Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Oct 2024 12:11 IST
Share News :
കോട്ടയം: അക്ഷരനഗരിയിലെ അക്ഷരം മ്യൂസിയത്തിൽ കാരൂർ എത്തി. സാഹിത്യപ്രവർത്തക സഹകരണസംഘത്തിന്റെ സ്ഥാപക സെക്രട്ടറിയായിരുന്ന പ്രിയ കഥാകാരൻ കാരൂർ നീലകണ്ഠപിള്ളയുടെ അർദ്ധകായ പ്രതിമ മ്യുസിയത്തിൽ സ്ഥാപിക്കും. അങ്കമാലി സ്വദേശിയായ ശിൽപ്പി ശ്രീകുമാർ ഉണ്ണികൃഷ്‌ണനാണ് പ്രതിമ നിർമിച്ചത്. പ്രൊഫ. എം കെ സാനു, സംഘം പ്രസിഡന്റ് പി കെ ഹരികുമാർ എന്നിവർ ചേർന്ന് പ്രതിമ ഏറ്റുവാങ്ങി. കോട്ടയം നാട്ടകത്തെ അക്ഷരം മ്യൂസിയത്തിൽ നടന്ന ചടങ്ങിൽ മന്ത്രി വി എൻ വാസവൻ പ്രതിമ സ്വീകരിച്ചു. പൊതു പ്രവർത്തന ജീവിതത്തിലെ ഏററവും സന്തോഷകരമായ മൂഹൂർത്തങ്ങളിലൊന്നാണ്. കോട്ടയം നഗരത്തിൽ തന്നെ അദ്ദേഹത്തിന് സ്മാരകം ഉയരണം എന്നത് കേരളത്തിലെ സാഹിത്യകാരൻമാരുടെ ആഗ്രഹമാണ് സാധ്യമായിരിക്കുന്നതെന്ന് മന്ത്രി കൂട്ടിച്ചേർത്തു. കേരളം കണ്ട മികച്ച സഹകാരികൂടിയായിരുന്നു കാരൂർ.
സഹകരണ വകുപ്പാണ് സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിൻ്റെ ഉടമസ്ഥതയിലുള്ള ഇന്ത്യപ്രസ് പുരയിടത്തിൽ അക്ഷരം - ഭാഷ, സാഹിത്യം, സാംസ്കാരിക മ്യൂസിയം നിർമ്മിച്ചത്. നാട്ടകം ഇന്ത്യാപ്രസ് പുരയിടത്തിലാണ് ഇന്ത്യയിലെ ആദ്യത്തെ അക്ഷരമ്യൂസിയം പൂർത്തിയാകുന്നത്. 15000 ചതുരശ്ര അടിയിലാണ് മ്യൂസിയം നിർമിച്ചിരിക്കുന്നത്. നാല് ഘട്ടങ്ങളിലായി പൂർത്തിയാക്കുന്ന മ്യൂസിയത്തിന്റെ ഒന്നാംഘട്ട നിർമാണപ്രവർത്തനങ്ങളാണ് നിലവിൽ പൂർത്തിയായത്. ഒക്ടോബർ 19-ന് മുഖ്യ മന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നതോടെ കേരളത്തിലെ സഹകരണ പ്രസ്ഥാനം പുതിയ ചരിത്രം കൂടി രചിക്കും..
കാരൂരിന്റെ 49ാം ഓർമദിനമായ തിങ്കളാഴ്‌ചയാണ് നാട്ടകത്ത് നിത്യസ്‌മാരകം യാഥാർഥ്യമായത്. സാഹിത്യപ്രവർത്തക സഹകരണസംഘം പ്രസിദ്ധീകരിച്ച കാരൂരിന്റെ ഏറ്റവും അധികം വിറ്റഴിക്കപ്പെട്ട ‘ബാലചന്ദ്രൻ’ എന്ന കൃതിയുടെ റോയൽറ്റി തുകയും മറ്റ് ജീവനക്കാരുടെയും എഴുത്തുകാരുടെയും സംഭാവന ചേർത്ത് സ്വരൂപിച്ച തുക ഉപയോഗിച്ചാണ് നാട്ടകത്തെ നാലരയേക്കർ സ്ഥലം സംഘം വാങ്ങുന്നത്.
ചടങ്ങിൽ ബി ശശികുമാർ, കാരൂരിന്റെ ചെറുമകൻ എൻ രാമചന്ദ്രൻ, എസ്‌പിസിഎസ് സെക്രട്ടറി എസ് സന്തോഷ്‌കുമാർ, കൗൺസിലർ ദീപാമോൾ എന്നിവർ സംബന്ധിച്ചു.
Follow us on :
Tags:
More in Related News
Please select your location.