Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോഴിക്കോട്ടെ ഇ. മൊയ്തുമൗലവി സ്മാരകം നാശത്തിൻ്റെ വക്കിൽ

17 Jan 2025 20:11 IST

Fardis AV

Share News :



കോഴിക്കോട്: നൂറ്റാണ്ടിന്റെ ചരിത്രം പേറുന്ന സ്വാതന്ത്ര്യസമര സേനാനി ഇ. മൊയ്തുമൗലവിയുടെ നഗരത്തിലെ സ്മാരകം ഏറ്റെടുക്കാനും പരിപാലിക്കാനും ആളില്ലാതെ നാശത്തിന്റെ വക്കിൽ. ചരിത്രപ്രാധാന്യമുള്ള ഇവിടത്തെ പല രേഖകളും നശിച്ചു. ഇ മൊയ്തു മൗലവിയുടെ ഓർമ്മകൾ നിലനിർത്തുക എന്ന ഉദ്ദേശത്തോ‌ടെ 2011 ലാണ് ബീച്ച് ആശുപത്രിക്ക് സമീപം അരക്കോടിയോളം രൂപ ചെലവിൽ മ്യൂസിയം സ്ഥാപിച്ചത്. എന്നാൽ ഉദ്ഘാടനം നടന്നതല്ലാതെ മ്യൂസിയത്തിന്റെ നടത്തിപ്പും സംരക്ഷണവുമുണ്ടായില്ല. കോർപറേഷൻ കെട്ടിടം ഏറ്റെടുക്കാമെന്ന് കോഴിക്കോട് കോർപ്പറേഷൻ കൗൺസിലിൽ തീരുമാനമായെങ്കിലും തുടർ നടപടികളുണ്ടായില്ല. ഇതോടെ വൈദ്യുതിയും വെള്ളവുമില്ലാത്ത കെട്ടിടം സാമൂഹികവിരുദ്ധരുടെ താവളമായി മാറി.

മ്യൂസിയം വളപ്പ് കാട് കയറി ഇഴജന്തുക്കളുടെ വാസകേന്ദ്രമാണ്. കെട്ടിടത്തിന്റെ നിർമിതിയിലുള്ള അപാകത കാരണം മഴ പെയ്താൽ വെള്ളം അകത്തെത്തും. ജനാലകൾ പലതും പൊട്ടിപ്പൊളിഞ്ഞു. കെട്ടിടത്തിലെ മോട്ടോർ പ്രവർത്തിക്കുന്നില്ല. അഞ്ച് ശുചിമുറികളും വെറുതെ കിടക്കുന്നു. കുടിവെള്ളവും കിട്ടുന്നില്ല. ലൈറ്റും ഫാനും ഫർണ്ണീച്ചറുകളുമെല്ലാം കടൽക്കാറ്റിലെ ഉപ്പ് കാരണം തുരുമ്പെടുക്കുന്നു. പരിപാലിക്കാത്തതിനാൽ ചരിത്രരേഖകൾ നശിച്ചു. പലതും വായിക്കാൻ പറ്റാതായി. ഹാളും 200 ലേറെ കസേരകളും കേന്ദ്രത്തിൽ വെറുതെ കിടക്കുന്നുണ്ട്. ദിവസക്കൂലിക്കുള്ള കാവൽക്കാരൻ മാത്രമാണ് ഇപ്പോൾ ഇവിടെയുള്ളത്. മ്യൂസിയത്തിലെ മുറികളിൽ എക്കോ ശബ്ദം നിലനിൽക്കുന്നതിനാലും കോണിപ്പടികൾ സ്ഥലം മുടക്കികളാകുന്നതിനാലും കെട്ടിടനിർമ്മാണം മ്യൂസിയത്തിന് യോജിച്ച തരത്തിലല്ലെന്ന ആരോപണം മുൻപേയുള്ളതാണ്.

2011ൽ നാടിന് സമർപ്പിച്ച മ്യൂസിയത്തിലേക്ക് ആദ്യഘട്ടം മുതലേ ആളുകൾ എത്തുന്നത് കുറവായിരുന്നു. സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട ചെറു പരിപാടികൾ വല്ലപ്പോഴും നടക്കുന്നതൊഴിച്ച് മ്യൂസിയത്തിലേക്ക് സന്ദർശകരെ എത്തിക്കാനുള്ള ശ്രമം അധികൃതർ നടത്തുന്നില്ല. ഉദ്ഘാടന ശേഷം നവീകരണ പ്രവർത്തനങ്ങളും നടന്നിട്ടില്ല. സ്ഥലം എം.എൽ.എ ചെയർമാനും പി.ആർ.ഡി ഡെപ്യൂട്ടി ഡയറക്ടർ കൺവീനറുമായ സമിതിക്കാണ് മ്യൂസിയത്തിന്റെ നടത്തിപ്പ് ചുമതല. ചരിത്രാന്വേഷകർക്കും വിദ്യാർത്ഥികൾക്കും പ്രയോജനപ്പെടും വിധം മ്യൂസിയത്തിൽ ചരിത്ര രേഖകൾ പ്രദർശിപ്പിച്ചിരുന്നു. എന്നാൽ നാമമാത്രമായ അനുസ്മരണ പരിപാടികളും സ്വാതന്ത്ര്യദിനാഘോഷങ്ങളുമല്ലാതെ വിദ്യാർത്ഥികളോ ചരിത്രാന്വേഷകരോ ഇവ കാണാനോ പഠിക്കാനോ മ്യൂസിയത്തിൽ എത്തുന്നത് തുലോം കുറവാണ്.

മൊയ്തു മൗലവിയുടെ ഓർമ്മകൾ തുടിക്കുന്ന നിരവധി രേഖകളാണ് മ്യൂസിയത്തിലുള്ളത്. ഇന്ത്യൻ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട 82 അപൂർവ ചിത്രങ്ങൾ, 80 മുതൽ 95 വരെയുള്ള വിവിധ ഭാഷാപത്രങ്ങൾ, ഇ.എം.എസ്, ഏ കെ.ആന്റണി, എൻ.പി.മൻമഥൻ തുടങ്ങിയവർ എഴുതിയ കത്തുകൾ, മൗലവിക്കു കിട്ടിയ പുരസ്‌കാരങ്ങൾ, മൗലവിയുടെ കൈയെഴുത്തു പ്രതികൾ, അദ്ദേഹം ഉപയോഗിച്ചിരുന്ന ഊന്നുവടികൾ എന്നിവയും മ്യൂസിയത്തിലുണ്ട്.

മ്യൂസിയമിപ്പോൾ സാമൂഹ്യ വിരുദ്ധരുടെ താവളമാണെന്നാണ് നാട്ടുകാരുടെ വ്യാപക ആക്ഷേപം. ആളുകളെ എത്തിക്കാൻ വിവിധ പദ്ധതികൾ ആവിഷ്കരിക്കണമെന്ന് പല തവണ അധികാരികളുടെ മുൻപിൽ അവതരിപ്പിച്ചെങ്കിലും നടപടിയൊന്നുമായില്ലെ ന്ന്

വാർഡ് കൗൺസിലർ

കെ.റംലത്ത് പറഞ്ഞു.

മ്യൂസിയത്തിന്റെ നടത്തിപ്പ് സമിതിയുമായി കൂടിച്ചേർന്ന് പ്രവർത്തനം ശക്തിപ്പെടുത്താനുള്ള തീരുമാനത്തിലാണ് കോർപറേഷനെന്നാണ് ആക്ഷേപങ്ങളെക്കുറിച്ച് ചൂണ്ടിക്കാണിച്ചപ്പോൾ പൊതുമരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ

പി.സി.രാജൻ പ്രതികരിച്ചത്.

Follow us on :

More in Related News