Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Jul 2024 19:56 IST
Share News :
മഞ്ചേരി : മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളേജിൽ രോഗികൾക്ക് മതിയായ ചികിത്സ ഉറപ്പുവരുത്താൻ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കണമെന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ നിർദ്ദേശം. മലപ്പുറം കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ കമ്മീഷൻ അംഗം എ.സൈഫുദ്ധീൻ ഹാജിയുടെ അധ്യക്ഷതയിൽ നടന്ന സിറ്റിങ്ങിലാണ് നിർദേശം നൽകിയത്.
മെഡിക്കൽ കേളേജിന്റെ ശോചനീയാവസ്ഥ സംബന്ധിച്ച് കേരളാ മുസ്‌ലിം ജമാഅത്ത് മഞ്ചേരി സോൺ കമ്മിറ്റി ന്യൂനപക്ഷ കമ്മീഷന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മെഡിക്കൽ കോളേജ് അധികൃതരെ വിളിച്ചു വരുത്തി വിശദാംശങ്ങൾ ആരാഞ്ഞത്. ബെഡുകളുടെ അപര്യാപ്തത, ഡോക്ടർമാരുടെയും പാരാമെഡിക്കൽ സ്റ്റാഫിന്റെയും എണ്ണക്കുറവ്, ഡോക്ടർമാരുടെ സ്ഥലമാറ്റം മൂലമുണ്ടാകുന്ന പ്രതിസന്ധികൾ, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി നഷ്ടപ്പെട്ടത് തുടങ്ങി വിശദമായ കാര്യങ്ങൾ കമ്മീഷൻ മുമ്പാകെ ബോധ്യപ്പെടുത്തി.
നിലവിലുണ്ടായിരുന്ന ജനറൽ ആശുപത്രി മെഡിക്കൽ കോളേജാക്കി ഉയർത്തിയപ്പോൾ ഉണ്ടായിരുന്ന പല സൗകര്യങ്ങളും ഇല്ലാതെയായി എന്നത് ഏറെ ഗൗരവതരമാണെന്ന് കമ്മീഷൻ നിരീക്ഷിച്ചു. മലപ്പുറം പോലെ ന്യൂനപക്ഷ വിഭാഗങ്ങൾ തിങ്ങിപ്പാർക്കുന്ന ജില്ലയിൽ ആതുരാശ്രുശൂഷാ രംഗത്ത് മതിയായ സൗകര്യങ്ങൾ ഉറപ്പു വരുത്താൻ സ്ഥലമേറ്റെടുപ്പ് ഉൾപ്പെടെയുള്ള കാര്യങ്ങളിലെ കാലതാമസം ഒഴിവാക്കണമെന്നും, നിലവിൽ നടന്ന് കൊണ്ടിരിക്കുന്ന നിർമ്മാണപ്രവർത്തനങ്ങൾ ത്വരിതഗതിയിലാക്കണമെന്നും,വിദഗ്ധ ഡോക്ടർമാരുടെ അടിയന്തിര നിയമനം ഉറപ്പു വരുത്തണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു. കേരളാ മുസ്‌ലിം ജമാഅത്തിനെ പ്രതിനിധീകരിച്ച് സോൺ ജനറൽ സെക്രട്ടറി എ.പി.ഇബ്രാഹീം വെള്ളില,എസ്.വൈ.എസ് ജില്ലാ കമ്മിറ്റി അംഗം യു.ടി.എം.ഷമീർ പുല്ലൂർ എന്നിവരും, മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ.അനിൽ രാജ് കെ.കെ,
ഗവൺമെൻറ് സെക്രട്ടറിയേറ്റിലെ അഡീഷണൽ സെക്രട്ടറി അബ്ദുന്നാസർ എന്നിവരും സിറ്റിങ്ങിൽ ഹാജരായി.
Follow us on :
Tags:
More in Related News
Please select your location.