Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എസ്.എസ്.എൽ.സി പാസാകുന്ന മുഴുവൻ വിദ്യാർഥികൾക്കും ഹയർസെക്കൻഡറി പ്രവേശനം ഉറപ്പാക്കും : മന്ത്രി എൻ. ഷംസുദ്ധീൻ

05 Oct 2026 10:36 IST

Jithu Vijay

Share News :

തിരൂർ : സംസ്ഥാനത്ത് എസ്.എസ്.എൽ.സി പാസാകുന്ന മുഴുവൻ വിദ്യാർഥികൾക്കും അവർ പഠിക്കുന്ന വിദ്യാഭ്യാസ ജില്ലയിൽ തന്നെ തുടർപഠനം ഉറപ്പാക്കുന്ന തരത്തിൽ ഹയർസെക്കൻഡറി സൗകര്യങ്ങൾ വർധിപ്പിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി അഡ്വ. എൻ. ഷംസുദ്ധീൻ പറഞ്ഞു. പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാഭ്യാസം സാർവത്രികമാക്കുക എന്ന നയവുമായാണ് സർക്കാർ മുന്നോട്ടുപോകുന്നത്. തിരൂർ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ സമഗ്രശിക്ഷാ കേരള (എസ്.എസ്.കെ) 'സ്റ്റാർസ്' (STARS) പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച പുതിയ ക്ലാസ് മുറികളുടെ കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.


സംസ്ഥാനത്ത് നിലനിന്നിരുന്ന പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കാനായി 120 പുതിയ അഡീഷണൽ ബാച്ചുകൾ അനുവദിച്ചതായും ഇതിൽ ഏറ്റവും കൂടുതൽ സീറ്റ് ക്ഷാമം നേരിട്ട മലപ്പുറം ജില്ലയ്ക്ക് മാത്രം 60 ബാച്ചുകൾ നൽകിയതായും മന്ത്രി വ്യക്തമാക്കി. ഇതിൽ അഞ്ചെണ്ണം തിരൂർ നിയോജകമണ്ഡലത്തിലും ഒരെണ്ണം തിരൂർ ബോയ്സ് സ്കൂളിലുമാണ് അനുവദിച്ചത്. തിരൂർ ബോയ്സ് സ്കൂളിലെ ചരിത്രപ്രസിദ്ധമായ ലൈബ്രറിയുടെ വികസനം ഉൾപ്പെടെയുള്ള സ്കൂളിന്റെ സമഗ്രവികസനത്തിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പുനൽകി.


ആധുനിക കാലഘട്ടത്തിനനുസൃതമായി കുട്ടികളിൽ സാങ്കേതിക-നൈപുണ്യ ശേഷികൾ വളർത്താൻ എല്ലാ സ്കൂളുകളിലും സ്കിൽ ഡെവലപ്‌മെന്റ് സെന്ററുകൾ സ്ഥാപിക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചു. വിദ്യാഭ്യാസ രംഗത്ത് നിർമ്മിത ബുദ്ധി, റോബോട്ടിക്സ് തുടങ്ങിയ അത്യാധുനിക സാങ്കേതികവിദ്യകൾ ഫലപ്രദമായി ഉപയോഗപ്പെടുത്തും. ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് വിദ്യാഭ്യാസ മേഖലയിൽ ഉണ്ടായ പ്രധാന മാറ്റം ചൂണ്ടിക്കാട്ടിയ മന്ത്രി, സംസ്ഥാനത്തെ എട്ട് ഏകാധ്യാപക വിദ്യാലയങ്ങളെ (എം.ജി.എൽ.സി) പൂർണതോതിലുള്ള എൽ.പി സ്കൂളുകളായി ഉയർത്തിയതായും അറിയിച്ചു. സമഗ്ര ശിക്ഷാ കേരളയുടെ ഫണ്ട് അർഹമായ തോതിൽ ലഭിക്കാൻ കേന്ദ്ര സർക്കാരുമായി നിരന്തരം ഇടപെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.


ചടങ്ങിൽ കുറുക്കോളി മൊയ്തീൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. പുതിയ ക്ലാസ് മുറികളിലേക്ക് നഗരസഭ അനുവദിച്ച ഫർണിച്ചറുകളുടെ വിതരണോദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ കീഴേടത്തിൽ ഇബ്രാഹിം ഹാജി നിർവഹിച്ചു. പ്രിൻസിപ്പൽ എം. സി.റഹ്ന റിപ്പോർട്ട് അവതരിപ്പിച്ചു. ദേശീയതലത്തിൽ 'സ്വച്ഛ് ഹരിത വിദ്യാലയ' പുരസ്കാരം നേടിയ വെട്ടം എ.എച്ച്.എം.എൽ.പി.സ്കൂളിനുള്ള ആദരവും ലഫ്റ്റനന്റ് പദവി നേടിയ എൻ.സി.സി ഓഫീസർക്കുള്ള ഉപഹാരവും രക്തദാനത്തിൽ മികവ് കാട്ടിയ എൻ.എസ്.എസ് യൂണിറ്റിനും ഉന്നതവിജയം നേടിയ വിദ്യാർഥികൾക്കുമുള്ള പുരസ്കാരങ്ങളും മന്ത്രി വിതരണം ചെയ്തു.


നഗരസഭാ വൈസ് ചെയർപേഴ്സൺ സിന്ധു മംഗലശ്ശേരി, വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ യാസർ പൊട്ടച്ചോല, പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷ വഹീദ ബഷീർ, വാർഡ് കൗൺസിലർമാരായ റിഷാദ് വെളിയമ്പാട്ട്, ശാന്ത ടീച്ചർ, ഡി.ഡി.ഇ (ഇൻചാർജ്ജ്) സലാവുദ്ദീൻ പൂല്ലത്ത്, ഡി.പി.ഒ എം. മുഹമ്മദ് സലീം, കൺസൾട്ടന്റ് കെ. മുഹമ്മദ് ഇസ്മായിൽ, എൻ.പി മുഹമ്മദലി, ബി.പി.സി മുഹമ്മദ് സലീം സി.കെ, പി.ടി.എ പ്രസിഡന്റ് ഷിഹാബ് റഹ്മാൻ അടിപ്പാട്ട്, എസ്.എം.സി ചെയർപേഴ്സൺ എ.കെ ബാബു, എം.പി.ടി.എ പ്രസിഡന്റ് അനില കെ, സുനിൽ തിയ്യാടത്ത്, അൻവർ സുലൈമാൻ, ഒ.എസ്.എ സെക്രട്ടറി അസീസ്വുൽ ഹഖ് എ, എച്ച്.എസ്.എസ് സ്റ്റാഫ് സെക്രട്ടറി ബേബി കൃഷ്ണകുമാർ, സ്കൂൾ യൂണിയൻ ചെയർപേഴ്സൺ ശാമില ഇ എന്നിവർ സംസാരിച്ചു. എസ്.എസ്.കെ ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റർ (ഡി.പി.സി) ഡോ. ഷാഹുൽ ഹമീദ് എം.പി സ്വാഗതവും പ്രധാനാധ്യാപകൻ ദിനേഷ് ടി.വി നന്ദിയും പറഞ്ഞു.

Follow us on :

More in Related News