Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Jan 2025 20:27 IST
Share News :
കടുത്തുരുത്തി:ജനുവരിയിൽ നടപ്പിലാക്കിയ സമയപരിഷ്കരണം പാലരുവിയിലെ യാത്രാ പ്രതിസന്ധികൾ വർദ്ധിപ്പിച്ചതായി ഫ്രണ്ട്‌സ് ഓൺ റെയിൽസ്.
നേരത്തെ 04.50 ന് കൊല്ലത്ത് നിന്ന് പുറപ്പെട്ടിരുന്ന 16791 തൂത്തുക്കൂടി - പാലക്കാട് പാലരുവി എക്സ്പ്രസ്സിന്റെ സമയം ജനുവരി ഒന്നുമുതൽ 04.35 ലേയ്ക്ക് മാറ്റിയിരുന്നു. ഇതുമൂലം 15 മിനിറ്റ് നേരത്തെ വീടുകളിൽ നിന്ന് പുറപ്പെടുകയും പതിവ് സമയത്ത് തന്നെ എറണാകുളം എത്തിച്ചേരേണ്ട സാഹചര്യമാണുള്ളത്.
പാലരുവിയ്‌ക്ക് ശേഷം ഒന്നേകാൽ മണിക്കൂറിന് ശേഷമാണ് 06169 കൊല്ലം - എറണാകുളം സ്പെഷ്യൽ മെമു സർവീസ് നടത്തുന്നത്. 09.00 ന് മുമ്പ് എറണാകുളത്ത് എത്തേണ്ട ഐ ടി മേഖലയിലും ഹോസ്പിറ്റലിലെയും അടക്കം നിരവധി തൊഴിലാളികളുടെ ഏക ആശ്രയമാണ് പാലരുവി എക്സ്പ്രസ്സ്.
കോട്ടയത്ത് നിന്ന് 06.43 ന് പാലരുവി പുറപ്പെടുന്നതിനാൽ പ്രാദേശിക ബസ് സർവീസുകളെ ആശ്രയിച്ചിരുന്ന നിരവധിപ്പേർക്ക് ട്രെയിൻ ലഭിക്കാത്ത സാഹചര്യമാണിപ്പോൾ. സ്ത്രീകളും വിദ്യാർത്ഥികളും അടങ്ങുന്ന നിരവധി യാത്രക്കാർ ഇതുമൂലം കടുത്ത ദുരിതമാണ് നേരിടുന്നത്.
മുളന്തുരുത്തിയിൽ തിങ്ങി നിറഞ്ഞ കോച്ചുകളിൽ ദിവസവും യാത്രക്കാർ അനുഭവിച്ചിരുന്നത് സമീപകാലത്തെ സമാനതകളില്ലാത്ത ദുരിതമായിരുന്നു. ആ സാഹചര്യത്തിൽ വന്ദേഭാരതിന് വേണ്ടി പാലരുവിയെ മുളന്തുരുത്തിയിൽ പിടിച്ചിടാതെ തൃപ്പൂണിത്തുറയിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട യാത്രക്കാർക്ക് അക്ഷരാർത്ഥത്തിൽ ഇരുട്ടടിയാണ് പുതിയ ഈ സമയക്രമമെന്ന് അവർ അഭിപ്രായപ്പെട്ടു .
കൊല്ലത്ത് നിന്ന് 04.35 ന് 16791 പാലരുവിയും 04.38 ന് 16606 ഏറനാടും പുറപ്പെടുന്ന വിധമാണ് പുതിയ സമയം ചിട്ടപ്പെടുത്തിയിരിക്കുന്നത്. അതുമൂലം പാലരുവിയ്‌ക്ക് പിറകേ ഹാൾട്ട് സ്റ്റേഷനിലൾപ്പടെ നിർത്തിയശേഷം ഏറനാട് 40 മിനിറ്റോളം വൈകിയാണ് എല്ലാദിവസവും കായംകുളമെത്തുന്നത്. എന്നാൽ ഏറനാടിന് ശേഷം 04.45 ന് പാലരുവി കൊല്ലത്ത് നിന്ന് പുറപ്പെട്ടാൽ കൂടുതൽ യാത്രക്കാർക്ക് ഉപകാരപ്പെടുന്നതും ഏറനാടിന്റെ അനാവശ്യ പിടിച്ചിടൽ ഒഴിവാകുന്നതുമാണ്.
04.45 ന് കൊല്ലത്ത് നിന്ന് പുറപ്പെട്ടാലും വന്ദേഭാരതിന്റെ ഷെഡ്യൂളിനെ ബാധിക്കാതെ പാലരുവിയെ തൃപ്പൂണിത്തുറയിൽ സുഗമായി എത്തിക്കാമെന്ന് ഫ്രണ്ട്‌സ് ഓൺ റെയിൽസ് ഭാരവാഹികളായ ശ്രീജിത്ത് കുമാർ, അജാസ് വടക്കേടം എന്നിവർ പ്രതികരിച്ചു.
വന്ദേഭാരതിന്റെ സമയമാറ്റം അംഗീകരിക്കാൻ റെയിൽവേ കൂട്ടാക്കാത്തതിനാൽ പാലരുവിയുടെ സമയത്തിലെങ്കിലും ഇളവുകൾ നൽകണമെന്ന അപേക്ഷയുമായി അധികൃതരെ സമീപിക്കാൻ ഒരുങ്ങുകയാണ് യാത്രക്കാർ.
ഒപ്പം തിരുവനന്തപുരത്ത് നിന്ന് രാവിലെ പുറപ്പെടുന്ന 16302 വേണാടിന്റെ സമയം എറണാകുളത്തെ ജോലിക്കാർക്ക് അനുകൂലമാകുന്ന വിധം അഞ്ചുമിനിറ്റ് പിന്നോട്ടാക്കുകയും വൈകുന്നേരം എറണാകുളം ടൗണിൽ നിന്ന് പുറപ്പെടുന്ന പാലരുവിയുടെ സമയം അഞ്ചുമിനിറ്റ് മുന്നോട്ടാക്കുകയും ചെയ്ത റെയിൽവേ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും "ഫ്രണ്ട്‌സ് ഓൺ റെയിൽസ്" അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.