Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്രവാസി വെൽഫെയർ ആൻഡ് കൾച്ചറൽ ഫോറം സർവീസ് കാർണിവൽ നവംബർ 29ന്.

26 Nov 2024 04:18 IST

ISMAYIL THENINGAL

Share News :

ദോഹ: പ്രവാസി വെൽഫെയർ ആൻഡ് കൾച്ചറൽ ഫോറം പത്താം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സർവീസ് കാർണിവൽ നവംബർ 29 വെള്ളി നടക്കുമെന്ന് സംഘാടകർ അറിയിച്ചു. വക്ര ബർവ വില്ലേജിലെ ശാന്തിനികേതൻ ഇന്ത്യൻ സ്‌കൂളിലാണ് പരിപാടി നടക്കുക. പ്രവാസികളുടെ സാമ്പത്തികം, നിക്ഷേപം, ആരോഗ്യം , തൊഴിൽ നൈപുണ്യം, വിദ്യാഭാസം തുടങ്ങിയ സുപ്രധാന വിഷയങ്ങൾ ചർച്ച ചെയ്യുന്ന കാർണിവലിൽ, പ്രവാസികൾക്ക് ഉപകരിക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ പദ്ധതികളിൽ ചേരാനും, വിവിധ ഏജൻസികളുടെയും സ്ഥാപനങ്ങളുടെയും സേവനങ്ങളുടെ ആധികാരിക വിവരങ്ങളും സേവനങ്ങളും നൽകുന്നതുമായിരിക്കും.


ഖത്തറിലെ ഗവണ്മെന്റ്-ഗവൺമെന്റേതര സ്ഥാപനങ്ങളുടെ സേവനങ്ങളെ കൂടി പരിചയപ്പെടാൻ ഉപകരിക്കുന്ന കാർണിവൽ, സേവനത്തിന്റെ പുതിയ മാതൃകകൾ സൃഷ്ടിക്കുംവിധം വിവിധങ്ങളായ സേവനങ്ങൾ ഒരു കുടക്കീഴിൽ ഒരുമിച്ചു അവതരിപ്പിക്കുന്ന ഒന്നായിരിക്കും. കാർണിവലിൽ ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ സന്ദീപ് കുമാർ, സാമ്പത്തിക വിദഗ്ദ്ധരായ നിഖിൽ ഗോപാലകൃഷ്ണൻ, ഷഫീഖ് സി.പി, ഹാരിസ് പടിയത്ത്, വിദാഭ്യസ പ്രവർത്തകനും ഗവേഷകനുമായ എൻ.എം ഹുസൈൻ, കരിയർ വിദഗ്ധൻ സുലൈമാൻ ഊരകം, വെൽഫെയർ പാർട്ടി ദേശീയ വൈസ് പ്രസിഡന്റ് ഹമീദ് വാണിയമ്പലം ഖത്തറിലെ വിവിധ മന്ത്രാലയങ്ങളിൽ നിന്നുള്ള ഉയർന്ന ഉദോഗസ്ഥർ, അപെക്‌സ് ബോഡി പ്രസിഡന്റുമാർ വിവിധ സംഘടന ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും. പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം വൈകുന്നേരം 5.15 ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ സന്ദീപ് കുമാർ നിർവഹിക്കും.

പ്രത്യേകം സജ്ജീകരിച്ച ടെന്റിൽ വിവിധ വിഷയങ്ങളിലുള്ള അൻപതോളം സ്റ്റാളുകൾ ഉച്ചക്ക് രണ്ട് മണി മുതൽ പ്രവർത്തിക്കും. കേരള സർക്കാരിന്റെ നോർക്ക അംഗ്വത്വം, പ്രവാസി പെൻഷൻ, ഐസിബിഎഫ് ഇൻഷുറൻസ്, കേന്ദ്ര സർക്കാരിന്റെ വിവിധ പ്രവാസി സേവന പരിപാടികൾ എന്നിവയെ കുറിച്ച് അറിയാനും അംഗ്വത്വം എടുക്കാനും കാർണിവലിൽ സൗകര്യമുണ്ടാകും. ആരോഗ്യ പരിശോധന, ഹാർട്ട് ഹോസ്പിറ്റലിൽ നിന്നുള്ള വിദഗ്ധ ഡോക്ടർമാർ നയിക്കുന്ന പഠന ക്ലാസ്സും പരിശോധനയും, ഹമദ് മെഡിക്കൽ കോർപ്പറേഷനുമായി ചേർന്നുള്ള രക്തദാനം തുടങ്ങിയ സൗകര്യങ്ങളും കാർണിവലിൽ ഉണ്ടാകും.



സർവീസ് കാർണിവലിന്റെ ഭാഗമായി നടന്ന എംഐഎ ടെസ്റ്റിൽ പങ്കെടുത്ത കുട്ടികളുടെ റിസൾട്ട് അസ്സസ്‌മെന്റ് നവംബർ 29 വെള്ളിയാഴ്ച രാവിലെ 8 മണി മുതൽ നടക്കും. ഉച്ചക്ക് 12.30ന് വിവിധ സംഘടന ഭാരവാഹികളും മുൻകൂട്ടി രജിസ്റ്റർ ചെയ്തവരും പങ്കെടുക്കുന്ന ഫൈനാൻസ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് പരിപാടിയിൽ നിഖിൽ ഗോപാല കൃഷ്ണൻ, ഷഫീഖ് സി.പി, ഹാരിസ് പടിയത്ത് എന്നിവർ സംസാരിക്കും. വൈകുന്നേരം 5 മണി മുതൽ നടക്കുന്ന കരിയർ ആൻഡ് എഡ്യൂക്കേഷൻ സെഷനിൽ എൻഎം ഹുസൈൻ, സുലൈമാൻ ഊരകം എന്നിവർ പങ്കെടുക്കും. രാത്രി 7.30നു നടക്കുന്ന സമാപന പരിപാടിയിൽ അബ്ദുൽ ഹമീദ് വാണിയമ്പലം മുഖ്യ പ്രഭാഷണം നടത്തും. നിഖിൽ ഗോപാല കൃഷ്ണൻ,എൻ . എം ഹുസൈൻ എന്നിവർ സംസാരിക്കും

പ്രവാസികൾക്കുള്ള വിവിധ സേവനങ്ങളെ കുറിച്ച് അറിയാൻ സഹായകരമാകുന്ന പ്രവാസി ഡിജിറ്റൽ ആപ്പ് പ്രകാശനവും സമാപന പരിപാടിയിൽ നടക്കും.

സർവീസ് കാർണിവെല്ലിന്റെ ഭാഗമായി നടക്കുന്ന കലാസാംസ്‌കാരിക പരിപാടികൾ, 'സ്ട്രീറ്റ് കൾച്ചറൽ പ്രോഗ്രാം' വൈകുന്നേരം 4 മണിമുതൽ ആരംഭിക്കും. മുട്ടിപ്പാട്ട് , ശിങ്കാരി മേളം, മാജിക് ഷോ, ഇൻസ്ട്രുമെന്റ് മ്യൂസിക് , ഫ്‌ളാഷ് മോബ്, ഫൺ കാർണിവൽ, ഫേസ് പെയിന്റിംഗ്, തെരുവ് നാടകം തുടങ്ങിയ വൈവിധ്യങ്ങളായ പരിപാടികൾ നടക്കും. കേരള തനിമ വിളിച്ചറിയിക്കുന്ന ഫുഡ് സ്റ്റാൾ, കരകൗശല വസ്തുക്കളുടെ പ്രദർശനം, ചെടികളുടെ പ്രദർശനം തുടങ്ങിയ വിവിധ പരിപാടികളും സർവീസ് കാർണിവൽ ഭാഗമായി നടക്കും.

പത്താം വാർഷിക ഉപഹാരമായി പ്രവാസി വെൽഫെയർ താഴന്ന വരുമാനക്കാരായ നൂറ് പേർക്ക് കാർണിവൽ നഗരിയിൽ നിന്നും സൗജന്യമായി നോർക്ക കാർഡ് നൽകും. ഖത്തറിലെ ജീവകാരുണ്യ പ്രവർത്തകനായിരുന്ന കെ.സി അബ്ദുറഹ്‌മാന്റെ പേരിൽ ഖത്തറിലെ ജീവകരുണ്യ പ്രവർത്തകന് പ്രത്യേക പുരസ്‌ക്കാരം കാർണിവലിൽ വെച്ച് സമ്മാനിക്കും. പത്താം വാർഷികാഘോഷത്തിന്റെ ഭാഗമായി പ്രവാസികളായ രണ്ടു പേർക്ക് വീട് നിർമ്മിക്കാനാവശ്യമായ സാമ്പത്തിക സഹായവും നൽകുമെന്നും സംഘാടകർ പറഞ്ഞു .

Follow us on :

More in Related News