Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Apr 2025 09:38 IST
Share News :
കോട്ടയം: കോട്ടയം കുമരകത്തെ കോണത്താറ്റ് പാലം (കരിക്കാത്തറ പാലം) നിർമാണത്തിന് വച്ചിരുന്ന കമ്പി മോഷ്ടിച്ച കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ. പാലം പണിക്കുവേണ്ടിയെന്ന പേരിൽ കോൺഗ്രസ് നടത്തിയ സമരങ്ങളിലെ സജീവ സാന്നിധ്യമായിരുന്ന പ്രാദേശിക നേതാവ് കോണത്താറ്റ് കുന്നത്തുകളത്തിൽ വിനോയ് വിശ്വനാഥ് (മണിക്കുട്ടൻ 49) ആണ് കുമരകം പൊലീസിന്റെ പിടിയിലായത്. ആഴ്‌ചകളായി രാത്രി കമ്പി എടുത്തുകൊണ്ടുപോയിരുന്ന ഇയാൾ ഇതിനകം മോഷ്ടിച്ചത് 650 കിലോയിലധികം കമ്പിയാണെന്ന് പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.
കോട്ടയം ഭാഗത്തുനിന്ന് വരുന്നവർ കുമരകത്തേക്ക് പ്രവേശിക്കുന്നതിന് തൊട്ടുമുമ്പുള്ള പ്രധാന പാലമായ കോണത്താറ്റ് പാലത്തിന്റെ നിർമാണം അട്ടിമറിക്കാൻ കോൺഗ്രസ് നടത്തുന്ന ശ്രമമാണ് ഇതോടെ വെളിവായത്. ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷിന്റെ നേതൃത്വത്തിൽ പാലത്തിനു സമീപം നടത്തിയ സമരത്തിൽ വിനോയ് വിശ്വനാഥ് സ്ഥിരംസാന്നിധ്യമായിരുന്നു. കോൺഗ്രസ് ജില്ലാ നേതൃത്വത്തിന്റെ അടുത്തയാളാണ് വിനോയ്. പാലം നിർമിക്കാൻ കൊണ്ടിട്ടിരിക്കുന്ന കമ്പിയിൽ കുറവുവന്നപ്പോൾ കരാറുകാരനാണ് 22ന് കുമരകം പൊലീസിൽ പരാതി നൽകിയത്. 1881 കിലോ കമ്പി മോഷണം പോയതായാണ് പരാതി. കേസെടുത്ത പൊലീസ്, സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് നടത്തിയ അന്വേഷണത്തിലാണ് വിനോയ് കുടുങ്ങിയത്. സമീപത്തെ ബാങ്കിന്റെ സിസിടിവിയിൽ വിനോയ് കമ്പിയുമായി പോകുന്ന ദൃശ്യങ്ങൾ പതിഞ്ഞത് പൊലീസിന് കിട്ടി. പരിശോധനയിൽ ഇയാളുടെ വീട്ടിൽനിന്ന് ഏതാനും കമ്പികൾ കണ്ടെടുത്തു. പുലർച്ചയോടെ കമ്പിയുമെടുത്ത് പോകുന്ന ഇയാൾ അന്നുതന്നെ ആക്രിക്ക് വിറ്റ് കാശാക്കുകയാണ് ചെയ്‌തിരുന്നത്. ഈ കാശ് മദ്യപിക്കാനാണ് ചെലവാക്കിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. കുമരകം എസ്‌എച്ച്‌ഒ കെ ഷിജിയുടെ നേതൃത്വത്തിൽ എസ്‌ഐ ഹരിഹരകുമാർ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
Follow us on :
Tags:
More in Related News
Please select your location.