Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഹാര്‍മോണിയത്തില്‍ വിസ്മയം വിരിയിച്ച് പ്രകാശ് ഉള്ള്യേരി

27 Oct 2024 17:03 IST

Antony Ashan

Share News :


ശ്രോതാക്കളാവശ്യപ്പെട്ട ഗാനങ്ങള്‍ ഒന്നൊഴിയാതെ ഹാര്‍മോണിയത്തിലെ വിരലുകളിലാവാഹിച്ച പ്രകാശ് ഉള്ള്യേരിയുടെ ഹാര്‍മോണിയം സോളോ കാതുകള്‍ക്ക് ഇമ്പമായി. താളമിട്ടും കൂടെപ്പാടിയും സദസ്സും പ്രകാശിനൊപ്പം കൂടി. മൂവാറ്റുപുഴ മേള ഫൈന്‍ ആര്‍ട്ട്‌സ് സൊസൈറ്റിയുടെ ഈ വര്‍ഷത്തെ പരിപാടികളുടെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് ഹാര്‍മണി എന്ന പേരില്‍ സംഗീതസന്ധ്യ ഒരുക്കിയത്. മലയാളത്തിലെയും തമിഴിലെയും ആദ്യകാലംമുതലുള്ള സംഗീതസംവിധായകര്‍ ഈണമിട്ട നിത്യഹരിത സിനിമാഗാനങ്ങളുടെ പട്ടിക നിശ്ചയിച്ചത് സദസ്സ് നിറഞ്ഞ ശ്രോതാക്കളായിരുന്നുവെന്നത് അപൂര്‍വ്വതയായി. ജനപ്രിയഗാനങ്ങളും കേട്ടുമറന്ന അപൂര്‍വ്വഗാനങ്ങളുമായി ഏതാണ്ട് നാല്‍പ്പതിലേറെ ഗാനങ്ങളാണ് വേദിയിലവതരിപ്പിച്ചത്. ഗിറ്റാറിലും താളവാദ്യത്തിലും തങ്ങളുടേതായ സ്ഥാനം സംഗീതലോകത്തുറപ്പിച്ച സന്ദീപ് മോഹനും സുനില്‍കുമാറും പ്രകാശിന് അകമ്പടിയായി.

ഹാര്‍മോിണിയത്തിന് പുതുതലമുറ ആരാധകരെ സൃഷ്ടിക്കാന്‍ ഉള്ള്യേരിയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ലോകപ്രശസ്ത സംഗീതജ്ഞരായ ഹരിഹരന്‍, ശങ്കര്‍ മഹാദേവന്‍ തുടങ്ങിയ പ്രതിഭകള്‍ക്ക് ഹാര്‍മോണിയത്തില്‍ അകമ്പടിയാവുന്ന കലാകാരനാണ് പ്രകാശ് ഉള്ള്യേരി. കര്‍ണാട്ടിക് ഹിന്ദുസ്ഥാനി - സിനിമ ഫ്യൂഷന്‍ സംഗീതശാഖകളെ ഒന്നുപോലെ കൈകാര്യം ചെയ്യുന്നതില്‍ പ്രഗത്ഭനാണ് കേരള സംഗീത നാടക അക്കാദമി പുരസ്‌ക്കാരം നേടിയിട്ടുള്ള ഇദ്ദേഹം. 

മേളയുടെ ഈ വര്‍ഷത്തെ പരിപാടികളുടെ ഉദ്ഘാടനം കോട്ടയം എം. പി. ഫ്രാന്‍സിസ് ജോര്‍ജ്ജ് നിര്‍വ്വഹിച്ചു. മേള പ്രസിഡന്റ് പി. എം. ഏലിയാസ് അദ്ധ്യക്ഷനായിരുന്നു. സെക്രട്ടറി മോഹന്‍ദാസ് എസ്. സ്വാഗതവും വൈസ് പ്രസിഡന്റ് പി. എ. സമീര്‍ കൃതജ്ഞതയും പറഞ്ഞു. ജോയിന്റ് സെക്രട്ടറി പ്രിജിത് ഒ. കുമാര്‍ സന്നിഹിതനായിരുന്നു. പരിപാടിക്ക് മുന്നോടിയായി കലാകാരന്മാരെ പി. എം. ഏലിയാസ്, മോഹന്‍ദാസ് എസ്., പി. എ. സമീര്‍ എന്നിവര്‍ പൊന്നാടയണിയ്ച്ച് ആദരിച്ചു. 



Follow us on :

More in Related News