Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Sep 2024 19:40 IST
Share News :
കടുത്തുരുത്തി: മള്ളിയൂർ വിനായക ചതുർത്ഥിയാഘോഷങ്ങൾ ഭക്തിനിർഭരമായ ചടങ്ങുകളോടെ നടന്നു. വിനായക പ്രീതിക്കായി നടന്ന അഷ്ടദ്രവ്യ മഹാഗണപതി ഹോമം, ഗജപൂജ, ആനയൂട്ട് എന്നിവയിൽ ആയിരങ്ങളാണ് പങ്കാളികളായത്. തെളിഞ്ഞ അന്തരീക്ഷത്തിൽ ഇത്തവണ മള്ളിയൂർ ശ്രീ മഹാഗണപതി ക്ഷേത്രത്തിലെ വിനായക ചതുർത്ഥി ആഘോഷങ്ങൾ. ഉണ്ണിക്കണ്ണനെ മടിയിലിരുത്തിയ മഹാഗണപതി സങ്കൽപ്പമുള്ള മള്ളിയൂർ ക്ഷേത്രത്തിൽ വിനായക ചതുർത്ഥി ആഘോഷങ്ങൾക്ക് എല്ലാവർഷത്തേയും പോലെ ഇത്തവണയും വൻഭക്തജന സഞ്ചയം ഒഴുകിയെത്തി. വിനായക ചതുർത്ഥിദിനത്തിൽ മഴ ഒഴിവാകുന്നത് അപൂർവമാണെങ്കിൽ ഇത്തവണ രാവിലെ മുതൽ മാനം തെളിഞ്ഞു നിന്നു. ഇതും ഭക്തജനത്തിരക്ക് വർധിക്കാൻ കാരണമായി. പുലർച്ചെ നാലിന് നിർമ്മാല്യ ദർശനത്തെ തുടർന്ന് വിസ്നേശ്വര പ്രീതിക്കായുള്ള 10008 നാളികേരം അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തിന് തുടക്കമായി. മള്ളിയൂർ പരമേശ്വരൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിലായിരുന്നു ഹോമം. 8 മണിക്ക് വിശേഷാൽ നവകം- പഞ്ചഗവ്യം അഭിഷേകം ഉച്ചപൂജ എന്നിവ നടന്നു. മഹാഗണപതി ഹോമം സമാപിച്ചതിനെ തുടർന്ന് മഹാഗണപതി ഹോമം ദർശനം നടന്നു. വിനായക ചതുർത്ഥി ദിനത്തിലെ പ്രത്യേക ചടങ്ങുകളായ ഗജപൂജ, ആനയൂട്ട് എന്നിവ ഉച്ചയ്ക്ക് നടന്നു. തന്ത്രി മനയത്താറ്റില്ലത്ത് ആര്യൻ നമ്പൂതിരി ഗജപൂജയ്ക്ക് കാർമ്മികത്വം വഹിച്ചു.ഗുരുവായൂർ ഇന്ദ്രസെൻ, തിരുവാണിക്കാവ് രാജഗോപാലൻ, കിരൺ നാരായണൻകുട്ടി, പാമ്പാടി സുന്ദരൻ, കാഞ്ഞിരക്കാട്ട് ശേഖരൻ, മുണ്ടയ്ക്കൽ ശിവനന്ദൻ, തുടങ്ങി 13 ഗജവീരൻമാർ ആനയൂട്ടിൽ പങ്കാളികളായി. തന്ത്രി മനയത്താറ്റില്ലത്ത് ആര്യൻ നമ്പൂതിരി, മള്ളിയൂർ പരമേശ്വൻ നമ്പൂതിരി എന്നിവർ ഗജവീരൻമാർക്ക് ചോറുളകളും ശർക്കരയും കരിമ്പും പഴവും നൽകി ആനയൂട്ടിന് തുടക്കം കുറിച്ചു.ക്ഷേത്രാങ്കണത്തിൽ പ്രത്യേകം തയ്യാറാക്കിയ പന്തലിലായിരുന്നു ആനയൂട്ട് ചടങ്ങുകൾ. പന്തൽ നിറഞ്ഞ് കവിഞ്ഞ പുരുഷാരം ചടങ്ങിന് സാക്ഷ്യം വഹിച്ചു. ആനയൂട്ടിനെ തുടർന്ന് വലിയ ശ്രീബലി എഴുന്നള്ളത്ത് നടന്നു. എട്ടാം ഉത്സവദിനമായ ഞായറാഴ്ച ആറാട്ടോടെ വിനായക ചതുർത്ഥി മഹോത്സവത്തിന് സമാപനമാകും.
Follow us on :
Tags:
More in Related News
Please select your location.