Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Jan 2026 14:48 IST
Share News :
വൈക്കം: മറവൻതുരുത്ത് പഞ്ചായത്തിലെ ടോൾ -പാലാംകടവ് റോഡിലെ ഏറ്റവും വലിയ സാമൂഹ്യ വിഷയമായി മാറിയിരിക്കുന്ന പണ്ടാരച്ചിറയിലെ മാലിന്യ പ്രശ്നത്തിൽ അടിയന്തിര പരിഹാരം കാണണമെന്നാവശ്യപ്പെട്ടും പ്രദേശത്തെ മലിനമാക്കുന്ന സാഹചര്യങ്ങൾ വിലയിരുത്തിക്കൊണ്ടും പരിഹാര മാർഗ്ഗങ്ങൾ നിർദേശിച്ചുമുള്ള പഠന റിപ്പോർട്ട് സ്കൂൾ വിദ്യാർഥികൾ പഞ്ചായത്ത് അധികൃതർക്ക് കൈമാറി. മറവൻതുരുത്ത് ഗവ.യു.പി സ്കൂൾ വിദ്യാർത്ഥികളാണ് ഇത് സംബന്ധിച്ച് വിശദമായ റിപ്പോർട്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആരതി വിനയന് സമർപ്പിച്ചത്. കഴിഞ്ഞ വർഷം സ്കൂളിന്റെ ആഭിമുഖ്യത്തിൽ പഞ്ചായത്ത് അംഗങ്ങൾ, ലേക് സിറ്റി റോട്ടറി ക്ലബ്, പൊതുപ്രവർത്തകർ എന്നിവരുടെ സഹായത്തോടെ പണ്ടാരച്ചിറയിൽ സ്നേഹാരാമം പദ്ധതിയിലൂടെ ചെടികളും ഫലവൃക്ഷങ്ങളും നട്ടുപിടിപ്പിക്കുകയും വാട്സാപ്പ് കൂട്ടായ്മക്ക് രൂപം നൽകുകയും ചെയ്തിരുന്നു. ഗുണപരമായ മാറ്റങ്ങൾ ഇങ്ങനെ കൊണ്ട് വന്നെങ്കിലും തുടർച്ചയായ മാലിന്യ നിക്ഷേപം മൂലം പ്രദേശം വീണ്ടും ദുർഗന്ധപൂരിതമായി. 7-ാം ക്ലാസിലെ അശ്വിൻ , അനാലിയ എന്നിവരുടെ നേതൃത്വത്തിലാണ് വിദ്യാർത്ഥികൾ റിപ്പോർട്ട് സമർപ്പണത്തിന് എത്തിയത്. പ്രധാന അധ്യാപകൻ സി. പി പ്രമോദ്, പി ടി എ വൈസ് പ്രസിഡന്റ് വി. പി ജയകുമാർ, എം പി ടി എ പ്രസിഡന്റ് സൗദ നവാസ്, അധ്യാപകരായ ഐശ്വര്യ അഭിലാഷ്, ബോബി ജോസ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
ആവശ്യമായ അടിയന്തിര ശ്രദ്ധ കുട്ടികൾ ഉന്നയിച്ച വിഷയത്തിൽ ഉണ്ടാകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഉറപ്പ് നൽകി.
Follow us on :
Tags:
More in Related News
Please select your location.