Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുടുംബശ്രീ ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് ആയിരം രൂപ ഉത്സവബത്ത നൽകാൻ തീരുമാനം

06 Sep 2024 20:57 IST

- SUNITHA MEGAS

Share News :




കടുത്തുരുത്തി: ഓണത്തിന് ഇരട്ടി സന്തോഷമായി ഇത്തവണ കുടുംബശ്രീ ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് ഓണം ഉത്സവബത്ത. സംസ്ഥാനത്ത് കുടുംബശ്രീയുടെ കീഴിലുള്ള 34,627 ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് ആകും ആയിരം രൂപ വീതം നൽകുക. തദ്ദേശസ്ഥാപനങ്ങളുടെ തനത് ഫണ്ടില്‍ നിന്നും ആയിരം രൂപ വീതം അനുവദിക്കുന്നതിന് കോര്‍പ്പറേഷനുകള്‍, മുനിസിപ്പാലിറ്റികള്‍, ഗ്രാമപഞ്ചായത്തുകള്‍ എന്നിവയ്ക്ക് അനുമതി നൽകി സര്‍ക്കാര്‍ ഉത്തരവായി.

2023-ലും ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് ഉത്സവബത്ത അനുവദിച്ചിരുന്നു. സമാനരീതിയില്‍ ഈ വര്‍ഷവും ഉത്സവബത്ത ലഭ്യമാക്കണമെന്ന് അഭ്യര്‍ത്ഥിച്ചു കൊണ്ട് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ സര്‍ക്കാരിന് കത്തു നല്‍കിയത് പരിഗണിച്ചാണ് നടപടി.

അതേസമയം ഓണത്തിന് മുൻപ് തന്നെ രണ്ടുമാസത്തെ ക്ഷേമപെൻഷൻ കയ്യിൽ എത്തും. ഒരു മാസത്തെ കുടിശ്ശി കൂടി ചേർത്ത് പണം നൽകാനാണ് സർക്കാർ തീരുമാനം. ഇതോടെ 60 ലക്ഷത്തോളം ആളുകൾക്ക് 3200 രൂപ വീതം ഓണത്തിന് മുൻപേ വീട്ടിലെത്തും. ഇതു സംബന്ധിച്ചുള്ള ധനവകുപ്പിൻ്റെ ഉത്തരവ് ഇറങ്ങി.

ഡിസംബര്‍ വരെ കടമെടുക്കാവുന്ന തുകയിൽ 4,500 കോടി രൂപ കൂടി അനുവദിച്ച് കിട്ടിയതോടെ മുഖ്യമന്ത്രി പ്രഖ്യാപിച്ച മുൻഗണനകൾക്ക് പണം വകയിരുത്താനാണ് ധനവകുപ്പ് തീരുമാനം. 1800 കോടി രൂപയാണ് ഇതിനായി വകയിരുത്തുന്നത്. തെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം തെറ്റുതിരുത്തൽ നടപടികളുടെ ഭാഗമായി മുഖ്യമന്ത്രി പ്രഖ്യാപിച്ച മുൻഗണനകളിൽ പ്രധാനം ക്ഷേമ പെൻഷൻ വിതരണമായിരുന്നു. ഇതടക്കം സാമൂഹിക സുരക്ഷാ നടപടികൾക്ക് കൂടുതൽ പണം വകയിരുത്തുമെന്നാണ് ധനവകുപ്പ് പറയുന്നത്.

കടമെടുപ്പ് പരിധിയിൽ കേന്ദ്രം അനുവദിച്ച 4500 കോടി രൂപ ഇതിനായി വിനിയോഗിക്കും. ഡിസംബര്‍ വരെ കേരളത്തിന് അനുവദിച്ച കടമെടുപ്പ് പരിധി 20,512 ആയിരുന്നു. അര്‍ഹമായതിൽ 13,000 കോടിയോളം കുറവുണ്ടെന്നും ഇത് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കേരളം നിരന്തരം സമീപിച്ചതിനെ തുടര്‍ന്നാണ് മൂന്നിലൊന്ന് തുക കൂടി അനുവദിക്കാൻ കേന്ദ്രം തയ്യാറായത്.



Follow us on :

More in Related News