം, ഡോ. ടി കെ യൂസഫ് എന്നിവർ ചടങ്ങിൽ പ്രസംഗിക്കും.

ഉച്ചക്ക് രണ്ടു മണിക്ക് പന്തലിൽ നടക്കുന്ന തലമുറ സംഗമം വി പി അഹമ്മദ് കുട്ടി മദനിയുടെ അധ്യക്ഷതയിൽ പി പി മുഹമ്മദ് മദനി മോങ്ങം ഉദ്ഘാടനം ചെയ്യും. പൂർവ വിദ്യാർഥികളിലെ പ്രതിഭകളായ ഗ്രന്ഥകർത്താക്കൾ, ഡോക്ടറേറ്റ് നേടിയവർ, പ്രിൻസിപ്പൽമാരായ ഡോ. ഇ. കെ. സാജിദ് (എം.എ.എം.ഒ കോളേജ് മുക്കം), ഡോ. മുഹമ്മദ് ഫവാസ് കെ (എ.ഐ.എ. കോളേജ് കുനിയിൽ) എന്നിവർക്കുള്ള അലൂമിനറി അവാർഡ് സമർപ്പണം ഉബൈദുല്ല മദനി താനാളൂർ നിർവഹിക്കും. തുടർന്ന് നടക്കുന്ന 'ഓർമകളിലെ മദീനത്തുൽ ഉലൂം' ഓപ്പൺ സെഷനിൽ വിവിധ കാലയളവുകളിലെ പൂർവവിദ്യാർഥികൾ ഓർമ്മകൾ അയവിറയ്ക്കും. ഇസ്ഹാഖ് അലി മദനി കല്ലിക്കണ്ടി, സിറാജ് മദനി കൊടുങ്ങല്ലൂർ, മഷ്ഹൂർ അലി മദനി പി.ടി തുടങ്ങിയവർ പ്രസംഗിക്കും.

ആഗസ്റ്റ് നാലിന് (തിങ്കൾ) ഉച്ചയ്ക്ക് 2.30ന് നടക്കുന്ന കോൺവെക്കേഷനിൽ കേരള ഹജ്ജ് വഖഫ് സ്പോർട്സ് കാര്യ മന്ത്രി വി അബ്ദുറഹിമാൻ കഴിഞ്ഞ രണ്ടു വർഷങ്ങളിൽ കോളേജിൽ നിന്ന് ബിരുദ ബിരുദാനന്തര പഠനം പൂർത്തിയാക്കിയ വിദ്യാർഥികൾക്കുള്ള ബിരുദദാനം നിർവഹിക്കും. കോളേജിലെ വിവിധ രംഗങ്ങളിൽ മികവുറ്റ പ്രകടനം കാഴ്ചവെച്ച വിദ്യാർഥികൾക്കായി മുൻ പ്രിൻസിപ്പൽമാരും ആദ്യകാല അധ്യാപകരുമായിരുന്ന എം.സി.സി ഹസ്സൻ മൗലവി, കെ.എൻ ഇബ്രാഹിം മൗലവി, പി. പി അബ്ദുൽ ഗഫൂർ മൗലവി, എം. മുഹമ്മദ് മദനി, സി.പി സൈതലവി മദനി, കെ. മോയിൻകുട്ടി മദനി എന്നിവരുടെ നാമധേയങ്ങളിൽ അവരുടെ തന്നെ കുടുംബങ്ങൾ ഏർപ്പെടുത്തിയ എക്സലൻസ് അവാർഡ് സമർപ്പണം മുൻ വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ് നിർവഹിക്കും. ഡോ. മുഹമ്മദ് ബഷീർ സി കെ, ഡോ. മുഅ്തസിം ബില്ലാ ടി പി, ഇബ്രാഹിം പി കെ, ഡോ. സൈഫുദ്ദീൻ ബഷീർ എന്നിവർ പ്രസംഗിക്കും.

Follow us on :

More in Related News