Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Apr 2024 20:55 IST
Share News :
മലപ്പുറം : ലോക്സഭാ തിരഞ്ഞെടുപ്പിന്റെ നടപടിക്രമങ്ങള്‍ കാര്യക്ഷമമായി നിര്‍വഹിക്കുന്നതിന് വില്ലേജ് തലത്തില്‍ മേല്‍നോട്ടം വഹിക്കുന്നത് സെക്ടര്‍ ഓഫീസര്‍മാര്‍. മലപ്പുറം ജില്ലയിലെ 16 നിയമസഭാ മണ്ഡലങ്ങളിലായി ആകെ 288 സെക്ടര്‍ ഓഫീസര്‍മാരെയാണ് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഒന്നു മുതല്‍ 14 വരെയുള്ള പോളിങ് സ്‌റ്റേഷനുകള്‍ ചേര്‍ന്നതാണ് ഒരു സെക്ടര്‍. സെക്‍ടര്‍ ഓഫീസര്‍മാര്‍ക്ക് അതത് സെക്ടറുകളില്‍ സെക്‍ടര്‍ മജിസ്ട്രേറ്റുമാരുടെ പദവിയും നല്‍കിയിട്ടുണ്ട്.
കൊണ്ടോട്ടി-18, ഏറനാട്- 17, നിലമ്പൂര്‍- 26, വണ്ടൂര്‍- 24, മഞ്ചേരി- 21, പെരിന്തല്‍മണ്ണ- 20, മങ്കട- 16, മലപ്പുറം- 17, വേങ്ങര- 15, വള്ളിക്കുന്ന്- 15, തിരൂരങ്ങാടി- 16, താനൂര്‍- 15, തിരൂര്‍- 19, കോട്ടയ്ക്കല്‍- 18, തവനൂര്‍- 16, പൊന്നാനി- 15 എന്നിങ്ങനെയാണ് വിവിധ നിയമസഭാ മണ്ഡലങ്ങളില്‍ സെക്ടർ ഓഫീസർമാരെ നിയമിച്ചിരിക്കുന്നത്.
താഴെ തട്ടില്‍ തിരഞ്ഞെടുപ്പ് പ്രക്രിയ സുഗമമായി പൂര്‍ത്തീകരിക്കുന്നതിന്റെ ചുമതലയുള്ള സെക്ടര്‍ ഓഫീസര്‍മാരായി പ്രവര്‍ത്തിക്കുന്നത് വില്ലേജ് ഓഫീസര്‍മാരും സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍മാരുമാണ്.
ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളില്‍ കാന്‍ഡിഡേറ്റ് സെറ്റിങ് സമയത്ത് അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍മാരെ സഹായിക്കുക, തിരഞ്ഞെടുപ്പ് ദിവസങ്ങളിലും തലേന്നും അതത് സെക്ടറുകളില്‍ വരുന്ന പോളിങ് സ്‌റ്റേഷനുകള്‍ സന്ദര്‍ശിക്കുക,
തിരഞ്ഞെടുപ്പിന് മുമ്പായി പോളിങ് ഓഫീസര്‍മാര്‍ പോളിങ് സ്‌റ്റേഷനുകളില്‍ ഹാജരായോ എന്ന വിവരം കൃത്യമായി റിട്ടേണിങ് ഓഫീസറെ അറിയിക്കുക, തിരഞ്ഞെടുപ്പു ദിനങ്ങളില്‍ തിരഞ്ഞെടുപ്പ് ആരംഭിക്കുന്നതിന് മുന്നോടിയായി മോക് പോള്‍ നടത്തിയെന്ന് ഉറപ്പുവരുത്തുക, ഇ വി എം- വിവിപാറ്റ് മെഷീനുകളുടെ തകരാറുകള്‍ കണ്ടെത്തി പരിഹരിക്കുകയോ പരിഹരിക്കാനാകാത്ത പ്രശ്‌നങ്ങള്‍ ബന്ധപ്പെട്ടവരെ അറിയിക്കുകയോ ചെയ്യുക, ഓരോ മണിക്കൂറിലെയും പോളിങ് വിവരങ്ങള്‍, ആവറേജ് പോളിങ് ശതമാനം എന്നിവ റിട്ടേണിങ് ഓഫീസര്‍മാരെ അറിയിക്കുക, റിട്ടേണിങ് ഓഫീസര്‍മാരുടെ അനുവാദത്തോടെ ഇവിഎം, വിവിപാറ്റ് മെഷീനുകള്‍ മാറ്റി നല്‍കി വിവരങ്ങള്‍ റിട്ടേണിങ് ഓഫീസറെ അറിയിക്കുക തുടങ്ങിയവയാണ് സെക്ടര്‍ ഓഫീസര്‍മാരുടെ പ്രധാന ചുമതലകള്‍. തിരഞ്ഞെടുപ്പ് ദിവസം റിട്ടേണിങ്/അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍മാര്‍ക്കും പ്രിസൈഡിങ് ഓഫീസര്‍മാര്‍ക്കും പരസ്പരം വിവരങ്ങള്‍ കൃത്യമായി കൈമാറാനാവും വിധം ടെലഫോണ്‍ സൗകര്യങ്ങള്‍ ഉള്ള ഇടങ്ങളില്‍ സെക്ടര്‍ ഓഫീസര്‍മാര്‍ ക്യാമ്പ് ചെയ്യണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. വോട്ടെടുപ്പ് പ്രക്രിയ പൂര്‍ത്തിയാകുന്നതു വരെയുള്ള എല്ലാ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളും സുഗമമായി നടക്കുന്നുവെന്ന് ഉറപ്പുവരുത്തേണ്ട ബാധ്യതയും ഇവര്‍ക്കുണ്ട്.
Follow us on :
Tags:
More in Related News
Please select your location.