Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ച നവജാതശിശു മരിച്ച കേസിൽ അമ്മയ്ക്ക് പത്ത് വർഷം തടവും 50,000 രൂപ പിഴയും

07 Aug 2024 14:53 IST

R mohandas

Share News :

കൊല്ലം: കല്ലുവാതുക്കലിൽ കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ച് നവജാതശിശു മരിച്ച കേസിൽ അമ്മയ്ക്ക് പത്ത് വർഷം തടവും 50,000 രൂപ പിഴയും ശിക്ഷ. കല്ലുവാതുക്കൽ ഈഴായ്ക്കോട് പേഴുവിളവീട്ടിൽ രേഷ്‌മ(25)യെയാണ് കൊല്ലം ഫസ്റ്റ് അഡീഷണൽ ജഡ്ജ് പി.എൻ.വിനോദ് ശിക്ഷിച്ചത്. കേസിൽ പ്രതി കുറ്റക്കാരിയാണെന്ന് കോടതി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 304 പാർട്ട് രണ്ട് പ്രകാരം നരഹത്യാകുറ്റവും ബാലനീതി നിയമത്തിലെ 75-ാം വകുപ്പ് പ്രകാരം കുട്ടികളോട് കാണിക്കുന്ന ക്രൂരതാ കുറ്റവുമാണ് പ്രതിക്കെതിരേ ചുമത്തിയിരുന്നത്.


2021 ജനുവരി അഞ്ചിന് പുലർച്ചെയായിരുന്നു കേസിനാസ്‌പദമായ സംഭവം. ജനിച്ച് അധികസമയം ആകാത്ത ആൺകുഞ്ഞിനെയാണ് പൊക്കിൾക്കൊടിപോലും മുറിച്ചുമാറ്റാതെ, രേഷ്മയുടെ വീടിന്റെ പിന്നിലെ റബ്ബർതോട്ടത്തിലെ കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയത്. അവശനിലയിലായിരുന്ന കുഞ്ഞിനെ കൊല്ലം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലും അവിടെനിന്ന് തിരുവനന്തപുരം എസ്.എ.ടി.യിലുമെത്തിച്ചെങ്കിലും മരിച്ചു. ഡി.എൻ.എ. പരിശോധനയിലാണ് കുഞ്ഞ് രേഷ്‌മയുടേതാണെന്ന് തിരിച്ചറിയുന്നത്.


പ്രോസിക്യൂഷൻ ഭാഗത്തുനിന്നു 31 സാക്ഷികളെ വിസ്‌തരിച്ചു. 66 രേഖകൾ ഹാജരാക്കി. പ്രതിയുടെ അമ്മ ഗീതയും ഭർത്താവിന്റെ അമ്മ ഗിരിജകുമാരിയും മറ്റ് അയൽക്കാരായ സാക്ഷികളും കൂറുമാറിയിരുന്നു. പ്രോസിക്യൂഷൻ സാക്ഷിയായിരുന്ന പ്രതിയുടെ ഭർത്താവ് വിഷ്ണു പിന്നീട് കോടതിയിൽ പ്രതിഭാഗം സാക്ഷിയായി. നവജാതശിശുവിന്റെ മാതാപിതാക്കളാണ് പ്രതിയും ഭർത്താവായ വിഷ്ണുവും എന്നു കണ്ടെത്തിയ ഡി.എൻ.എ. ഫലം കോടതി അംഗീകരിക്കുകയായിരുന്നു.


പാരിപ്പള്ളി പോലീസ് സബ് ഇൻസ്പെക്ടർമാരായിരുന്ന എ.അൽജബാർ, ടി.സതികുമാർ, ഇൻസ്പെക്ടർമാരായ എൻ. അനീസ, എസ്.രൂപേഷ് രാജ് എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി സിസിൻ ജി.മുണ്ടയ്ക്കലും ഡി.ഷൈൻദേവും ഹാജരായി. വനിതാ സിവിൽ പോലീസ് ഓഫീസർ മഞ്ജുഷ പ്രോസിക്യൂഷൻ സഹായിയായി.

Follow us on :

More in Related News