Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോട്ടയം മെഡിക്കൽ കോളജ് അപകടം: ജില്ലാ കളക്ടർ അന്വേഷിക്കും: മന്ത്രി വീണാ ജോർജ്

03 Jul 2025 16:27 IST

CN Remya

Share News :

കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് അപകടം ജില്ലാ കളക്ടർ അന്വേഷിക്കുമെന്ന് മന്ത്രി വീണാ ജോർജ്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കളക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഒഴിഞ്ഞ കെട്ടിടം തകർന്ന് വീണ് സ്ത്രീ മരിച്ച സംഭവം ദൗർഭാഗ്യകരമാണ്. തൊട്ടടുത്ത്നിന്ന് കൂടിയാലോചനകൾ നടത്തി എത്രയും വേ​ഗം കാര്യങ്ങൾ നീക്കാൻ തന്നെയാണ് ശ്രമിച്ചത്, ആദ്യഘട്ടത്തിൽ കിട്ടിയ വിവരങ്ങൾ അനുസരിച്ച് അ​ഗ്നിരക്ഷാ സേനാം​ഗങ്ങളുമായി സംസാരിച്ചു, അകത്തുകൂടി മെഷീൻ എത്തിക്കുന്നതിനും രക്ഷാപ്രവർത്തനത്തിനും വേണ്ട നീക്കങ്ങൾ അതിവേ​ഗം നടത്തി. കെട്ടിടത്തിനുള്ളിൽ ആരെങ്കിലും കുടുങ്ങി കിടക്കുന്നുണ്ടോയെന്ന് പരിശോധിക്കാനാണ് മിനിറ്റുകൾക്കുള്ളിൽ മെഷീൻ അവിടെ എത്തിച്ചത്, അവിശിഷ്ടങ്ങൾ മാറ്റുക എന്നത് രണ്ടാമത്തെ കാര്യമാണ്. മന്ത്രി വീണാ ജോർജ് കൂട്ടിച്ചേർത്തു.

കോളജ് ആശുപത്രിയിൽ പൊളിഞ്ഞു വീണ കെട്ടിടത്തിന് അടിയിൽ കുടുങ്ങി തലയോലപ്പറമ്പ് സ്വദേശി ബിന്ദു മരിച്ചിരുന്നു. രക്ഷാപ്രവർത്തനം ഒട്ടും വൈകിയിട്ടില്ല. അപകട വിവരം അറിഞ്ഞ ഉടൻ രക്ഷാപ്രവർത്തനം ആരംഭിച്ചു. മണ്ണ് മാന്തി യന്ത്രം ഉൾപ്പെടെയുള്ള സംവിധാനങ്ങൾ അപകടം നടന്ന സ്ഥലത്തേക്ക് എത്തിക്കുവാൻ ഇവിടെ പ്രയാസമായിരുന്നു. എങ്കിലും എത്രയും വേഗം രക്ഷാപ്രവർത്തനം ആരംഭിച്ചു. 

തകർന്ന് വീണത് കാലപ്പഴക്കം ചെന്ന കെട്ടിടമാണ്. കെട്ടിടത്തിന് 64 വർഷത്തെ പഴക്കമുണ്ട്. 2012 മുതൽ കെട്ടിടത്തിന് ബലക്ഷയമാണെന്ന റിപ്പോർട്ട് ഉണ്ടായിരുന്നു, എന്നാൽ അന്ന് ഒരു നടപടിയും യുഡിഎഫ് സർക്കാർ എടുത്തില്ലെന്നും  എൽഡിഎഫ് സർക്കാരിൻ്റെ കാലത്താണ് പുതിയ ബിൽഡിംഗ് പണിയുവാൻ തുടങ്ങിയത് എന്നും മന്ത്രി കൂട്ടിച്ചേർത്തു. രോഗികളെ നിർബന്ധപൂർവ്വം ഡിസ്ചാർജ് ചെയ്യരുതെന്ന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് സൂപ്രണ്ട് ഡോ. ജയകുമാർ പറഞ്ഞു.

വ്യാഴാഴ്ച രാത്രി തന്നെ പുതിയ കെട്ടിടത്തിലേക്ക് വാർഡ് മാറ്റാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും എന്നദ്ദേഹം അറിയിച്ചു.

Follow us on :

More in Related News