Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Dec 2024 16:53 IST
Share News :
ഇരിങ്ങാലക്കുട: നീതിക്കും പൊതുസമൂഹത്തിന്റെ നന്മയ്ക്കും വേണ്ടി നിലകൊള്ളുന്ന ജനപ്രതിനിധികളാകാന്‍ രൂപതയിലെ വിശ്വാസി സമൂഹത്തില്‍ നിന്നു കൂടുതല്‍ പേര്‍ അടുത്തുവരുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ മല്‍സര രംഗത്തിറങ്ങണമെന്ന് മാര്‍ പോളി കണ്ണൂക്കാടന്‍. ഏതു രാഷ്ട്രീയ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കണമെന്നത് വ്യക്തികളുടെ തീരുമാനമാണ്. മൂല്യബോധവും കര്‍മശേഷിയുമുള്ള സത്യസന്ധരായ നേതാക്കളെയാണ് സമൂഹത്തിനാവശ്യം. ഈ ലക്ഷ്യത്തോടെ തിരഞ്ഞെടുപ്പിനുള്ള തയാറെടുപ്പ് ഇപ്പോള്‍ തന്നെ ആരംഭിക്കണമെന്ന് അദ്ദേഹം വിശ്വാസികളെ ഓര്‍മിപ്പിച്ചു. ഇരിങ്ങാലക്കുട രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്.
ഇന്ത്യയുടെ മതനിരപേക്ഷതയും ഭരണഘടനയും ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന കാലമാണിത്. ന്യൂനപക്ഷ, ഭൂരിപക്ഷ വര്‍ഗീയത മുമ്പെങ്ങുമില്ലാത്ത വിധം സര്‍വരംഗങ്ങളിലും പിടിമുറുക്കിക്കൊണ്ടിരിക്കുന്നു. ഈ പ്രവണതകള്‍ക്കെതിരെ നിലകൊള്ളുന്ന മൂല്യബോധമുള്ള ജനപ്രതിനിധികള്‍ കുറഞ്ഞുവരുന്ന ഈ സാഹചര്യത്തില്‍ രാഷ്ട്രീയത്തിലെ പാളിച്ചകളും അഴിമതികളും കണ്ട് മാറിനില്‍ക്കാതെ, കൂടുതല്‍ ക്രൈസ്തവ നേതാക്കള്‍ പൊതുമണ്ഡലത്തിലേക്ക് ഇറങ്ങിവരണം. അവര്‍ ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും വേണ്ടി നിലകൊള്ളണം. ഭരണഘടനയെ തള്ളിപ്പറയുന്നവരെ തിരിച്ചറിയണം - മാര്‍ പോളി കണ്ണൂക്കാടന്‍ വ്യക്തമാക്കി.
സാര്‍വത്രിക സഭയില്‍ ഡിസംബര്‍ 24 അര്‍ധരാത്രി ജൂബിലി വര്‍ഷം ആരംഭിക്കുന്നത് പ്രത്യാശയുടെ തീര്‍ത്ഥാടകരാകാന്‍ ക്രൈസ്തവര്‍ക്കുള്ള ആഹ്വാനമാണ്. യുദ്ധങ്ങളും കലാപങ്ങളും വര്‍ധിക്കുന്ന ഇക്കാലത്ത് പ്രത്യാശയോടെ മുന്നേറുകയെന്നതാണ് ക്രിസ്തു നല്‍കുന്ന സന്ദേശം.ഡിസംബര്‍ 29നു ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിന്റെ കവാടം തുറന്ന് രൂപതയില്‍ ജൂബിലി വര്‍ഷത്തിനു തുടക്കം കുറിക്കും. ഇതോടൊപ്പം രൂപതയിലെ എല്ലാ പള്ളികളിലും തിരി തെളിക്കും.
ഫ്രാന്‍സിസ് പാപ്പയുടെ 'അവന്‍ നമ്മെ സ്‌നേഹിച്ചു' എന്ന ചാക്രിക ലേഖനം ആസ്പദമാക്കി റവ. ഡോ. വിന്‍സെന്റ് ആലപ്പാട്ടും വഖഫ് പ്രതിസന്ധിയെപ്പറ്റി അഡ്വ. ബിജു കുണ്ടുകുളവും ക്ലാസെടുത്തു. 'കേരളസഭാതാരം' അവാര്‍ഡ് പ്രമുഖ വചനപ്രഘോഷകന്‍ ഫാ. മാത്യു നായ്ക്കംപറമ്പിലിന് മാര്‍ പോളി കണ്ണൂക്കാടന്‍ നല്‍കി. ജനറല്‍ സെക്രട്ടറി റവ. ഡോ. ലാസര്‍ കുറ്റിക്കാടന്‍, മോണ്‍. വില്‍സണ്‍ ഈരത്തറ, മോണ്‍. ജോസ് മാളിയേക്കല്‍, മോണ്‍. ജോളി വടക്കന്‍ എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറി ഡേവിസ് ഊക്കന്‍ റിപ്പോര്‍ട്ട് വായിച്ചു. ആനി ആന്റു നന്ദി പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.