Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തിരയേണ്ട, അരിയേണ്ട; ഓണസദ്യയ്ക്കുള്ള പച്ചക്കറി ഇവിടെ റെഡി

29 Aug 2025 21:20 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: പച്ചക്കറി വാങ്ങാനും അരിഞ്ഞു തയാറാക്കാനുമുള്ള സമയം ലാഭിച്ചാണ് പാമ്പാടിക്കാർ ഇത്തവണ ഓണസദ്യയൊരുക്കുക. വെറും മൂന്നു മാസങ്ങൾകൊണ്ട് ഹിറ്റായ 'റെഡി ടു കുക്ക്'വിപണന കേന്ദ്രത്തിൽ അരിഞ്ഞു റെഡിയാക്കിയ പച്ചക്കറികൾ ഒരുപാടു വീടുകളിലെ സദ്യയുടെ ഭാഗമാകും.

പാമ്പാടി സർവീസ് സഹകരണ ബാങ്കിന്റെ ഈ കേന്ദ്രത്തിൽനിന്നുള്ള ഓണം സ്പെഷ്യൽ പച്ചക്കറിക്കൂട്ടുകൾ ഓഗസ്റ്റ് 31 വരെ ബുക്കു ചെയ്യാം.

ഉത്രാടദിവസം ഉച്ചകഴിഞ്ഞാണ് വിതരണം. അവിയലിനും സാമ്പാറിനുമുള്ള അരിഞ്ഞ പച്ചക്കറികൾ ഓരോ കിലോ വീതവും മെഴുക്കുപുരട്ടിക്കുള്ളത് അരക്കിലോയും ഏത്തക്കായയും ഉൾപ്പെടുന്ന കിറ്റാണ് ഓണം സ്പെഷ്യൽ. 12 പേർക്കുള്ള സദ്യ വിഭവങ്ങളടങ്ങളിയ കിറ്റിന് 749 രൂപയാണ് വില.

അവിയൽ, സാമ്പാർ, മെഴുക്കുപുരട്ടി, തോരൻ തുടങ്ങിയവയ്ക്കുള്ള അരക്കിലോ പാക്കറ്റുകളും ഇവിടെ കിട്ടും. ഓരോ പാക്കറ്റിലും തേങ്ങാ ചിരകിയത്, പച്ചമുളക്, സവാള, ഉള്ളി എന്നിവയുമുണ്ട്. സാമ്പാർ, അവിയൽ കിറ്റുകൾക്ക് 60 രൂപയാണ് വില. ദിവസവും മുന്നൂറിലേറെ പായ്ക്കറ്റുകൾ വിൽക്കുന്നുണ്ടെന്ന് പാമ്പാടി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വി.എം. പ്രദീപ് പറഞ്ഞു.

ഗ്രാമപഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സിലെ പച്ചക്കറി സ്റ്റാളിൽ പാമ്പാടിയിൽനിന്നു മാത്രമല്ല, അയൽ പ്രദേശങ്ങളിൽനിന്നും ആളുകളെത്തുന്നുണ്ട്. ബാങ്ക് ഓഫീസിനോടു ചേർന്നു പ്രവർത്തിക്കുന്ന കാർഷിക വികസന വിപണനകേന്ദ്രത്തിലാണ് പച്ചക്കറികൾ അരിഞ്ഞു പായ്ക്കറ്റിലാക്കുന്നത്. നാലു വനിതകൾ ഇവിടെ ജോലി ചെയ്യുന്നുണ്ട്. അരിയുന്നതു മുതൽ ചില്ലറിൽ വെച്ച് സൂക്ഷിക്കുന്നതിനാൽ ഫ്രഷ് ആയിത്തന്നെ ഉപഭോക്താക്കൾക്ക് ലഭിക്കും. കർഷകർക്ക് പിന്തുണ നൽകുന്നതിന്റെ ഭാഗമായി നാട്ടിൽനിന്നു ലഭിക്കുന്ന പച്ചക്കറികളും കിറ്റുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

 ഉണക്കകപ്പകൊണ്ടുള്ള ബിരിയാണിക്കൂട്ട്, റെഡി ടു കുക്ക് ഇടിയപ്പം, ഉപ്പുമാവ്, ചക്കകൊണ്ടുള്ള പുട്ടുപൊടി, പൊക്കാളി അരിയുടെ പുട്ടുപൊടി തുടങ്ങി സഹകരണ മേഖലയിൽനിന്നുള്ള മറ്റുത്പന്നങ്ങളുടെയും വിൽപ്പന ഇവിടെയുണ്ട്. ബുക്കിംഗിന് 9495683814, 9495344619 എന്നീ ഫോൺ നമ്പരുകളിൽ ബന്ധപ്പെടാം.




Follow us on :

More in Related News