Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Oct 2024 12:05 IST
Share News :
തൊടുപുഴ: ബസുകള്‍ക്ക് അറ്റകുറ്റപ്പണി നടത്താനാവശ്യമായ സ്പെയര്‍ പാര്‍ട്സുകളും മെക്കാനിക്കല്‍ ജീവനക്കാരുമില്ലാതെ ജില്ലയിലെ കെ.എസ്.ആര്‍.ടി.സി ഡിപ്പോകള്‍ പ്രതിസന്ധിയില്‍. ഇതു മൂലം തൊടുപുഴ ഉള്‍പ്പെടെ പല ഡിപ്പോകളിലും സര്‍വീസുകള്‍ കൃത്യമായി നടത്താന്‍ കഴിയാത്ത സ്ഥിതിയുമുണ്ട്. ബസുകള്‍ കട്ടപ്പുറത്താകുന്നതതോടെ പല റൂട്ടുകളിലും യാത്രക്കാരും ദുരിതത്തിലാണ്. ഓട്ടത്തിനിടെ ബ്രേക്ക് നഷ്ടപ്പെട്ടതും ടയര്‍ പൊട്ടിയതുമായ സംഭവങ്ങളും ഒട്ടേറെ.
ഷെഡ്യൂളുകള്‍ വരെ വെട്ടിക്കുറച്ചു
തൊടുപുഴ ഡിപ്പോയില്‍ മുന്‍പ് 56 ഷെഡ്യൂളുകള്‍ ഓപ്പറേറ്റ് ചെയ്തിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 48 ഷെഡ്യൂളുകളാണ് നടത്തുന്നത്. ആകെ 55 ബസുകളാണ് ഡിപ്പോയിലുള്ളത്. വൈക്കം, ചേലച്ചുവട് റൂട്ടിലോടുന്ന ബസുകള്‍ മിക്ക ദിവസവും പണിമുടക്കുന്നതായി യാത്രക്കാര്‍ പറയുന്നു. ബ്രേക്ക് ഡ്രം, സ്ലാക്ക് അഡ്ജസ്റ്റര്‍ എന്നിവയ്ക്കാണ് ഏറ്റവും ക്ഷാമം. ഹൈറേഞ്ച് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസുകള്‍ക്ക് പ്രധാനമായും ഇവയുമായി ബന്ധപ്പെട്ട തകരാറുകളാണ് ഉണ്ടാകാറുള്ളത്.
സ്പെയര്‍പാര്‍ട്സ് ലഭ്യമല്ലാത്തതിനാല്‍ എന്‍ജിന്‍ തകരാറിലായി കിടക്കുന്ന ഏതെങ്കിലും ബസില്‍ നിന്ന് സ്പെയര്‍ പാര്‍ട്സ് എടുത്ത് മാറ്റിയിട്ടാണ് അടിയന്തര ഘട്ടങ്ങളില്‍ താത്ക്കാലികമായി പ്രശ്നം പരിഹരിക്കുന്നത്. മെക്കാനിക്കല്‍ ജീവനക്കാരുടെ കുറവും ടയര്‍ ക്ഷാമവും ഡിപ്പോയെ അലട്ടുന്നുണ്ട്.
കട്ടപ്പനയില്‍ മെക്കാനിക്കിന്റെ കുറവ്
കട്ടപ്പന ഡിപ്പോയില്‍ മെക്കാനിക്കല്‍ ജീവനക്കാരുടെ കുറവാണ് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത്. ഇതിനാല്‍ വാഹനങ്ങളുടെ അറ്റകുറ്റപ്പണികള്‍ യഥാസമയം പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ വരുന്നു. മുന്‍പ് 18 മെക്കാനിക്കല്‍ ജീവനക്കാരാണ് ഇവിടെ ഉണ്ടായിരുന്നത്. നിലവില്‍ 12 പേര്‍ മാത്രമാണുള്ളത്. അതില്‍ ഒരാള്‍ രോഗ ബാധിതനായി ചികിത്സയിലായതിനാല്‍ 11 പേരുടെ സേവനമേ ലഭിക്കുന്നുള്ളൂ. സ്പെയര്‍ പാര്‍ട്സുകള്‍ എത്തിയാലും ജീവനക്കാര്‍ ഇല്ലാത്തതിനാല്‍ യഥാസമയം അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാറില്ല. നേരത്തെ റാംപ് സൗകര്യം ഉണ്ടായിരുന്നെങ്കിലും 2018ലെ പ്രളയകാലത്ത് വര്‍ക്ഷോപ്പിനു മുകളില്‍ മണ്ണിടിഞ്ഞു വീണപ്പോള്‍ അതു നശിച്ചു. പകരം റാംപ് നിര്‍മിക്കണമെന്ന് പലതവണ ആവശ്യപ്പെട്ടെങ്കിലും ആറു വര്‍ഷമായിട്ടും നടപടി ഉണ്ടായിട്ടില്ല.
മൂന്നാറില്‍ സ്പെയര്‍ പാര്‍ട്സുകളില്ല
ഒരു വര്‍ഷമായി മൂന്നാര്‍ ഡിപ്പോയില്‍ സ്പെയര്‍ പാര്‍ട്സുകളുടെ കുറവ് പതിവായിരിക്കുകയാണ്. ആലുവയിലുള്ള റീജണല്‍ വര്‍ക് ഷോപ്പിലേക്ക് ആവശ്യമുള്ള സാധനങ്ങളുടെ ലിസ്റ്റ് ഒന്നിടവിട്ട ദിവസങ്ങളില്‍ ഡിപ്പോ എന്‍ജനീയര്‍ നല്‍കുമെങ്കിലും ടയര്‍ ഒഴികെയുള്ള യന്ത്ര ഭാഗങ്ങള്‍ വല്ലപ്പോഴും മാത്രമാണ് ലഭിക്കുന്നത്. അന്തര്‍ സംസ്ഥാന സര്‍വീസ് ഉള്‍പ്പെടെ 30 സര്‍വീസുകളാണ് മൂന്നാര്‍ ഡിപ്പോയില്‍ നിന്നു ദിവസവും സര്‍വീസ് നടത്തുന്നത്.
നെടുങ്കണ്ടത്ത് സമയ ബന്ധിതമായി അറ്റകുറ്റ പണിയില്ല
നെടുങ്കണ്ടത്ത് സ്പെയര്‍ പാര്‍ട്സുകള്‍ക്ക് ക്ഷാമമില്ലെന്ന് അധികൃതര്‍ പറയുമ്പോഴും ബ്രേക്ക് ഡ്രം ഉള്‍പ്പെടെയുള്ള അടിയന്തര പാര്‍ട്സുകള്‍ സമയബന്ധിതമായി ലഭിക്കുന്നില്ലെന്നാണ് വിവരം. ഹൈറേഞ്ചില്‍ നിന്നു ദീര്‍ഘദൂര സര്‍വീസുകള്‍ നടത്തുന്ന ബസുകള്‍ക്ക് ടയര്‍, ബ്രേക്ക് സംവിധാനങ്ങളുമായി ബന്ധപ്പെട്ട തകരാറുകള്‍ പതിവായി ഉണ്ടാകാറുണ്ട്. ആലുവയിലെ റീജണല്‍ വര്‍ക്ഷോപ്പില്‍ നിന്ന് പാര്‍ട്സുകള്‍ ആവശ്യപ്പെട്ടാലും ഉടനടി ലഭിക്കാറില്ലെന്നും പരാതിയുണ്ട്. നെടുങ്കണ്ടം ചെമ്പകക്കുഴിയില്‍ റാമ്പോടു കൂടിയ വര്‍ക്ഷോപ്പിന്റെ നിര്‍മാണം പൂര്‍ത്തിയായിട്ട് കാലങ്ങളായെങ്കിലും ബി.എഡ് കോളജിന് സമീപമുള്ള പരിമിത സൗകര്യങ്ങള്‍ക്ക് നടുവിലാണ് കെഎസ്ആര്‍ടിസി വര്‍ക്ഷോപ്പ് ഇപ്പോഴും പ്രവര്‍ത്തിക്കുന്നത്.
മൂലമറ്റത്ത് പഴക്കം ചെന്ന ബസുകള്‍
പഴക്കം ചെന്ന ബസുകളാണ് മൂലമറ്റത്ത് നിന്ന് വാഗമണ്‍ റൂട്ടിലടക്കം സര്‍വീസ് നടത്തുന്നത്. സ്പെയര്‍ പാര്‍ട്സിന്റെ കുറവ് മൂലം വാഹനങ്ങള്‍ യഥാസമയം അറ്റകുറ്റപ്പണികള്‍ നടത്താന്‍ സാധിക്കാറില്ല. ഇത് വലിയ അപകടസാധ്യതയാണ് ഉണ്ടാക്കുന്നത്. മുന്‍കാലങ്ങളില്‍ ബസുകള്‍ക്കാവശ്യമായ സ്പെയര്‍ പാര്‍ട്സുകള്‍ ഡിപ്പോയില്‍ സൂക്ഷിച്ചിരുന്നു. ഇപ്പോള്‍ ആവശ്യപ്പെടുന്നവ എത്തിച്ചു നല്‍കുകയാണ് പതിവ്. ഇതുമൂലം അറ്റകുറ്റപ്പണികള്‍ വൈകുന്നുണ്ട്. മൂലമറ്റം ഡിപ്പോയിലെ ബസുകളേറെയും കയറ്റിറക്കമുള്ള പ്രദേശങ്ങളിലൂടെ സര്‍വീസ് നടത്തുന്നവയാണ്. അടുത്ത കാലം വരെ മൂലമറ്റത്ത് പ്രവര്‍ത്തിച്ചിരുന്ന ജില്ലാ വര്‍ക്ഷോപ്പിന്റെ പ്രവര്‍ത്തനം നിര്‍ത്തിയതും ഇവിടെ ജോലികള്‍ വൈകുന്നതിന് കാരണമാകുന്നുണ്ട്.
കുമളിയില്‍ തൊഴിലാളികളുടെ കുറവ്
മെക്കാനിക്കല്‍ ജീവനക്കാരുടെ കുറവാണ് കുമളി ഡിപ്പോയിലും പ്രതിസന്ധി സൃഷ്ടിക്കുന്നത്. ബ്രേക്ക് ഡ്രം ഒഴികെ ആവശ്യത്തിന് സ്പെയര്‍ പാര്‍ട്സുകളുണ്ടെങ്കിലും ഇവ മാറ്റിയിടാന്‍ ആവശ്യമായ മെക്കാനിക്കുകള്‍ ഡിപ്പോയില്‍ ഇല്ല. നിലവില്‍ 10 മെക്കാനിക്കുകളുടെ കുറവാണുള്ളത്. കൂടാതെ ശബരിമല സീസണ്‍ ആരംഭിക്കുന്നതോടെ കൂടുതല്‍ ബസുകള്‍ കുമളിയില്‍ നിന്നു സര്‍വീസ് ആരംഭിക്കേണ്ടിവരും. എന്നാല്‍ ക്രമീകരണങ്ങള്‍ ഇനിയും പൂര്‍ത്തിയാകാനുണ്ട്
Follow us on :
More in Related News
Please select your location.