Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സംസ്ഥാനത്ത് നാല് ആശുപത്രികൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം: മന്ത്രി വീണാ ജോർജ്

11 Jan 2025 18:15 IST

Jithu Vijay

Share News :

തിരുവനന്തപുരം : സംസ്ഥാനത്തെ നാല് ആരോഗ്യ സ്ഥാപനങ്ങൾക്ക് കൂടി നാഷണൽ ക്വാളിറ്റി അഷുറൻസ് സ്റ്റാൻഡേർഡ്സ് (എൻ.ക്യു.എ.എസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കൊല്ലം ജില്ലയിലെ അലയമൺ കുടുംബാരോഗ്യ കേന്ദ്രം 94.77 ശതമാനം സ്‌കോർ നേടി. തിരുവനന്തപുരം ജില്ലയിലെ കോരണംകോട് ജനകീയ ആരോഗ്യ കേന്ദ്രം (85.83 ശതമാനം), എറണാകുളം ജില്ലയിലെ കട്ടിങ് പ്ലാന്റേഷൻ ജനകീയ ആരോഗ്യ കേന്ദ്രം (88.47 ശതമാനം), വയനാട് ജില്ലയിലെ വടക്കനാട് ജനകീയ ആരോഗ്യ കേന്ദ്രം (90.55 ശതമാനം) എന്നിവയാണ് എൻ.ക്യു.എ.എസ്. കരസ്ഥമാക്കിയത്.


കൂടുതൽ ആശുപത്രികളെ ദേശീയ ഗുണനിലവാരത്തിലേക്ക് ഉയർത്താനുള്ള വികസന പ്രവർത്തനങ്ങളാണ് നടന്നുവരുന്നതെന്ന് മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ആദ്യമായാണ് ജനകീയ ആരോഗ്യ കേന്ദ്രങ്ങൾക്ക് ദേശീയ ഗുണനിലവാര അംഗീകാരം ലഭിക്കുന്നത്. 2023ൽ ആർദ്രം മിഷന്റെ ഭാഗമായി 5415 ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ യാഥാർത്ഥ്യമാക്കിയിരുന്നു. ജനകീയ ആരോഗ്യ കേന്ദ്രങ്ങളിൽ മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങളും ഉപകരണങ്ങളും ആരോഗ്യ സേവനങ്ങളും 36 ഇനം മരുന്നുകളും 10 തരം ലാബ് പരിശോധനകളും ലഭ്യമാക്കുന്നു. ഇതിലൂടെ വാർഡ് തലം മുതലുള്ള ആരോഗ്യ സേവനങ്ങൾ ശാക്തീകരിക്കുവാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഈ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം കൂടിയാണ് മൂന്ന് ജനകീയ ആരോഗ്യ കേന്ദ്രങ്ങൾക്ക് ലഭിച്ച എൻ.ക്യു.എ.എസ് അംഗീകാരം. കൂടുതൽ ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ എൻ.ക്യു.എ.എസ് അംഗീകാരം നേടാനുള്ള തയ്യാറെടുപ്പിലാണ്.


ഇതോടെ സംസ്ഥാനത്തെ 197 ആശുപത്രികൾ എൻ.ക്യു.എ.എസ്. അംഗീകാരവും 83 ആശുപത്രികൾ പുന:അംഗീകാരവും നേടിയെടുത്തു. 5 ജില്ലാ ആശുപത്രികൾ, 4 താലൂക്ക് ആശുപത്രികൾ, 11 സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, 41 അർബൻ പ്രൈമറി ഹെൽത്ത് സെന്റർ, 133 കുടുംബാരോഗ്യ കേന്ദ്രങ്ങൾ, 3 ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ എന്നിവ എൻ.ക്യു.എ.എസ് അംഗീകാരം നേടി.


എൻ.ക്യു.എ.എസ് അംഗീകാരത്തിന് മൂന്ന് വർഷത്തെ കാലാവധിയാണുളളത്. മൂന്ന് വർഷത്തിന് ശേഷം ദേശീയ സംഘത്തിന്റെ പുന:പരിശോധന ഉണ്ടാകും. കൂടാതെ വർഷാവർഷം സംസ്ഥാനതല പരിശോധനയുമുണ്ടാകും. എൻ.ക്യു.എ.എസ്. അംഗീകാരം ലഭിക്കുന്ന കുടുംബാരോഗ്യ കേന്ദ്രങ്ങൾക്ക് 2 ലക്ഷം രൂപ വീതവും, ജനകീയ ആരോഗ്യ കേന്ദ്രങ്ങൾക്ക് ഒരു പാക്കേജിന് 18,000 രൂപ വീതവും മറ്റ് അശുപത്രികൾക്ക് ഒരു കിടക്കയ്ക്ക് 10,000 രൂപ എന്ന നിലയിലും വാർഷിക ഇൻസെന്റീവ് ലഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് അറിയിച്ചു

Follow us on :

More in Related News