Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മന്നം ജയന്തി ആഘോഷം: പെരുന്നയിലേക്ക് ഒഴുകി എത്തിയത് ആയിരങ്ങൾ

02 Jan 2025 17:13 IST

CN Remya

Share News :

കോട്ടയം: മന്നം ജയന്തി ആഘോഷങ്ങളിൽ പങ്കെടുക്കാൻ ചങ്ങനാശേരി പെരുന്നയിലേക്ക് ഒഴുകി എത്തിയത് ആയിരങ്ങൾ. നീണ്ട ഇടവേളയ്ക്ക് ശേഷം രമേശ് ചെന്നിത്തല എംഎൽഎയും എൻഎസ്എസ് ആസ്ഥാനത്ത് എത്തി. 148-ാമത് മന്നംജയന്തി ആഘോഷത്തിന്റെ ഉദ്ഘാടനത്തിനാണ് 11 വർഷങ്ങൾക്ക് ശേഷം ചെന്നിത്തല എൻഎസ്എസ് ആസ്ഥാനമായ പെരുന്നയിലെത്തിയത്.  

മതനിരപേക്ഷതയുടെ ഏറ്റവും ജാജ്വല്യമാനമായ ബ്രാന്‍ഡ് അംബാസിഡര്‍, അല്ല, ശ്രേഷ്ഠവും കുലീനവുമായ ബ്രാന്‍ഡ് ആണ് എന്‍എസ്എസ് എന്ന് രമേശ് ചെന്നിത്തല ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ഷഷ്ഠിപൂര്‍ത്തിയോടുനുബന്ധിച്ച് നടന്ന ചടങ്ങില്‍ ഒരാള്‍ സമ്മാനമായി ഊന്നുവടി നല്‍കിയപ്പോള്‍, സമുദായത്തിന് നേരെ വരുന്ന ഓരോ തല്ലും തടുക്കുവാനും പകരം കൊടുക്കുവാനും വേണ്ടി ഈ വടി ഞാന്‍ സ്വീകരിക്കുന്നു എന്ന്' മന്നം പറഞ്ഞു. അദൃശ്യമായ ആ വടി ഇന്നത്തെ ജനറല്‍ സെക്രട്ടറിയുടെ കയ്യിലും കാണുന്നുണ്ട്. മതനിരപേക്ഷതയുടെ ഈ മഹത്തായ ബ്രാന്‍ഡ് കേരളത്തില്‍ തിളങ്ങി നില്‍ക്കുന്നതില്‍ അഭിമാനിക്കുന്നു; സന്തോഷിക്കുന്നു. സമുദായങ്ങള്‍ തമ്മില്‍ തല്ലണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് എന്‍എസ്എസിനോട് പിണക്കവും പരിഭവവുമെല്ലാം ഉണ്ടാകാം. അതില്‍ അവരോട് സഹതപിക്കാന്‍ മാത്രമേ കഴിയൂ - ചെന്നിത്തല കൂട്ടിച്ചേർത്തു.

മന്നം സമാധിയിൽ പുഷ്പാർച്ചനയോടെ ആഘോഷങ്ങൾ ആരംഭിച്ചു. മന്നത്ത് പദ്മനാഭന്റെ ഛായാചിത്രത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻനായരും ചട്ടമ്പിസ്വാമിയുടെ ചിത്രത്തിന്‌ മുന്നിൽ പ്രസിഡന്റ് ഡോ. എം ശശികുമാറും ദീപം തെളിച്ചു. വ്യാഴാഴ്ച രാവിലെ മുതൽ മന്നം സമാധിയിൽ പുഷ്പങ്ങൾ അർപ്പിക്കാൻ ആയിരക്കണക്കിനു പേർ എൻഎസ്എസ് ആസ്ഥാനത്തേക്ക് എത്തി. 

എൻഎസ്എസ് ആസ്ഥാനത്തെ സ്‌കൂൾ മൈതാനിയിൽ തയ്യാറാക്കിയ മന്നം നഗറിൽ നടന്ന അഖില കേരള നായർ പ്രതിനിധി സമ്മേളനം ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ ഉദ്ഘാടനം ചെയ്തു. മന്നത്തിന്റെ ദർശനങ്ങളാണ് എന്നും എൻഎസ്എസിന്റെ വഴികാട്ടിയെന്ന് അദ്ദേഹം പറഞ്ഞു. മന്നത്ത് ആചാര്യന്റെ ദർശനങ്ങൾ ഉൾക്കൊണ്ട് ഈ കാലത്തോളം മുന്നോട്ടു പോകാനായി എന്നതാണ് എൻഎസ്എസിനെ വ്യത്യസ്തമാക്കുന്നത്. എൻഎസ്എസ് പ്രസിഡന്റ് എം ശശികുമാർ അധ്യക്ഷത വഹിച്ചു. എൻഎസ്എസ് ട്രഷറർ എൻ വി അയ്യപ്പൻപിള്ള പ്രമേയം അവതരിപ്പിച്ചു. 

മുന്നോക്ക വിഭാഗങ്ങൾക്ക് വേണ്ടി EWS കമ്മീഷനും ദേശീയ ധനകാര്യ EWS വികസന കോർപ്പറേഷനും രൂപീകരിക്കണമെന്ന് എൻഎസ്എസ് പ്രതിനിധി സമ്മേളനത്തിൽ പ്രമേയത്തിൽ ആവശ്യപ്പെട്ടു. സംവരണം സാമ്പത്തിക അടിസ്ഥാനത്തിൽ വേണമെന്ന എൻഎസ്എസിന്റെ നേരത്തെയുള്ള ആവശ്യത്തിനുമപ്പുറം മുന്നാക്ക വിഭാഗങ്ങൾക്ക്വേണ്ടി കേന്ദ്രം ദേശീയ EWS കമ്മീഷനും ദേശീയ ധനകാര്യ EWS വികസന കോർപ്പറേഷനും രൂപീകരിക്കണം എന്നാണ് എൻഎസ്എസിന്റെ ആവശ്യം.

പട്ടികജാതി പട്ടികവർഗ്ഗക്കാർക്കും മുസ്ലിം ക്രിസ്ത്യൻ ന്യൂനപക്ഷക്കാർക്കുമെല്ലാം സംവരണം നിലവിലുണ്ട്. സാമ്പത്തിക സംവരണ ഭരണഘടനാ ഭേദഗതി പാസാക്കിയതോടെ ദേശീയ EWS കമ്മീഷൻ മുന്നോക്ക വിഭാഗത്തിനും വേണമെന്ന് എൻഎസ്എസ്. സാമ്പത്തിക സംവരണത്തിൽ ഉൾപ്പെടുന്ന വിഭാഗങ്ങളുടെ പ്രശ്‌നങ്ങൾ പഠിച്ച്‌ പരാതികളിൽ പരിഹാരം കാണണമെന്ന്‌ പ്രമേയത്തിൽ ആവശ്യപ്പെട്ടു. സാമൂഹ്യ -സാമ്പത്തിക പുരോഗതിക്കും ക്ഷേമത്തിനും ആവശ്യമായ നടപടികൾ സംബന്ധിച്ച് കേന്ദ്ര - സംസ്ഥാന സർക്കാരുകൾക്ക് ശുപാർശകളും നിർദേശങ്ങളും നൽകാൻ ഭരണഘടനാധിഷ്‌ഠിതമായ ദേശീയ ഇഡബ്ല്യുഎസ്‌ (ഇക്കണോമിക്കലി വീക്കർ സെക്ഷൻ) കമീഷൻ ആവശ്യമാണ്‌. കമീഷൻ ശുപാർശകൾ നടപ്പാക്കാൻ ധനസഹായം നൽകാൻ ദേശീയധനകാര്യ വികസന കോർപറേഷൻ അനുബന്ധമായി രൂപീകരിക്കണമെന്നും എൻഎസ്‌എസ്‌ ആവശ്യപ്പെട്ടു.

Follow us on :

More in Related News