Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കം മുഹമ്മദ് ബഷീർ സ്‌മാരക ട്രസ്റ്റിന്റെ 17-ാമത് ബഷീർ അവാർഡ് പി.എൻ. ഗോപീകൃഷ്ണന്.

08 Jan 2025 16:34 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: വൈക്കം മുഹമ്മദ് ബഷീർ സ്‌മാരക ട്രസ്റ്റിന്റെ 17-ാമത് ബഷീർ അവാർഡ് പി. എൻ. ഗോപീകൃഷ്‌ണൻ്റെ 'കവിത മാംസഭോജിയാണ്' എന്ന സമാഹാരത്തിന്. അരലക്ഷം രൂപയും പ്രശസ്തിപത്രവും സി.എൻ. കരുണാകരൻ രൂപകല്‌പന ചെയ്‌ത ഫലകവും അടങ്ങുന്നതാണ് അവാർഡ്. ഭാഷാപോഷിണി മുൻ ചീഫ് എഡിറ്ററും എഴുത്തുകാരനുമായ കെ.സി. നാരായണൻ സാഹിത്യ അക്കാദമി അവാർഡ് ജേതാക്കളായ ഡോ. എൻ. അജയകുമാർ, ഡോ. കെ. രാധാകൃഷ്ണ‌വാര്യർ എന്നിവരടങ്ങിയ ജഡ്‌ജിംഗ് കമ്മറ്റി ട്രസ്റ്റ് ചെയർമാൻ അഡ്വ. പി.കെ. ഹരികുമാറിൻ്റെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നാണ് അവാർഡ് നിശ്ചയിച്ചത്. അനുദിനം വളർന്നുവരുന്ന അധികാരത്തിൻ്റെ വിവിധ രൂപങ്ങളെ സൂക്ഷ്മ‌വും നിശിതവുമായി വിമർശിക്കുന്ന കവിതകളാണ് പി.എൻ. ഗോപീകൃഷ്‌ണന്റെ 'കവിത മാംസഭോജിയാണ്' എന്ന സമാഹാരത്തിലുള്ളത്. നൈതികമായ ജാഗ്രതയും കവിതയുടെ സൂക്ഷ്‌മതയും ഒത്തുചേരുന്ന രചനകൾ. നാം ജീവിക്കുന്ന അവസ്ഥകളിലേക്ക് നേരേ നോക്കാൻ നിർബന്ധിക്കുന്ന ഈ കവിതകൾ സമകാലിക മലയാള കവിതയുടെ വിശിഷ്‌ടസ്വരങ്ങളിലൊന്നാണെന്ന് ജഡ്‌ജിംഗ് കമ്മറ്റി വിലയിരുത്തി. വൈക്കം മുഹമ്മദ് ബഷീറിൻ്റെ ജന്മദിനമായ ജനുവരി 21ന് ജന്മദേശമായ തലയോലപ്പറമ്പിലെ ബഷീർ സ്‌മാരക മന്ദിരത്തിൽ വച്ച് അവാർഡ് നൽകുമെന്ന് ട്രസ്റ്റ് സെക്രട്ടറി ഡോ. സി.എം. കുസുമൻ അറിയിച്ചു. എൻ. പ്രഭാകരൻ, റഫീക്ക് അഹമ്മദ്, ജോസഫ്, ബി. രാജീവൻ, എൻ.എസ്. മാധവൻ, ആറ്റൂർ രവിവർമ്മ, സുഭാഷ് ചന്ദ്രൻ, കല്പറ്റ നാരായണൻ, അഷിത, സെബാസ്റ്റ്യൻ, വി. ജെ. ജെയിംസ്, ടി. പത്മനാഭൻ, പ്രൊഫ.എം.കെ.സാനു, കെ. സച്ചിദാനന്ദൻ, എം. മുകന്ദൻ, ഇ. സന്തോഷ്‌കുമാർ എന്നിവർക്കാണ് മുൻകാലങ്ങളിൽ ബഷീർ അവാർഡ് സമ്മാനിച്ചിട്ടുള്ളത്.

Follow us on :

More in Related News