Tue Dec 12, 2023 10:56 PM 1ST

Location  

Sign In

'കേരള സ്‌റ്റോറി' പച്ച നുണ, സംഘപരിവാർ ലക്ഷ്യമിടുന്നത് മുസ്ലിങ്ങളെ മാത്രമാണെന്ന് കരുതരുത് : മുഖ്യമന്ത്രി

09 Apr 2024 15:01 IST

- sajilraj

Share News :

കൊല്ലം : കേരള സ്‌റ്റോറി സിനിമ നാടിനെ അപകീർത്തിപ്പെടുത്തുന്ന പച്ച നുണയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലെ കഥയാണല്ലോ പറയുന്നത്. കേരളത്തിൽ എവിടെയാണ് ഇത്തരത്തിൽ സംഭവിച്ചിട്ടുള്ളത്. പച്ചനുണ ഒരു നാടിനെ അപകീർത്തിപ്പെടുത്താൻ ഭാവനയിൽ സൃഷ്ടിച്ച കുറേ കാര്യങ്ങൾ വെച്ചുകൊണ്ട് അവതരിപ്പിക്കുകയാണ്. കേരള സ്റ്റോറിക്കെതിരെ കേരളീയരല്ലാതെ രാജ്യത്തെ മറ്റു നാട്ടുകാരും പ്രതിഷേധിക്കുകയും പ്രതികരിക്കുകയും ചെയ്തതാണല്ലോയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. സാംസ്‌കാരിക രംഗത്തിന് യോജിക്കാൻ പറ്റാത്ത സമീപനമല്ലേ. തീർത്തും തെറ്റായ നിലപാടല്ലേ എടുത്തിട്ടുള്ളത്. അത് തീർത്തും രാഷ്ട്രീയ ഉദ്ദേശത്തോടെ കൊണ്ടു വന്നതാണ്. അതിന് കൂടുതൽ പ്രചാരണം കൊടുക്കുന്നു എന്നതിലും കൃത്യമായ ഉദ്ദേശങ്ങൾ കാണും. അതിന്റെ ഭാഗമായി കേരളത്തെ എന്തോ വല്ലാത്ത സ്ഥലമായി ചിത്രീകരിക്കുകയാണ്. നമ്മുടെ നാട് നല്ലരീതിയിലുള്ള സാഹോദര്യത്തിന്റെ നാടാണ്. നവോത്ഥാന കാലം മുതൽ നാം പടുത്തുയർത്തിയ നാടിനെ വല്ലാത്ത അവമതിപ്പുണ്ടാക്കുന്ന നാടാക്കി ചിത്രീകരിക്കാനുള്ള ശ്രമമാണ് ഉണ്ടായത്. ആ ശ്രമങ്ങളെയാണ് എതിർക്കേണ്ടതും അപലപിക്കേണ്ടതുമെന്നും മുഖ്യമന്ത്രി പറഞ്ഞു.രാജ്യത്തിന്റെ ആഭ്യന്തര ശത്രുക്കൾ എന്നു പറയുന്നത് ആർഎസ്എസ് സാധാരണ പറയുന്ന ആർഷഭാരത സംസ്‌കൃതിയിൽ നിന്നും കിട്ടിയിട്ടില്ല. നമ്മുടെ വേദേതിഹാസങ്ങളിൽ ഒന്നും ആഭ്യന്തര ശത്രുവിനെക്കുറിച്ച് പറയുന്നില്ല. ആഭ്യന്തരശത്രു എന്നത് ആർഎസ്എസ് കടംകൊണ്ടതാണ്. ആ ആശയം ഭാരതത്തിന്റേതല്ല. യഥാർത്ഥത്തിൽ ആ ആശയം ഹിറ്റ്‌ലറുടേതാണ്. ഹിറ്റ്‌ലർ ജർമ്മനിയിൽ നടപ്പാക്കിയതാണ്. ഹിറ്റ്‌ലർ അന്നു പറഞ്ഞത് അവിടെ ജൂതരും ബോൾഷെവിക്കുകളുമാണ് ജർമ്മനിയുടെ ആഭ്യന്തര ശത്രുക്കളുമെന്നാണ്. ജൂതർ അവിടത്തെ ന്യൂനപക്ഷം. ബോൾഷെവിക്കുകൾ അന്ന് കമ്യൂണിസ്റ്റുകാരെ വിളിക്കുന്ന പേരാണ്.ന്യൂനപക്ഷവും കമ്യൂണിസ്റ്റുകാരുമാണ് ആഭ്യന്തര ശത്രുക്കൾ എന്ന് ഹിറ്റ്‌ലർ പറഞ്ഞുവെച്ചത്, അത് അതേപടി ആർഎസ്എസ് പകർത്തി. ഇതേ വാചകത്തിൽ പേരിൽ മാത്രമേ മാറ്റമുള്ളൂ. അവിടെ ജൂതരെങ്കിൽ ഇവിടെ ന്യൂനപക്ഷങ്ങളിലെ പ്രബലരായ മുസ്ലിമും ക്രിസ്ത്യാനിയുമാണ്. മറ്റു ന്യൂനപക്ഷങ്ങളെ വിട്ടുകളഞ്ഞു എന്ന് ധരിക്കേണ്ട. ഇപ്പോൾ മുസ്ലിം, ക്രിസ്ത്യാനി, കമ്യൂണിസ്റ്റുകാർ എന്നിവരാണ് ആഭ്യന്തരശത്രുക്കൾ എന്നാണ് ആർഎസ്എസ് പറയുന്നത്. ഈ ആഭ്യന്തര ശത്രുക്കളെ കൈകാര്യം ചെയ്യുന്നതിലും അവർ നിലപാടെടുത്തിട്ടുണ്ട്. അതിന് അനുകരണീയമായ മാതൃകയായി സ്വീകരിച്ചത് ഹിറ്റ്‌ലർ ജർമ്മനിയിൽ നടത്തിയത് തന്നെയാണ്. ലോകമാകെ ഹിറ്റ്‌ലർ നടത്തിയ ഭീഭത്സമായ കൂട്ടക്കൊലകളെ തള്ളിപ്പറഞ്ഞപ്പോഴാണ്, നമ്മുടെ രാജ്യത്തെ ആർഎസ്എസ് ആ നടപടികളെ അംഗീകരിച്ചുകൊണ്ട് പ്രകീർത്തിക്കുന്നത്. അനുകരണീയമായ മാതൃകയാണ് ജർമ്മനി കാണിച്ചതെന്നാണ് അവർ പറയുന്നത്.ഓരോ ഘട്ടത്തിൽ ഓരോ വിഭാ​ഗത്തിന് നേരെയാണ് അവർ തിരിയുന്നത്. മണിപ്പൂരിൽ ഏകദേശം വംശഹത്യയുടെ അടുത്തല്ലേ എത്തിയത്. അത് മറക്കാനൊന്നും പറ്റില്ലല്ലോ. ആർഎസ്എസ് ക്രിസ്ത്യാനിയെ മാത്രം ലക്ഷ്യമിടുന്നു എന്നാണോ. അവർ മുസ്ലിങ്ങളെ പലയിടങ്ങളിലായി ആക്രമിച്ചിട്ടുണ്ട്. മുസ്ലിങ്ങളെ മാത്രമല്ല, എല്ലാ ന്യൂനപക്ഷ വിഭാഗങ്ങളെയും ലക്ഷ്യമിടുന്നുണ്ട്. അതു മറക്കരുത്. ഒരു വിഭാഗത്തിനെ മറ്റൊരു വിഭാഗത്തിനെതിരെ തിരിച്ചുവിട്ട് തങ്ങളുടെ ഉദ്ദേശകാര്യങ്ങൾ നേടാനുള്ള ശ്രമം നടത്തുന്നു. ആ കെണിയിൽ വീഴാതിരിക്കുകയാണ് വേണ്ടത്. അത് ആർഎസ്എസിന്റെ അജണ്ടയാണ്. സംഘപരിവാറിന്റെ അജണ്ടയാണ്. ആ സംഘപരിവാർ അജണ്ടയുടെ ഭാഗമായി മാറാതിരിക്കണം. മുഖ്യമന്ത്രി പറഞ്ഞു.

Follow us on :

More in Related News